പൂക്കളം മുറ്റത്ത് മാത്രമല്ല, ആകാശത്തും വിരിയാം
ഫോട്ടോ ക്യാപ്ഷന്‍() ആകാശത്തും പൂക്കളം....കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലയത്തിലെ സിഎല്‍സി ഓണാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ ഭീമന് ആകാശ പൂക്കളം

കരുവന്നൂര്‍ സിഎല്‍സി ഓണാഘോഷത്തിന് വിസ്മയക്കാഴ്ച ഒരുക്കി
ഇരിങ്ങാലക്കുട: കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലയത്തിലെ യുവജനപ്രസ്ഥാനമായ സിഎല്‍സി ഓണാഘോഷങ്ങള്‍ക്ക് വേറിട്ട നിറവും ഭാവവും പകര്‍ന്നുകൊണ്ട് ഭീമന് ആകാശ പൂക്കളം ഒരുക്കി. ഓണത്തോടനുബന്ധിച്ച് ദേവാലയ അങ്കണത്തിന് മുകളില്‍ ഒരുക്കിയ ഭീമന് ആകാശപ്പൂക്കളം കാഴ്ചക്കാരില്‍ കൗതുകവും അത്ഭുതവും നിറച്ചു. ഏകദേശം 400 ചതുരശ്ര അടി വിസ്തൃതിയില്‍ ഒരുക്കിയ പൂക്കളമാണ് നിലത്ത് നിന്ന് ഉയര്‍ത്തി ആകാശത്തോളം ഉയരത്തില്‍ പ്രദര്‍ശിപ്പിച്ചത്.
സാധാരണയായി വീടുകളുടെയും സ്ഥാപനങ്ങളുടെയും മുറ്റങ്ങളില്‍ നിലത്ത് വിരിയുന്ന പൂക്കളത്തിന് വ്യത്യസ്തമായൊരു രൂപവും ദൃശ്യാനുഭവവും നല്‍കുകയായിരുന്നു യുവജനങ്ങളുടെ ലക്ഷ്യം. കൂറ്റന്‍ ക്രെയിനിന്റെ സഹായത്തോടെ പൂക്കളം ഉയര്‍ത്തി സ്ഥാപിച്ചതോടെ, കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലയ പരിസരം തന്നെ വേറിട്ടൊരു ഓണക്കാഴ്ചയ്ക്ക് വേദിയായി. നിരവധി ദിവസങ്ങളായി രാവും പകലും വിശ്രമമില്ലാതെ യുവജനങ്ങള്‍ പ്രവര്‍ത്തിച്ചാണ് പൂക്കളം ഒരുക്കിയത്.
പൂക്കളുടെ തിരഞ്ഞെടുപ്പ്, രൂപകല്‍പ്പന, ക്രമീകരണം, നിര്‍മാണം തുടങ്ങി ഓരോ ഘട്ടത്തിലും അംഗങ്ങള്‍ കൂട്ടായ്മയോടെ പങ്കാളികളായി. നിലത്ത് വിരിയുന്ന പൂക്കളത്തെ ആകാശത്തേക്ക് ഉയര്‍ത്തുകയെന്ന ആശയം തന്നെ വെല്ലുവിളി നിറഞ്ഞതായിരുന്നു. എന്നാല്‍ ആ വെല്ലുവിളി ഏറ്റെടുത്ത യുവജനങ്ങളുടെ കൂട്ടായ പരിശ്രമമാണ് ഒടുവില്‍ കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന ഈ സൃഷ്ടിയായി മാറിയത്.
ദേവാലയത്തിന് മുകളില്‍ ഉയര്‍ന്ന് നില്ക്കുന്ന ഭീമന് പൂക്കളം ദൂരെ നിന്നുപോലും ശ്രദ്ധ ആകര്‍ഷിക്കുന്ന തരത്തിലായിരുന്നു. ഓണത്തിന്റെ പാരമ്പര്യവും യുവത്വത്തിന്റെ സര്‍ഗാത്മകതയും സാങ്കേതിക മികവും ഒത്തുചേര്‍ന്ന അപൂര്‍വ കാഴ്ച കാണാന്‍ നിരവധി പേരാണ് എത്തിയത്. കരുവന്നൂര്‍ സിഎല്‍സി ഡയറക്ടര്‍ ഫാ. ഡേവീസ് കല്ലിങ്കല്‍, പ്രസിഡന്റ് അനുഷ് ജോസ്, സെക്രട്ടറി ഗ്ലോറിയ ജോസ്, ട്രഷറര്‍ കിരണ്‍ ഷോണി എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.

എസ്എന്‍ബിഎസ് സമാജത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു
ഇരിങ്ങാക്കുട സാന്ത്വന സദനില്‍ കരുതല്‍ സ്പര്‍ശം പരിപാടി സംഘടിപ്പിച്ചു
അയ്യങ്കാളി ജന്മദിനം ആഘോഷിച്ചു
അയ്യങ്കാളി സ്ക്വയറില്‍ വന്ദേമാതര സദസ് സംഘടിപ്പിച്ച് ബിജെപി
ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു
അവാര്‍ഡ് ജേതാവിനു ജന്മനാട്ടില് സ്വീകരണം