ആനീസ് കൊലപാതകം; നേരറിയാന്‍ സിബിഐ വരില്ല, അന്വേഷണം ക്രൈംബ്രാഞ്ചിനു തന്നെ
കേസന്വേഷണത്തിനായി പുതിയ സ്ക്വാഡ് രൂപീകരിച്ചു
ആനീസിന്റെ വീട്ടിലെത്തി സ്ക്വാഡ് അംഗങ്ങള്‍ പരിശോധന നടത്തി
ഇരിങ്ങാലക്കുട: നാടിനെ നടുക്കിയ ആനീസ് കൊലപാതകം സിബിഐ ക്ക് വിടണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. കേസന്വേഷണത്തിനായി പുതിയ സ്ക്വാഡ് രൂപീകരിച്ചു. സ്ക്വാഡ് അംഗങ്ങള്‍ കൊല്ലപ്പെട്ട ആനീസിന്റെ വീട്ടിലെത്തി പരിശോധന നടത്തി. 2019 നവംബര്‍ 14 നാണു ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറ കൂനന്‍ വീട്ടില്‍ പരേതനായ പോള്‍സന്റെ ഭാര്യ ആനീസ് കൊല്ലപ്പെട്ടത്. 2020 ഡിസംബറിലാണ് ക്രൈംബ്രാഞ്ച് സംഘം കേസന്വേഷണം ഏറ്റെടുത്തത്. കൊല്ലപ്പെട്ട ആനീസിന്റെ മകന് അന്തോണീസ് 2024 ഒക്ടോബറിലാണ് കേസന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പട്ട് ഹര്‍ജി നല്‍കിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലുള്ള പത്തംഗ സ്ക്വാഡാണ് അന്വേഷണം നടത്തിയിരുന്നത്.
ഹര്‍ജി പരിഗണിച്ച കോടതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പുതിയ സ്ക്വാഡ് രൂപീകരിച്ചതായും അന്വേഷണം ഊര്‍ജിതമാണെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ഇക്കാര്യം കോടതിയില്‍ ചൂണ്ടിക്കാട്ടിയതോടെ കേസന്വേഷണം സിബിഐക്ക് വിടണമെന്ന ഹര്‍ജി തള്ളുകയായിരുന്നു. ഭര്‍ത്താവിന്റെ മരണശേഷം ഒറ്റയ്ക്കു താമസിച്ചിരുന്ന ആനീസിനു രാത്രി കൂട്ടുകിടക്കാന്‍ വരാറുള്ള അടുത്ത വീട്ടിലെ പരിയാടത്ത് രമണി വൈകീട്ട് വീട്ടില്‍ എത്തിയപ്പോഴാണു വീടിന്റെ മുന്നിലെ വാതില്‍ പുറത്തുനിന്ന് അടച്ച നിലയില്‍ കണ്ടത്.
തുടര്‍ന്ന് അകത്തു കയറിനോക്കിയപ്പോഴാണു രക്തത്തില്‍ കുളിച്ചു മരിച്ച നിലയില്‍ ആനീസിനെ കണ്ടത്. ഒരു മോഷ്ടാവ് ഒരിക്കലും മോഷണമോ കൊലയോ നടത്താന്‍ തെരഞ്ഞെടുക്കാത്ത സമയമാണു ആനീസ് കൊലക്കേസിലുണ്ടായിരിക്കുന്നത്. ഒരു തെളിവുപോലും ഇതുവരെയും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങളോ ദൃക്സാക്ഷികളോ ഇതുവരെ ഉണ്ടായിട്ടില്ല. സാധാരണ കൊലപാതകം നടന്ന സ്ഥലത്തുനിന്നും ലഭിക്കുന്ന സൂചനകളോ തുമ്പുകളോ തെളിവുകളോ വിരലടയാളമോ ഒന്നും ഈ കേസുകളില്‍ സഹായകമായിട്ടില്ല. ഇതു ബോധപൂര്‍വം ചെയ്തതാണോ അതോ അവിചാരിതമായി സംഭവിച്ചതാണോ എന്ന കാര്യത്തില്‍ ആശയകുഴപ്പമുണ്ട്.
സ്ക്വാഡ് അംഗങ്ങള്‍ കൊല്ലപ്പെട്ട ആനീസിന്റെ വീട്ടിലെത്തി
കേസന്വേഷണത്തിന് രൂപീകരിച്ച പുതിയ സ്ക്വാഡ് അംഗങ്ങള്‍ കൊല്ലപ്പെട്ട ആനീസിന്റെ വീട്ടിലെത്തി പരിശോധന നടത്തി. ഇന്നലെ വൈകീട്ട എത്തിയ സംഘം വീടും പറമ്പും പരിശോധിച്ചു. അയല്‍വാസികളുമായി സംഭവത്തെ കുറിച്ച് ചോദിച്ചറിഞ്ഞു. കൊലപാതക സംഘം വീട്ടിലേക്കു വരുവാന്‍ സാധ്യതയുള്ള വഴികളും കൃത്യം നടത്തിയതിനു ശേഷം രക്ഷപ്പെടുവാന്‍ സാധ്യതയുള്ള വഴികളും പോലീസ് നിരീക്ഷിച്ചു. കൊലപാതക വിവരം ആദ്യം അറിഞ്ഞ് വീട്ടിലെത്തിയവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. കൊലചെയ്യുവാന്‍ കൊണ്ടുവന്നതായി കരുതപ്പെടുന്ന മൂര്‍ച്ചയേറിയ ആധുധം പൊതിഞ്ഞതായി കരുതുന്ന ന്യൂസ് പേപ്പര്‍ സംഭവദിവസം ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടവരെയും കര്ട്ടന് വില്പനക്കാരെയും കുറിച്ച് ചോദിച്ചറിഞ്ഞിട്ടുണ്ട്. ആനീസിന്റെ വളകള്‍ മുറിക്കുവാന്‍ ഉപയോഗിച്ചതായി കരുതുന്ന കട്ടര്‍ കണ്ടെത്തിയ വീട്ടുപറമ്പും സമീപത്തെ പറമ്പിലെ കിണറുകളും സംഘം പരിശോധിച്ചു.
