ടേക്ക് എ ബ്രേക്ക് പദ്ധതി; കൊട്ടിഘോഷിച്ച് തുടങ്ങി, പെട്ടന്നു ബ്രേക്കായി
പ്രവര്‍ത്തിച്ചത് അഞ്ച് മാസങ്ങള്‍ മാത്രം
ഇരിങ്ങാലക്കുട: ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച ഇരിങ്ങാലക്കുടയിലെ ടേക്ക് എ ബ്രേക്ക് പദ്ധതി നിലച്ചു. തദ്ദേശ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത ഇരിങ്ങാലക്കുട നഗരസഭയുടെ ടേക്ക് എ ബ്രേക്ക് പദ്ധതിക്കാണ് അകാലചരമം. ദേശീയ, സംസ്ഥാന പാതയോരങ്ങളിലൂടെ കുടുംബ സമേതം യാത്ര ചെയ്യുന്നവര്‍ക്ക് സുരക്ഷിതവും ഉന്നത നിലവാരമുള്ളതുമായ ശുചിമുറികള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2022 ഡിസംബര്‍ 4 ന് ഉദ്ഘാടനം ചെയ്ത പദ്ധതിയാണ് പ്രവര്‍ത്തനം ആരംഭിച്ച് അഞ്ച് മാസങ്ങള്‍ക്കുള്ളില്‍ നിറുത്തിയിരിക്കുന്നത്.
രണ്ട് നിലകളിലായി ഇരുപത് ലക്ഷത്തോളം രൂപ ചിലവഴിച്ച് എഴ് ടോയ്ലറ്റുകളും ബാത്ത്റൂമും വിശ്രമമുറിയുമടങ്ങുന്ന കെട്ടിടമാണ് ഠാണാവില്‍ പൂതംക്കുളം മൈതാനിയില്‍ നിര്‍മ്മിച്ചത്. കോഫി ഷോപ്പും റിഫ്രഷ്മെന്റ് സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമായി ലക്ഷ്യമിട്ടിരുന്നു. വാടക തുകയായി നഗരസഭ അധികൃതര്‍ നിശ്ചയിച്ച പത്ത് ലക്ഷം രൂപയ്ക്ക് എറ്റെടുക്കാന്‍ ആരും തയ്യാറാകാഞ്ഞതിനെ തുടര്‍ന്ന് അടഞ്ഞ് കിടക്കാനായിരുന്നു മാസങ്ങളോളം ടേക്ക് എ ബ്രേക്കിന്റെ വിധി.
ജല അഥോറിറ്റിയുടെ പൈപ്പ് ലൈന്‍ കണക്ഷന് ഉപയോഗിച്ച് മാത്രം ശുചീകരണ സംവിധാനങ്ങള്‍ നിലനിറുത്താന്‍ കഴിയില്ലെന്ന് ബോധ്യമായതോടെ ടാങ്കുകള്‍ക്കും ബോര്‍വെല്‍ സംവിധാനത്തിനുമായി 2023 24 വര്‍ഷത്തില്‍ നാല് ലക്ഷം രൂപ കൂടി നഗരസഭ ചിലവഴിച്ചു. ഒരു വര്‍ഷത്തേക്ക് അഞ്ച് ലക്ഷം വാടക എന്ന വ്യവസ്ഥയില്‍ 2024 ഏപ്രിലില്‍ ആണ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ ടേക്ക് എ ബ്രേക്ക് ഒടുവില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
കെട്ടിടത്തിന് മുന്നില്‍ കോഫിയും ലഘുഭക്ഷണങ്ങളുമായി തുടങ്ങിയ കോഫിഷോപ്പ് ഒടുവില്‍ തട്ടുകടയുടെ ശൈലിയിലേക്ക് മാറുകയും ചെയ്തതോടെ വിമര്‍ശനങ്ങളും ഉയര്‍ന്നു. ഉയര്‍ന്ന വാടകയും അഞ്ച് ജീവനക്കാരുടെ ചിലവും കണ്ടെത്താന്‍ വേറെ വഴികള്‍ ഇല്ലായിരുന്നുവെന്നും ടോയ്ലറ്റ് സൗകര്യങ്ങള്‍ ആരും കാര്യമായി ഉപയോഗിച്ചിരുന്നില്ലെന്നും നടത്തിപ്പുകാര്‍ പറയുന്നു. കെട്ടിടത്തിന്റെ കാഴ്ച മറച്ച് കൊണ്ടായിരുന്നു ഭക്ഷണശാലയുടെ പ്രവര്‍ത്തനമെന്നും ഇതോടെ പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ പാഴായി എന്നും നഗരസഭ അധികൃതരും പറയുന്നു. വിമര്‍ശനങ്ങള്‍ നഗരസഭാ യോഗങ്ങളിലും ഉയര്‍ന്നു.
ഇതിനിടെ റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി ഇത് വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണങ്ങളും വന്നതോടെ ടേക്ക് എ ബ്രേക്ക് തട്ടുകടയിലേക്ക് ആരും കടക്കാതെയുമായി. അടച്ചിടുക അല്ലാതെ വഴിയില്ലായിരുന്നുവെന്നും റോഡ് പണി പൂര്‍ത്തിയായാലും പദ്ധതി എറ്റെടുത്ത് നടത്താന്‍ താല്പര്യമില്ലെന്നും കരാറുകാരന് വ്യക്തമാക്കിക്കഴിഞ്ഞു. ഇരുപത്തിയഞ്ച് ലക്ഷത്തോളം രൂപ ചിലവഴിച്ച് കഴിഞ്ഞ പദ്ധതിക്കാണ് പ്രവര്‍ത്തനം ആരംഭിച്ച് മാസങ്ങള്‍ക്കുള്ളില്‍ അന്ത്യമായിരിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാക്കി വെറുതെ കിടക്കുന്ന അവസ്ഥയിലേക്ക് ഈ ടേക്ക് എ ബ്രേക്കിനു അവസ്ഥ വരുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍.