ദേശീയ ചാമ്പ്യന്‍ഷിപ്പിനൊരുങ്ങി ക്രൈസ്റ്റ് ടേബിള്‍ ടെന്നീസ് അക്കാദമി
ഇരിങ്ങാലക്കുട: അത്ലറ്റിക്സും ബാസ്ക്കറ്റ്ബോളും ഫുട്ബോളും ഉള്‍പ്പടെ മുപ്പതോളം കായിക ഇനങ്ങളുടെ ഈറ്റില്ലമായ ക്രൈസ്റ്റ് കോളജിന്റെ പുതിയ പ്രതീക്ഷയാണ് ക്രൈസ്റ്റ് ടേബിള്‍ ടെന്നീസ് അക്കാദമി. ഒന്നരവര്‍ഷം മുന്‍പ് ആരംഭിച്ച ക്രൈസ്റ്റ് ഗോസിമ റേസേഴ്സ് ടേബിള്‍ ടെന്നീസ് അക്കാദമി ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച പരിശീലന കേന്ദ്രങ്ങളില്‍ ഒന്നാണ്. ഈ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ 30 ഓളം താരങ്ങളെയാണ് ഈ അക്കാദമിയില്‍നിന്ന് വിവിധ ദേശീയ മത്സരങ്ങള്‍ക്കായി തെരഞ്ഞെടുക്കപ്പെട്ടത്.
സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലെ നിറസാന്നിധ്യമാണ് ക്രൈസ്റ്റ് ടേബിള്‍ ടെന്നീസ് അക്കാദമിയിലെ താരങ്ങള്‍. ഈ അടുത്തു നടന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ സബ്ജൂനിയര്, ജൂനിയര്‍, യൂത്ത് പെണ്‍കുട്ടികളുടെ ടീം വിഭാഗത്തില്‍ ഒന്നാം സ്ഥാനവും സീനിയര്‍, കേഡറ്റ് വിഭാഗത്തില്‍ രണ്ടാം സ്ഥാനവും അക്കാദമിയിലെ താരങ്ങള്‍ സ്വന്തമാക്കി. ഈ വര്‍ഷത്തെ സംസ്ഥാന ചാമ്പ്യന്മാരായ ടിയ എസ്. മുണ്ടന്‍കുര്യന്‍, ഹെലന് നിജോ എന്നിവര്‍ അക്കാദമിയിലെ താരങ്ങളാണ്.
തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന സ്കൂള്‍ ഗെയിംസില്‍ പെണ്‍കുട്ടികളുടെ എല്ലാ വിഭാഗത്തിലും ചാമ്പ്യന്മാരായ തൃശൂര്‍ ടീമിനെ മുന്നില്‍നിന്നു നയിച്ചത് അക്കാദമിയിലെ താരങ്ങളാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി നടക്കുന്ന ദേശീയ മത്സരങ്ങളുടെ ഒരുക്കത്തിലാണ് അക്കാദമിയിലെ താരങ്ങള്‍ ഇപ്പോള്‍. ക്രൈസ്റ്റ് കോളജില്‍ പ്രവര്‍ത്തിക്കുന്ന അക്കാദമിയില്‍ രാവിലെ ആറ് മണി മുതല്‍ എട്ട് മണി വരെയും വൈകീട്ട് നാല് മണി മുതല്‍ ഒമ്പത് മണി വരെയും നടത്തുന്ന പരിശീലന ക്യാമ്പില്‍ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി 60 ഓളം കുട്ടികള്‍ ആണ് ദിവസവും പരിശീലനം നടത്തുന്നത്.
ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ്, ക്രൈസ്റ്റ് വിദ്യാനികേതന്‍ പ്രിന്‍സിപ്പല്‍ ഫാ. ജോയ് ആലപ്പാട്ട്, കായിക വിഭാഗം മേധാവി ഡോ. ബിന്റു ടി. കല്യാണ്‍, ഡോ. കെ.എം. സെബാസ്റ്റ്യന്‍ എന്നിവരാണ് അക്കാദമിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. മിഥുന് ജോണി, ആദര്‍ശ് ടോം എന്നിവരാണ് അക്കാദമിയിലെ പരിശീലകര്‍.