കേന്ദ്ര സംഗീത നാടക അക്കാദമി ഉസ്താദ് ബിസ്മില്ലാ ഖാന് യുവ പുരസ്കാരം അപര്‍ണ നങ്ങ്യാര്‍ ഏറ്റുവാങ്ങി
ഇരിങ്ങാലക്കുട: കേന്ദ്ര സംഗീത നാടക അക്കാദമി 2022 ലെ ഉസ്താദ് ബിസ്മില്ലാ ഖാന് യുവപുരസ്കര്‍ പുരസ്കാരം നങ്ങ്യാര്‍കൂത്ത് കലാകാരി അപര്‍ണ നങ്ങ്യാര്‍ ഏറ്റുവാങ്ങി. ന്യൂ ഡല്‍ഹിയിലെ ഡോ. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര സാംസ്കാരിക സെക്രട്ടറി അരുണീഷ് ചൗള പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. സംഗീത നാടക അക്കാദമി ചെയര്മാന് സന്ധ്യ പുരേച്ച, സാംസ്കാരിക മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഉമാ നന്ദൂരി എന്നിവരുടെ നേതൃത്വത്തിലാണ് അവാര്‍ഡ് ദാന ചടങ്ങ് നടന്നത്.
ദേശീയ തലത്തില്‍ സംഗീതം, നൃത്തം, നാടകം, പരമ്പരാഗത/ നാടോടി/ ആദിവാസി സംഗീതം/ നൃത്തം/ നാടകം, പാവകളി എന്നിവയും സംഗീത നാടക അക്കാദമിക്കുള്ള പെര്‍ഫോമിംഗ് ആര്‍ട്സ് എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ച 40 വയസ്സിന് താഴെയുള്ള മികച്ച കലാകാരന്മാര്ക്ക് സംഗീത നാടക അക്കാദമി നല്കുന്ന വാര്‍ഷിക ഇന്ത്യന്‍ അവാര്‍ഡാണ് ഉസ്താദ് ബിസ്മില്ലാ ഖാന് യുവ പുരസ്കാരം. 25,000 രൂപയും താമ്രപത്രവും അംഗവസ്ത്രവുമാണ് പുരസ്കാരം.
1952 മുതല്‍ അക്കാദമി അവാര്‍ഡുകള്‍ നല്കിവരുന്നു. കഴിഞ്ഞ 25 വര്‍ഷമായി കൂടിയാട്ടം നങ്ങ്യാര്‍കൂത്ത് രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന അപര്‍ണ്ണ കാലടി ശ്രിശങ്കര കോളേജിലെ അസി. പ്രഫസറും ഇരിങ്ങാലക്കുട അമ്മന്നൂര്‍ ഗുരുകുലത്തിലെ കൂടിയാട്ടം കലാകാരിയുമാണ്. മുതിര്‍ന്ന കൂടിയാട്ട കലാകാരന് ഗുരു അമ്മന്നൂര്‍ കുട്ടന് ചാക്യാരുടെ മകളാണ് അപര്‍ണ.