ഒരു ദുരന്തങ്ങളും കുരുന്നുകളുടെ ഭാവിക്ക് തടസ്സമാകരുത്; സ്കൂള്‍ മുറ്റത്തെ മര ചുവടിലിരുത്തി ക്ലാസെടുത്ത് മാതൃകയായി ഫാ. ജെയിംസ് പള്ളിപ്പാട്ട്
കാട്ടൂര്‍: വെള്ളക്കെട്ട് രൂക്ഷമായ കാട്ടൂര്‍ പഞ്ചായത്തില്‍ വീടുകളില്‍ വെള്ളം കയറിയ 150 ഓളം പേരെ കരാഞ്ചിറ സെന്റ് സേവിയേഴ്സ് സ്കൂളില്‍ അധിവസിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കുറച്ച് ദിവസങ്ങളായി സ്കൂളിന് അവധി ആയിരുന്നു. അവധി ഇനിയും തുടര്‍ന്നാല്‍ ഈ അധ്യയന വര്‍ഷത്തെ 8, 9, 10 ക്ലാസുകളിലെ കുട്ടികള്‍ക്ക് ക്ലാസുകള്‍ നഷ്ടപ്പെടാതിരിക്കാനും പാഠഭാഗങ്ങള്‍ സമയബന്ധിതമായി തീര്‍ക്കുന്നതിനും അവിടുത്തെ അന്തേവാസികള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ ക്ലാസുകള്‍ എടുക്കുകയായിരുന്നു സ്കൂളിലെ അധ്യാപകനും സ്കൂള്‍ മാനേജറും കൂടിയായ ഫാ. ജെയിംസ് പള്ളിപ്പാട്ട്. മരചുവടുകളിലിരുത്തിയാണ് കുട്ടികളെ പഠിപ്പിച്ചത്. രാത്രി സമയത്ത് ക്യാമ്പുകളിലെത്തി അവിടെ കഴിയുന്ന കൊച്ചു കുട്ടികളെ അക്ഷരം പഠിപ്പിക്കുന്നതില്‍ സജീവമായിരുന്നു ഈ വൈദീകന്.