കേരളത്തില്‍ രണ്ട് പുതിയ ചീവീടുകളെ കൂടി കണ്ടെത്തി
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ ഗവേഷകര്‍ കേരളത്തില്‍ നിന്നും രണ്ട് ഇനം ചീവീടുകളെ കണ്ടെത്തി. ഈക്കാന്തസ് ഇന്‍ഡിക്കസ്, ഈക്കാന്തസ് ഹെന്റിയി എന്നീ ചീവീടുകളെയാണ് സംസ്ഥാനത്ത് നിന്നും ആദ്യമായി കണ്ടെത്തിയത്. പുല്‍ച്ചാടികളും, വിവിധയിനം ചീവീടുകളും ഉള്‍പ്പെടുന്ന ഓര്‍ഡര്‍ ഓര്‍ത്തോപ്റ്റീറയിലെ ഈക്കാന്തിഡേ കുടുംബത്തില്‍പ്പെട്ടവയാണ് ഇവ.
ക്രൈസ്റ്റ് കോളജിലെ ഷഡ്പദ എന്റമോളജി ഗവേഷണ കേന്ദ്രത്തിലെ ഗവേഷണ വിദ്യാര്‍ഥിനിയായ ഇ.സ്. തസ്നിം, ഗവേഷണ മേധാവിയും അസിസ്റ്റന്റ് പ്രൊഫെസറുമായ ഡോ. സി. ബിജോയ്, ഡോ. ധനീഷ് ഭാസ്കര്‍ (ഐയുസിഎന്‍, ഗ്രാസ്ഹോപ്പര്‍ സ്പെഷ്യലിസ്റ്റ്,കെയര്‍ എര്‍ത്ത് ട്രസ്ട്, ചെന്നൈ) എന്നിവരാണ് കണ്ടെത്തലിനു പിന്നില്‍.
ഈക്കാന്തിഡേ കുടുംബത്തില്‍ നിന്നും ഏഴു സ്പീഷീസുകള്‍ കേരളത്തില്‍ നിന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഈക്കാന്തസ് ജനുസില്‍ ഉള്‍പ്പെടുന്ന ചീവീടുകളെ കേരളത്തില്‍ നിന്ന് കണ്ടെത്തുന്നത് ഇതാദ്യമായാണ്. അന്തരീക്ഷ താപനിലയില്‍ ഉണ്ടാവുന്ന വ്യതിയാനങ്ങള്‍ക്കനുസൃതമായി വ്യത്യസ്ഥ ആവൃത്തിയില്‍ ഉള്ള ശബ്ദം പുറപ്പെടുവിക്കാന്‍ കഴിവുള്ളത് കൊണ്ട് ഈ ജനുസ്സില്‍ പെട്ട ജീവികളെ തെര്‍മോമീറ്റര്‍ ക്രിക്കറ്റ് എന്നു വിളിക്കാറുണ്ട്.
അന്താരാഷ്ട്ര ശാസ്ത്ര മാസികയായ മ്യൂണിസ് എന്റമോളജി ആന്‍ഡ് സുവോളോജിയുടെ സെപ്റ്റംബര്‍ ലക്കത്തില്‍ ആണ് ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ (യുജിസി) സാമ്പത്തിക സഹായത്തോടു കൂടിയാണ് പഠനം നടന്നത്.