വയനാടിനായി മുരിയാട് ഹരിതകര്‍മ്മസേനയുടെ കൈത്താങ്ങ്
ഇരിങ്ങാലക്കുട: വയനാടിന്റെ വേദനയില്‍ പങ്കുചേര്‍ന്ന് മുരിയാട് പഞ്ചായത്തിലെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. പഞ്ചായത്തങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഹരിതകര്‍മസേന കണ്‍സോര്‍ഷ്യം പ്രസിഡന്റ് രാധാ ദാസന്, സെക്രട്ടറി സി.എസ്. ശ്രീജ എന്നിവരുടെ നേതൃത്വത്തില്‍ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ സംസ്ഥാന ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദുവിന് അംഗങ്ങളില്‍ നിന്നും സമാഹരിച്ച വേതന തുക കൈമാറി.
പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, വൈസ് പ്രസിഡന്റ് രതി ഗോപി, ക്ഷേമകാര്യ സമിതി ചെയര്‍പേഴ്സണ്‍ സരിതാ സുരേഷ്, ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയര്മാന് കെ.യു. വിജയന്, പഞ്ചായത്തംഗം തോമസ് തൊകലത്ത്, അസി. സെക്രട്ടറി പി.ബി. ജോഷി, പഞ്ചായത്തംഗങ്ങളായ കെ. വൃന്ദകുമാരി, ജിനി സതീശര്‍, ശ്രീജിത്ത് പട്ടത്ത് സേവ്യര്‍ ആളൂക്കാരന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഡില്‍ജി ശശികല തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.