കേരളത്തില്‍ ഉടനീളം കാണപ്പെടുന്ന സാധാരണ കുഴിയാന വലച്ചിറകനെ തിരിച്ചറിഞ്ഞു

ക്രൈസ്റ്റ് കോളജിലെ ഷഡ്പദ എന്റമോളജി റിസര്‍ച്ച് ലാബ് നടത്തിയ ഗവേഷണത്തില്‍ തിരിച്ചറിഞ്ഞ സാധാരണ കുഴിയാന വലച്ചിറകന്‍.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ ഷഡ്പദ എന്റമോളജി റിസര്‍ച്ച് ലാബ് നടത്തിയ ഗവേഷണത്തില്‍, കേരളത്തില്‍ ഏറെക്കാലമായി കണ്ടുവരുന്നുവെങ്കിലും ഇതുവരെ ശാസ്ത്രീയമായി തിരിച്ചറിയപ്പെടാത്ത സാധാരണ കുഴിയാന വലച്ചിറകനെ ആദ്യമായി തിരിച്ചറിഞ്ഞു. കേരളം മുഴുവന്‍ കണ്ടുവരുന്ന ഇവ ഇപ്പോള്‍ ശാസ്ത്രീയമായി മിര്മെലിയോണ് ടെന്യൂഐപ്പെന്നിസ് എന്ന ജീവജാതി ആണെന്ന് തിരിച്ചറിഞ്ഞു. ഇതാണ് കേരളത്തിലെ ഏറ്റവും സാധാരണമായി കാണപ്പെടുന്ന കുഴിയൊരുക്കുന്ന കുഴിയാന വലച്ചിറകന്‍.
ചെറു കീടങ്ങളെ ഇരയാക്കാന്‍ ഇവയുടെ ലാര്‍വകള്‍ അയഞ്ഞ മണ്ണില്‍ കുഴിയൊരുക്കി കാത്തിരിക്കുകയാണ് ചെയ്യുന്നത്. ഇത് പുതിയ ജീവജാതി അല്ല. എന്നാല്‍ ഇതിന്റെ ശരിയായ ശാസ്ത്രനാമം ഇതുവരെ വ്യക്തമായിരുന്നില്ല, എന്ന് വിശദീകരിക്കുന്നു ഗവേഷകന് ടി.ബി. സൂര്യനാരായണന് ഇന്ത്യയില്‍ നിന്ന് അസ്സാം, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, തമിഴ്നാട്, പശ്ചിമബംഗാള്‍, മിസോറം, ഹിമാചല്‍ പ്രദേശ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലും റിപ്പോര്‍ട്ട് ഈ ഇനത്തിന്റെ ചെയ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യക്ക് പുറമെ, മിര്മെലിയോണ് ടെന്യൂഐപ്പെന്നിസ് എന്ന ഈ ഇനത്തെ ആദ്യമായി കംബോഡിയ, ലാവോസ്, തായ്ലാന്ഡ് എന്നിവിടങ്ങളിലും ഈ പഠനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. സാധാരണ കണ്ടു വരുന്ന തുമ്പികളുമായി കുഴിയാന വലചിറകനെ തെറ്റിദ്ധരിക്കപെടാറുണ്ട്. മുന്നോട്ടു നീണ്ടു നില്ക്കുന്ന സ്പര്‍ശനി ഉള്ളതാണ് സാധാരണ കാണപ്പെടുന്ന തുമ്പികളില്‍ നിന്നും ഇവ വ്യത്യസ്തപ്പെടാന്‍ ഉള്ള പ്രധാന കാരണം.
ഇതിനോടൊപ്പം ഗവേഷക സംഘം മ്യാന്മാറില് നിന്നും നേപ്പാളില്‍ നിന്നും ആദ്യമായി രണ്ട് അപൂര്‍വയിനം കുഴിയാന വലച്ചിറകന്മാരുടെ ശാസ്ത്രീയ രേഖപ്പെടുത്തലും നടത്തി. മിര്മെലിയോണ് ട്രിവിയാലിസ് എന്ന ഇനത്തെ ആദ്യമായി മ്യാന്മാറില് നിന്നും മിര്മെലിയോണ് ക്ലോതില്ഡ് എന്ന ഇനത്തെ ആദ്യമായി നേപ്പാളില്‍ നിന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. ക്രൈസ്റ്റ് കോളജിലെ ഷഡ്പദ എന്റമോളജി റിസര്‍ച്ച് ലാബ് ഗവേഷകന് ടി.ബി. സൂര്യനാരായണന്, എസ്ഇആര്‍എല്‍ മേധാവി ഡോ.സി. ബിജോയ്, ഹംഗേറിയന്‍ ശാസ്ത്രജ്ഞന് ലെവിന്‍ഡി എബ്രഹാം എന്നിവരാണ് ഈ കണ്ടെത്തലിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.
ഈ ജീവികളുടെ ഭൂവിന്യാസവും പൂര്‍ണ വിവരണങ്ങളും അന്താരാഷ്ട്ര ശാസ്ത്രമാസികയായ ജേര്‍ണല്‍ ഓഫ് ഏഷ്യപസഫിക് ബയോഡൈവേഴ്സിറ്റിയുടെ ഏറ്റവും പുതിയ ലക്കത്തില്‍ പ്രസിദ്ധീരിച്ചു. കൗണ്‍സില്‍ ഫോര്‍ സയന്റിഫിക്ക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഗവേഷണ ഗ്രാന്റ് ഉപയോഗിച്ചാണ് ഈ പഠനം നടത്തിയത്