തൃശൂർ പാർലമെന്റ് മണ്ഡലം കോണ്‍ഗ്രസും ബിജെപിയും മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിന്: മന്ത്രി കെ. രാജൻ

ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച വിദ്യാർഥി യുവജന സംഗമം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട: തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ കോണ്‍ഗ്രസും ബിജെപിയും മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിനു വേണ്ടിയാണെന്നു മന്ത്രി കെ. രാജൻ. തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി വിജയിക്കും. പ്രധാനമന്ത്രി എത്ര കല്യാണം കൂടിയാലും സദ്യകഴിച്ചു പോകാമെന്നല്ലാതെ മറ്റൊന്നും മോഹിക്കേണ്ടതില്ല. മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കുവാനുള്ള പ്രവർത്തനങ്ങളിൽ വിദ്യാർഥി യുവജനപ്രസ്ഥാനങ്ങൾ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു. ഇരിങ്ങാലക്കുടയിൽ എഐഎസ്എഫ്, എഐവൈഎഫ് നേതൃത്വത്തിൽ നടന്ന വിദ്യാർഥി യുവജന സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എഐവൈഎഫ് സംസ്ഥാന ജോ. സെക്രട്ടറി അഡ്വ. കെ.കെ. സമദ് മുഖ്യപ്രഭാഷണം നടത്തി. സിപിഐ മണ്ഡലം സെക്രട്ടറി പി. മണി, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.കെ. സുധീഷ്, സിപിഐ മുതിർന്ന നേതാവ് കെ. ശ്രീകുമാർ, സിപിഐ ജില്ലാ കൗണ്‍സിൽ അംഗം അനിത രാധാകൃഷ്ണൻ, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എൻ.കെ. ഉദയപ്രകാശ്, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ, എഐഎസ്എഫ് ജില്ലാ സെക്രട്ടറി കെ.എ. അഖിലേഷ്, പ്രസിഡന്റ് അർജുൻ മുരളീധരൻ, വൈസ് പ്രസിഡന്റ് പി. ശിവപ്രിയ, എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് എം.പി. വിഷ്ണുശങ്കർ, എഐഎസ്എഫ് മണ്ഡലം പ്രസിഡന്റ് പി.വി. വിഘ്നേഷ് എന്നിവർ പ്രസംഗിച്ചു. തുടർന്നു ദേശസംരക്ഷണ പ്രതിജ്ഞയുമെടുത്തു.