സുവര്‍ണ്ണം: കലികൈതവാങ്കം കൂടിയാട്ടം ആദ്യ അരങ്ങവതരണം ശ്രദ്ധേയമായി
ഇരിങ്ങാലക്കുട: ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് കഴിഞ്ഞ ഒരുവര്‍ഷമായി നടത്തിവരുന്ന അമ്പതാംവാര്‍ഷികാഘോഷം സുവര്‍ണ്ണത്തിന്റെ സമാപനത്തിന്റെ ആഘോഷപരമ്പരയില് കലികൈതവാങ്കം കൂടിയാട്ടം ആദ്യമായി അരങ്ങവതരിപ്പിച്ചു. കവി ഭട്ടനാരായണസുദര്ശനപണ്ഡിതന്റെ കലിവിധൂനനം നാടകത്തിലെ മൂന്നാമങ്കമാണ് കലികൈതവാങ്കം. ആട്ടപ്രകാരരചനയും, സംവിധാനവും, ആവിഷ്ക്കരവും നടത്തിയ ഡോ. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ കലിയായും അമ്മന്നൂര്‍ മാധവ് ചാക്യാര്‍ ദ്വാപരനായും വേഷമിട്ടു.
മിഴാവില്‍ കലാമണ്ഡലം രാജീവ്, കലാമണ്ഡലം എ.എന്‍. ഹരിഹരന്, കലാമണ്ഡലം നാരായണന് നമ്പ്യാര്‍, കലാമണ്ഡലം രവികുമാര്‍, കലാമണ്ഡലം വിജയ്, ഇടയ്ക്കയില്‍ കലാനിലയം ഉണ്ണിക്കൃഷ്ണന് എന്നിവര്‍ പശ്ചാത്തലമേളമൊരുക്കി. കലാമണ്ഡലം സതീശന് ചുട്ടി കുത്തി. അരങ്ങുതളിശ്ലോകരചനയും താളവും ഡോ. ഭദ്ര പികെഎം ആയിരുന്നു. അവതരണത്തിനു മുമ്പായി ഡോ. ഭദ്ര പികെഎം ആട്ടപ്രകാരത്തിലും,
കലാമണ്ഡലം നാരായണന് നമ്പ്യാര്‍ അവതരണത്തിന്റെ നാള്‍വഴികളേയും ആഹാര്യത്തേയും, കലാമണ്ഡലം രാജീവ് മേളപ്രകാരത്തെ കുറിച്ചും ആമുഖഭാഷണം നടത്തി.
കാലത്ത് മുതല്‍ അരങ്ങേറിയ പ്രഭാഷണങ്ങളില്‍ ഉണ്ണായിവാര്യരുടെ കൃതികളും വിശ്വസാഹിത്യകൃതികളും എന്ന വിഷയത്തില്‍ ഡോ. എം.വി. നാരായണനും ആധുനികകാലത്ത് സംസ്കൃതനാടകങ്ങള്‍ കൂടിയാട്ടരംഗാവിഷ്കാരത്തിലേക്ക് സന്നിവേശിപ്പിക്കുമ്പോഴുള്ള പ്രത്യേകതകള്‍ എന്ന വിഷയത്തില്‍ മാര്‍ഗി മധുവും, ബാഹുകഹൃദയം ആട്ടപ്രകാരത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ സംസ്കൃതകാവ്യം എന്ന വിഷയത്തില്‍ ഡോ. ഇ.എന്‍. നാരായണനും സംസ്കൃതനാടകം കലിവിധൂനനം എന്ന വിഷയത്തില്‍ ഡോ. കെ.പി. ശ്രീദേവി പ്രഭാഷണങ്ങള്‍ നടത്തി.