ബന്ധുക്കളെയും സമീപവാസികളെയും ചോദ്യം ചെയ്യുന്നു
എറണാകുളം ക്രൈംബ്രാഞ്ച് ഡിവൈഎസിപി ടോമി സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് പുതിയ സ്ക്വാഡ് രൂപീകരിച്ചിരിക്കുന്നത്. തൃശൂര്‍ ക്രൈംബ്രാഞ്ചിലെ സിഐ മാരായ പി.പി. ജോയ്, ബെന്നി ജേക്കബ്, എറണാകുളം ക്രൈംബ്രാഞ്ച് സിഐ പി.എസ്. ശ്രീജേഷ് എന്നിവരും സംഘത്തിലുണ്ട്. പുതിയ അന്വേഷണ സംഘം ചുമതലയേറ്റതോടെ അയല്‍വാസികളെയും ബന്ധുകകളെയും ചോദ്യം ചെയ്യല്‍ നടപടികള്‍ ആരംഭിച്ചു. ഇന്നലെ ഇരിങ്ങാലക്കുട റസ്റ്റ് ഹൗസില്‍ വച്ച് ആനീസിന്റെ അടുത്ത ബന്ധുക്കളയും അയല്‍വാസികളെയും ചോദ്യം ചെയ്തിരുന്നു. ആനീസിന്റെ കുടുംബവുമായി ബന്ധപ്പെട്ട എല്ലാവരെയും ചോദ്യം ചെയ്യലിനു വിളിപ്പിക്കുന്നുണ്ട്. ശാസ്ത്രീയ പരിശോധനകളും നടത്തുന്നുണ്ട്. ബന്ധുക്കളുടെയും നാട്ടുകാരുടെയും സൗകര്യാര്‍ഥം എല്ലാ ആഴ്ചകളിലും രണ്ടു ദിവസം ഇരിങ്ങാലക്കുട റെസ്റ്റ് ഹൗസിലാണ് ചോദ്യം ചെയ്യല്‍ നടത്തുന്നത്. അന്വേഷണ സംഘവുമായി സഹകരിക്കാത്തവരെയും സംശയത്തിന്റെ നിഴലിലുള്ളവരെയും വിശദമായി ചോദ്യം ചെയ്യുന്നതിനായി ക്രൈംബ്രാഞ്ച് ഓഫീസിലേക്കും വിളിപ്പിക്കുന്നുണ്ട്. മാര്‍ക്കറ്റില്‍ ഭര്‍ത്താവിന്റെ ഇറച്ചി വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്ത അന്യസംസ്ഥാന തൊഴിലാളികളെയും ചോദ്യം ചെയ്യും. ആനീസിന്റെ ഫോണിലേക്കു വന്ന ഫോണ്‍ കോളുകളും ബന്ധുക്കളുടെയും സമീപവാസികളുടെയും ഫോണ്‍ കോളുകളും പരിശോധനക്കു വിധേയമാക്കും.
നിര്‍ണായകം തലമുടി തന്നെ….നാലുപേരുടെ ഡിഎന്‍എ യുമായി താരതമ്യപ്പെടുത്തി പരിശോധന
വിരലടയാള വിദഗ്ധരടക്കമുള്ളവര്‍ ശേഖരിച്ച സാമ്പിളുകളില്‍ നിന്നും പ്രതിയിലേക്ക് നയിക്കുന്ന സൂചനകളൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ സംഭവസ്ഥലത്തു നിന്നും ലഭിച്ച തലമുടി കേന്ദ്രീകരിച്ചുള്ള അന്വേഷണവും ഇപ്പോള്‍ നടക്കുന്നുണ്ട്. ഈ തലമുടി മൈറ്റോകാന്ഡ്രിയല് പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. നിരീക്ഷണത്തിലുള്ള നാലുപേരുടെ ഡിഎന്‍എ യുമായി താരതമ്യപ്പെടുത്തി അന്വേഷണം നടത്തുന്നുണ്ട്. തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്നോളജി ലാബിലാണ് ഇതിന്റെ പരിശോധന നടക്കുന്നത്. ഈ പരിശോധന ഫലം പുറത്തുവരുവാന്‍ ഇനിയും സമയമെടുക്കും. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ആഴത്തില്‍ മുറിവുപറ്റിയതിനാലാണ് മരണം സംഭവിച്ചത് എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.