ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയാത്ത തെറ്റായ നടപടിയാണ് ബാങ്ക് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്-വി.എം. സുധീരൻ
ഇരിങ്ങാലക്കുട: ബാങ്ക് അധികൃതരും ഉത്തരവാദപ്പെട്ട അധികാരികളും കാണിച്ചത് കടുത്ത അനീതിയാണ്. ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയാത്ത തെറ്റായ നടപടിയാണ് ബാങ്ക് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്. ഫിലോമിനയുടെ ചികിത്സക്കുവേണ്ടി അദ്ദേഹത്തിന്റെ പണമാണ് ആവശ്യപ്പെട്ടത്. അദ്ദേഹം അധ്വാനിച്ച പണമാണ്. അത് അദ്ദേഹത്തിന്റെ ഭാര്യയുടെ ചികിത്സക്ക് ഒരു പൈസ പോലും ഉപകരിച്ചില്ല. ഒരു സഹകരണ സ്ഥാപനം എന്തൊക്കെ രീതിയിലാണ് പ്രവർത്തിക്കാൻ പാടില്ലാത്തത് ആ രീതിയിലുള്ള തെറ്റായ പ്രവർത്തനങ്ങളുടെ ഒരു സമാഹാരമാണ് കരുവന്നൂർ ബാങ്കിൽ നടന്നിട്ടുള്ളത്. കേരളത്തിലെ സഹകരണപ്രസ്ഥാനത്തിന്റെ വിശ്വാസ്യത തകരുന്ന ഒരു സാഹചര്യം ഈ സംഭവത്തോടെ കരുവന്നൂർ ബാങ്കിന്റെ ഈ പകൽകൊള്ള മൂലം ഉണ്ടായിരിക്കുകയാണ്. ഇതിനുത്തരവാദികളായ മുഴുവൻ പേർക്കും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പുവരുത്തിയേ മതിയാവൂ. ഈ പണം ആരു തട്ടിയെടുത്താലും തട്ടിയെടുത്തവരുടെ വസ്തുവകകൾ എല്ലാം തന്നെ കണ്ടുകെട്ടണം. അതു പൊതുമുതലാണ്. രാഷ്ട്രീയ പിൻബലമില്ലാതെ അധികാരത്തിന്റെ പിൻബലമില്ലാതെ ഇത്ര നഗ്നമായി ഇത്ര പച്ചയായി ഈ പകൽകൊള്ള നടത്താൻ ആർക്കും കഴിയില്ല. ഈ ബാങ്കിന്റെ പൊതുപണം എത്രയോ മറ്റ് കാര്യങ്ങൾക്കുവേണ്ടി നിക്ഷേപിച്ചിരിക്കുന്നു. ഇതിനുത്തരവാദികളായി ഇപ്പോൾ നിലവിൽ കേസിൽ പ്രതികളായവർ മാത്രമല്ല കേസിൽ പ്രതികളല്ലാത്ത കുറ്റവാളികളുണ്ട്. അതുകൊണ്ട് കുറ്റവാളികളുടെ പേരിൽ ശിക്ഷ ഉറപ്പുവരുത്തണം. മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്തുകയും പൊതുപണം തട്ടിയെടുത്തവവരെ അവരുടെ സമ്പത്ത് കണ്ടുകെട്ടുന്ന നടപടി സ്വീകരിക്കണം. പിന്നെ അതോടൊപ്പം തന്നെ ഇതുമായി ബന്ധപ്പെട്ട് കൃത്യമായ ഒരു പരിശോധന നടത്തി ഇതിലേക്കെത്തിച്ച സാഹചര്യത്തെ കുറിച്ച് സമഗ്രമായ അന്വേഷണം അനിവാര്യമാണ്. മരണപ്പെട്ടവരുടെ കുടുംബത്തിന്റെ വേദനയിൽ പങ്കുചേരേണ്ട ഉത്തരവാദപ്പെട്ടവർ അതിൽ പങ്കുചേരാതെ അവരെ കൂടുതൽ വേദനിപ്പിക്കുന്ന രീതിയിൽ തെറ്റായ കാര്യങ്ങൾ, കള്ളങ്ങൾ പറഞ്ഞുപരത്തിയ ബാങ്ക് അധികൃതരും അതിനു കൂട്ടുനിന്ന ആ കള്ളപ്രചരണങ്ങളെ ന്യായീകരിച്ച മന്ത്രി ഉൾപ്പെടെയുള്ള ഭരണാധികാരികൾ ഇവിടെ വന്ന് ഈ കുടുംബത്തോട് പരസ്യമായി മാപ്പു പറയണം. മുഖ്യമന്ത്രി നേരിട്ട് ഇക്കാര്യത്തിൽ ഇടപെടണം. ഇവിടെ വന്ന് കുടുംബാംഗങ്ങളെ കാണണം. നിക്ഷേപകരുമായി ആശയവിനിമയം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.