ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസ്: ഭര്‍ത്താവിനെ ജീവപര്യന്തം കഠിന തടവിനു ശിക്ഷിച്ചു
ഇരിങ്ങാലക്കുട: ഭാര്യയോടുള്ള വിരോധത്താല്‍ ഭാര്യയുടെ അച്ഛന്റെ കണ്മുമ്പില് വെച്ചു ഭാര്യയെ പെട്രോളൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെ ജീവപര്യന്തം കഠിന തടവിനു ശിക്ഷിച്ചു. ഒന്നാം പ്രതി ചെങ്ങാലൂര്‍ കണ്ടുകടവ് പയ്യപ്പിള്ളി വീട്ടില്‍ ബിരാജു (43) വിനെയാണു ജീവപര്യന്തം കഠിന തടവിനും രണ്ടു ലക്ഷം രൂപ പിഴയടയ്ക്കുന്നതിനും ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ.എസ്. രാജീവ് ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം നാലു വര്‍ഷം കൂടി തടവുശിക്ഷ അനുഭവിക്കാനും ഉത്തരവായി. കൂടാതെ മരണപ്പെട്ട ജീതുവിന്റെ പിതാവിനു നഷ്ടപരിഹാരം നല്കാന് ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റിക്കു നിര്‍ദേശം നല്കി. 2018 ഏപ്രില്‍ 29 നാണു സംഭവം. കോടശേരി കണ്ണോളി വീട്ടില്‍ ജനാര്ദനന് മകള്‍ ജീതുവും (32) ബിരാജുവും തമ്മില്‍ വിവാഹിതരായതിനു ശേഷം അഭിപ്രായഭിന്നതകളെ തുടര്‍ന്ന് ഇരുവരും യോജിച്ച് ഇരിങ്ങാലക്കുട കുടുംബകോടതയില്‍ വിവാഹ മോചന ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. പിന്നീട് ജീതു 2018 ഏപ്രില്‍ 29 നു കണ്ടുകടവില് കുടുംബശ്രീ മീറ്റിംഗിനു എത്തിച്ചേരുന്നുണ്ടെന്ന വിവരം അറിഞ്ഞ പ്രതി ചെങ്ങാലൂരിലുള്ള പെട്രോള്‍ പമ്പില്‍ നിന്നും പെട്രോള്‍ വാങ്ങി കുപ്പികളിലാക്കി ജീതു കുടുംബശ്രീ മീറ്റിംഗിനു വരുന്ന വീടിനു സമീപമുള്ള പറമ്പില്‍ ഒളിച്ചിരിക്കുകയും മീറ്റിംഗ് കഴിഞ്ഞ് ഉച്ചയ്ക്കു 2.30 നു റോഡിലേക്ക് ഇറങ്ങിവന്ന ജീതുവിന്റെ ദേഹത്ത് പെട്രോള്‍ ഒഴിക്കുകയും പ്രാണരക്ഷാര്‍ഥം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ജീതുവിനെ കൈയില്‍ കരുതിയിരുന്ന സിഗരറ്റ് ലാമ്പുകൊണ്ടു പ്രതി തീകൊളുത്തുകയാണുമാണു ചെയ്തത്.
രക്ഷപ്പെടുത്താന്‍ വന്ന ആളുകളെ പ്രതി ഭീഷണിപ്പെടുത്തി ഓടിക്കുകയും ചെയ്തു. ജീതുവിനൊപ്പം വന്ന അച്ഛന് ജനാര്‍ദനനും മറ്റും ചേര്‍ന്നു ജീതുവിനെ ആദ്യം ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലും പിന്നീട് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സിച്ചുവെങ്കിലും 2018 ഏപ്രില്‍ 30 നു പൊള്ളലിന്റെ കാഠിന്യത്താല്‍ ജീതു മരണപ്പെട്ടു. കൃത്യം നിര്‍വഹിച്ചശേഷം ബോംബെയിലേക്കു രക്ഷപ്പെട്ട പ്രതിയെ സമര്ഥമായിട്ടാണു പോലീസ് പിടികൂടിയത്. ജാമ്യം ലഭിക്കുന്നതിനായി പ്രതി സുപ്രീം കോടതിവരെ സമീപിച്ചുവെങ്കിലും പ്രതിക്കു ജാമ്യം നല്‍കാതെ വിചാരണ നടത്തുകയാണുണ്ടായത്. പുതുക്കാട് പോലീസ് സബ് ഇന്‍സ്പെക്ടറായിരുന്ന ആര്. സുജിത്കുമാര്‍ രജിസ്റ്റര്‍ ചെയ്ത കേസ് പോലീസ് ഇന്‍സ്പെക്ടര്‍ എസ്.പി. സുധീരന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷന് ഭാഗത്തുനിന്നും 35 സാക്ഷികളെ വിസ്തരിക്കുകയും 65 രേഖകള്‍ തെളിവില്‍ മാര്‍ക്ക് ചെയ്യുകയും 11 തൊണ്ടിമുതലുകള്‍ ഹാജരാക്കുകയും ചെയ്തു. മരണപ്പെട്ട ജീതുവിന്റെ മരണമൊഴിയും ദൃക്സാക്ഷിയായ പിതാവ് ജനാര്‍ദനന്റെയും കുടുംബശ്രീ മീറ്റിംഗിനു വന്ന പഞ്ചായത്ത് മെമ്പര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെയും മൊഴികള്‍ കേസില്‍ നിര്‍ണായക തെളിവുകളായി പരിഗണിച്ചാണു കോടതി പ്രതിയെ ശിക്ഷിച്ചത്. കേസില്‍ പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ജെ. ജോബി, അഡ്വക്കേറ്റുമാരായ ജിഷ ജോബി, വി.എസ്. ദിനല്‍, എബിന് ഗോപുരന്‍ എന്നിവര്‍ ഹാജരായി.