പുല്ലൂര്‍ ഊരകം വെറ്റിലമൂലയില്‍ അടച്ചിട്ട വീട്ടില്‍ മോഷണം; രണ്ടര പവന് സ്വര്‍ണവും 12000 രൂപയും കവര്‍ന്നു
ഇരിങ്ങാലക്കുട: പുല്ലൂര്‍ ഊരകം വെറ്റിലമൂലയില്‍ അടച്ചിട്ട വീട്ടില്‍ മോഷണം. രണ്ടര പവന്റെ സ്വര്‍ണമാലയും 12000 രൂപയും നഷ്ടപ്പെട്ടു. പുല്ലൂര്‍ ഊരകം വെറ്റിലമൂല വരിക്കശേരി വീട്ടില്‍ ഏലിക്കുട്ടി അന്തോണിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. തനിച്ചു താമസിക്കുന്ന വയോധികയായ ഏലിക്കുട്ടി എന്നും വൈകീട്ട് അടുത്തുള്ള മകന് ഷാജുവിന്റെ വീട്ടിലാണ് രാത്രി കിടക്കാറുള്ളത്. രാവിലെ പള്ളിയില്‍ പോയി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വീട് കുത്തിതുറന്ന നിലയില്‍ കണ്ടത്. അലമാരികളും മറ്റും കുത്തിതുറന്ന് വലിച്ചുവാരിയിട്ട നിലയിലായിരുന്നു. എല്ലാ മുറികളിലും മുളകുപൊടിയും വിതറിയിട്ട ശേഷമാണ് മോഷ്ടാക്കള്‍ രക്ഷപ്പെട്ടിരിക്കുന്നത്. എല്ലാ വാതിലുകളും തുറന്ന നിലയിലാണ്. വിവരമറിയച്ചതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട എസ്ഐ സുധാകരന്റെ നേതൃത്വത്തില്‍ പോലീസ് സംഘമെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.