കോന്തിപുലം പാടത്ത് ഇത്തവണയും താത്കാലിക തടയണ; സ്ഥിരം തടയണ നിര്‍മാണത്തിന് ഭരണാനുമതി
ഇരിങ്ങാലക്കുട: കോന്തിപുലം പാലത്തിന് താഴെ കെഎല്‍ഡിസി കനാലിന് കുറുകെ സ്ഥിരം തടയണയ്ക്ക് ഭരണാനുമതി. കര്‍ഷകരുടെ ആഗ്രഹമാണ് ഇതിലൂടെ യാഥാര്‍ഥ്യമാകാന്‍ പോകുന്നതെന്ന് മന്ത്രി ആര്. ബിന്ദു പറഞ്ഞു. പദ്ധതിക്കായി 12 കോടി രൂപയുടെ ഭരണാനുമതിയായി. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ മുരിയാട് കായലിലെ വെള്ളത്തിന്റെ ഒഴുക്ക് കൃഷിക്ക് അനുയോജ്യമായ രീതില്‍ ക്രമീകരിക്കാനാകും. മുരിയാട് പൊറത്തിശേരി, പറപ്പൂക്കര മേഖലകളിലെ കര്‍ഷകര്‍ക്ക് പദ്ധതി ഗുണം ചെയ്യും.
കോന്തിപുലം പാടത്ത് സ്ഥിരംതടയണ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 12.2118 കോടി രൂപ 2023 24 വര്‍ഷത്തെ ബജറ്റില്‍ വകയിരുത്തിയിരുന്നു. തുടര്‍ന്ന് വിശദമായ പദ്ധതി രേഖ സമര്‍പ്പിച്ച് നടപടിക്രമങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തീകരിച്ചാണ് പദ്ധതിക്ക് ഏറ്റവും വേഗത്തില്‍ ഭരണാനുമതി ലഭ്യമാക്കിയതെന്ന് മന്ത്രി പറഞ്ഞു. സാങ്കേതികാനുമതിക്കാവശ്യമായ നടപടികളും ടെണ്ടര്‍ നടപടികളും പൂര്‍ത്തിയാക്കി നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.
കാര്‍ഷിക മേഖലയ്ക്ക് ഗുണം ചെയ്യും
ഇരിങ്ങാലക്കുട: സ്ഥിരം തടയണ വന്നാല്‍ നഗരസഭ, മുരിയാട്, പറപ്പൂക്കര, വേളൂക്കര, ആളൂര്‍ എന്നിവിടങ്ങളിലായുള്ള 4500 ഏക്കര്‍ കോള്‍പ്പാടങ്ങളിലെ കൃഷിക്ക് ജലസേചനത്തിനായി വെള്ളം നിയന്ത്രിക്കാനാകുമെന്ന് കര്‍ഷകര്‍ പറഞ്ഞു. നിലവില്‍ കൃഷിയാവശ്യങ്ങള്‍ക്ക് ജലം സംഭരിക്കുന്നതിനായി വര്‍ഷം തോറും ലക്ഷങ്ങള്‍ ചെലവഴിച്ച് കോന്തിപുലം പാലത്തിന് സമീപം ബണ്ട് കെട്ടുകയാണ് ചെയ്യുന്നത്. ഇത് കര്‍ഷകര്‍ക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.
നല്ല മഴ പെയ്താല്‍ കിഴക്കന്‍ മേഖലയില്‍നിന്നുള്ള വെള്ളം കോന്തിപുലത്ത് എത്തും. തൊമ്മാന, താഴേക്കാട്, ഇരിങ്ങാലക്കുട, കക്കാട്, ഭാഗത്തുനിന്നുള്ള വെള്ളവും ഇവിടെ തന്നെയാണ് സംഭരിക്കപ്പെടുന്നത്. വലിയൊരു ഭാഗത്തുനിന്ന് വെള്ളം കെഎല്‍ഡിസി കനാലിലേക്ക് വന്ന് തങ്ങുന്നതോടെ പാടശേഖരങ്ങള്‍ മുങ്ങും. പലപ്പോഴും ജല സംഭരണത്തിനായി കെട്ടുന്ന തടയണ തള്ളിപ്പോകാറുണ്ട്. താത്കാലികമായി നിര്‍മിക്കുന്ന ബണ്ടില്‍ രണ്ടു സ്ഥലത്ത് ഓവര്‍ഫ്ളോ വേണമെന്ന് കര്‍ഷകര്‍ നിരന്തരം ആവശ്യപ്പെടുന്നതാണെങ്കിലും കരാറുകാര്‍ സമ്മതിക്കാറില്ല. രണ്ടിടത്ത് ഓവര്ഫ്ളോയ്ക്ക് സ്ഥലം ഇട്ടാല്‍ കെട്ടിന് ബലം കിട്ടില്ലെന്നാണ് അവരുടെ വാദം.