കരുവന്നൂര്‍ സഹകരണ ബാങ്ക്; നിക്ഷേപകന് ചികില്‍സക്ക് പണം ലഭിക്കാതെ മരിച്ചതായി ബന്ധുക്കള്‍

കരുവന്നൂര്‍ സഹകരണ ബാങ്കിന് മുമ്പില്‍ ശവപ്പെട്ടിയുമായി ബിജെപി നടത്തിയ പ്രതിഷേധ സമരം തൃശൂര്‍ സൗത്ത് ജനറല്‍ സെക്രട്ടറി കെ.പി. ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട: ചികില്‍സയിലിരിക്കെ മരണപ്പെട്ട ഗൃഹനാഥനു ചികില്‍സക്കു ബാങ്കിലെ നിക്ഷേപതുക ലഭിച്ചില്ലെന്നു ബന്ധുക്കള്‍ ആരോപിച്ചു. കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകനായ പൊറത്തിശേരി കോട്ടക്കകത്തുകാരന്‍ പൗലോസ് (68) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. സൈക്കിളിനു കുറുകെ തെരുവുനായ ചാടിയതിനെത്തുടര്‍ന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നു പൗലോസ്. 2024 ഓഗസ്റ്റ് 23ന് ആയിരുന്നു അപകടം.
ജോലി ചെയ്യുന്ന ബസ് സ്റ്റാന്‍ഡിലെ ലോട്ടറിക്കടയിലേക്ക് രാവിലെ ഏഴുമണിയോടെ വീട്ടില്‍നിന്ന് സൈക്കിളില്‍ പോകുമ്പോഴാണ് അപകടം. റോഡില്‍ തലയടിച്ചുവീണതിനെത്തുടര്ന്ന് അബോധാവസ്ഥയിലായിരുന്നു. ഓര്മ നഷ്ടപ്പെട്ട പൗലോസ് ഒരു മാസം ആശുപത്രിയില്‍ കഴിഞ്ഞു. ഈ കാലയളവില്‍ മാത്രം ആശുപത്രി ചെലവ് 10 ലക്ഷം രൂപയായി. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നടത്തിയെങ്കിലും സാമ്പത്തിക പ്രശ്നംമൂലം പിന്നീട് വീട്ടിലായിരുന്നു ചികിത്സ. പരസഹായമില്ലാതെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.
വീട്ടിലെത്തിയ ശേഷം ഇതുവരെ ഒരു ലക്ഷം രൂപ ചികിത്സയ്ക്ക് ചെലവായി. നിക്ഷേപിച്ച മുഴുവന്‍ തുകയും അപകടം പറ്റിയ സമയത്ത് മടക്കി നല്‍കണമെന്ന് ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും 50,000 രൂപ മാത്രമാണ് നല്‍കിയതെന്നും മുഴുവന്‍ തുകയും അന്ന് ലഭിച്ചിരുന്നെങ്കില്‍ കൃത്യമായ ചികിത്സ നല്കാന് കഴിയുമായിരുന്നെന്നും പൗലോസിന്റെ ഭാര്യ വെറോനിക്ക പറഞ്ഞു. ഓരോ മാസവും പണം ലഭിക്കാന്‍ ചികിത്സയുടെ ബില്ലുകള്‍ ചേര്‍ത്ത് അപേക്ഷ നല്‍കിയിരുന്നുവെങ്കിലും 20,000 രൂപ വീതമാണ് ലഭിച്ചിരുന്നത്. കഴിഞ്ഞ മൂന്ന് മാസമായി അത് 10,000 രൂപയായി കുറഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞു.

ശവപ്പെട്ടിയുമായി ബിജെപി പ്രതിഷേധ സമരം നടത്തി
കരുവന്നൂര്‍ സഹകരണ ബാങ്കിന് മുമ്പില്‍ ശവപ്പെട്ടിയുമായി പ്രതിഷേധ സമരം നടന്നു. പൊറത്തിശേരി സ്വദേശി പൗലോസിന് ചികില്‍സക്കായി നിക്ഷേപ തുക ലഭിക്കാത്തിനെ തുടര്‍ന്ന് മരണപ്പെട്ടതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. പ്രതിഷേധ ധര്‍ണ്ണ ബിജെപി തൃശൂര്‍ സൗത്ത് ജനറല്‍ സെക്രട്ടറി കെ പി ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ചെമ്മണ്ട ആമുഖഭാഷണം നടത്തി. ബിജെപി മണ്ഡലം പ്രസിഡന്റ് ആര്‍ച്ച അനീഷ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, ി.സി രമേഷ്, ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് ചെറാക്കുളം, ജില്ലാ സെക്രട്ടറിമാരായ ശ്യാംജി മാടത്തിങ്കല്‍, രിമ പ്രകാശ്, അജീഷ് പൈക്കാട്ട്, മണ്ഡലം സെക്രട്ടറി ടി.കെ ഷാജു, ട്രഷറര്‍ ജോജന്‍ കൊല്ലാട്ടില്‍, വൈസ് പ്രസിഡന്റ് രമേഷ് അയ്യര്‍, പൊറത്തിശേരി ഏരിയ പ്രസിഡന്റ് സൂരജ് കടുങ്ങാടന്‍, ഇരിഞ്ഞാലക്കുട ടൗണ്‍ ഏരിയ പ്രസിഡന്റ് ലിഷോണ്‍ കാട്ടഌസ്, കൗണ്‍സിലര്‍ മായ അജയന്, സിന്ധു സതീഷ്, ലാമ്പി റാഫേല്‍ എന്നിവര്‍ പങ്കെടുത്തു.