ചെമ്മണ്ട കായല്‍ പാടശേഖരം വ്യാപകമായി കൃഷി നാശം
ചെമ്മണ്ട: കായല്‍ സംഘത്തിന്റെ പരിധിയില്‍ വരുന്ന 1200 ഏക്കര്‍ പാടശേഖരത്തിന്റെ 1100 ഏക്കര്‍ പാടശേഖരത്തില്‍ കനത്ത മഴയില്‍ വെള്ളം കയറി. മഴയില്‍ വിള കൊയ്യാന്‍ കഴിയാത്ത വിധത്തില്‍ പാടശേഖരം മുങ്ങിയിരിക്കുകയാണ്. 100 ഏക്കര്‍ മാത്രമാണു മഴക്കു മുമ്പു കൊയ്ത്തു കഴിഞ്ഞിരിക്കുന്നത്. അമിതമായ രാസവള വിലക്കയത്തെ അഭിമുഖീകരിച്ച കര്‍ഷകര്‍ക്കുണ്ടായ ഈ കനത്ത നഷ്ടം നികത്തുന്ന തരത്തില്‍ കൃഷിക്കാര്‍ക്കു നഷ്ട പരിഹാരം നല്‍കണമെന്നു കായല്‍ സഹകരണ സംഘം പ്രസിഡന്റ് കെ.കെ. ഷൈജു സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേരള കര്‍ഷകസംഘം ഏരിയ സെക്രട്ടറി ടി.ജി. ശങ്കരനാരായണന്, പ്രസിഡന്റ് ടി.എസ്. സജീവന്, ട്രഷറര്‍ ഹരിദാസ് പട്ടത്ത്, ഏരിയ കമ്മിറ്റി അംഗം വി.എന്‍. ഉണ്ണികൃഷ്ണന്, ബോര്‍ഡ് അംഗം എം.സി. അഭിലാഷ്, പടശേഖരസമിതി അംഗം എന്‍.വി. വേലായുധന് എന്നിവര്‍ പടശേഖരം സന്ദര്‍ശിക്കുകയും ഉചിതമായ നഷ്ടപരിഹാരം കര്‍ഷകര്‍ക്കു സഹകരണസംഘം നല്കാന് അടിയന്തിര നടപടി സ്വീകരിക്കണമെന്നു കൃഷിവകുപ്പ് അധികാരികളോട് ആവശ്യപ്പെട്ടു.