ഗോളുകള്‍ പിറക്കട്ടെ, മരങ്ങള്‍ വളരട്ടെ; ലോകകപ്പിനായി 2000 തൈകള്‍ ഒരുക്കി പ്ലാവച്ചന് എന്ന ഫാ. ജോയ് പീണിക്കപറമ്പില്‍
ലോകകപ്പ് മത്സരത്തില്‍ ഒരു ഗോള്‍ വീഴുമ്പോള്‍ നട്ടുപിടിപ്പിക്കുന്നതിനായുള്ള 1000 ഡെനങ്ങ് റെഡ് ജാക്ക് തൈകളും 1000 കൊളംബിയന്‍ മാവിന്റെ തൈകളുമായി ഫാ. ജോയ് പീണിക്കപറമ്പില്‍.
ഇരിങ്ങാലക്കുട: 23 ാം ഫുട്ബോള്‍ ലോകകപ്പില്‍ വീഴുന്ന ഓരോ ഗോളിനും പച്ചപ്പിന്റെ പാഠവുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ പ്ലാവച്ചന് എന്നറിയപ്പെടുന്ന ഫാ. ജോയ് പീണിക്കപറമ്പില്‍. ഓരോ ഗോളിനും ഓരോ വൃക്ഷ തൈ നടുന്നതിനു വേണ്ടിയുള്ള വൃക്ഷതൈകളാണ് ഒരുക്കിയിരിക്കുന്നത്. 1000 ഡെനങ്ങ് റെഡ് ജാക്ക് തൈകളും 1000 കൊളംബിയന്‍ മാവിന്റെ തൈകളുമാണ് ഒരുക്കിയിരിക്കുന്നത്. 2010 ലെ ലോകകപ്പ് മുതലാണ് ഒരു ഗോള്‍ ഒരു മരം പദ്ധതി ആരംഭിച്ചത്. ആരാധകര്‍ ഇഷ്ടപ്പെട്ട താരങ്ങള്‍ക്കും ടീമുകള്‍ക്കുമായി ഫ്ളെക്സുകള്‍ പ്രിന്റ് ചെയ്ത് കോടിക്കണക്കിന് രൂപ ചെലവാക്കുന്നു. 2010ല്‍ മലപ്പുറം ജില്ലയില്‍തന്നെ രണ്ട് കോടി രൂപയ്ക്ക് ഫ്ളെക്സുകള്‍ പ്രിന്റ് ചെയ്തു എന്നാണ് കണക്ക്. പ്ലാസ്റ്റികിന്റെ ഉപയോഗം വഴി നാടിന് അപകടം വിളിച്ചുവരുത്തുമ്പോള്‍ കായിക അധ്യാപകനായ ഫാ. ജോയ് ഒന്നു മാറി ചിന്തിച്ചു.
ഗോളടിക്കുന്ന കളിക്കാരെ എന്നും ജീവിക്കുന്നവരാക്കുക എന്ന ആശയത്തോടെ ഗോളടിക്കുന്ന ഓരോ താരത്തിന്റെ പേരിലും മരങ്ങള്‍ നടുന്നതിനായി രൂപം കൊടുത്തതാണ് ഒരു ഗോള്‍ ഒരു മരം പദ്ധതി. 2010 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന 19 ാമത് ഫുട്ബോള്‍ ലോകകപ്പിന്റെ ഭാഗമായി എന്‍എസ്എസ്, എന്‍സിസി, ഐക്കഫ്, നാട്ടുകാര്‍, അധ്യാപകര്‍, കുട്ടികള്‍ എന്നിവരെയെല്ലാം സംഘടിപ്പിച്ച് ആയിരത്തി അഞ്ഞൂറോളം മരതൈകളാണ് വച്ചു പിടിപ്പിച്ചത്. ആ ലോകകപ്പില്‍ 146 ഗോളുകള്‍ പിറന്നപ്പോള്‍ ഒരു ഗോളിന് 10 മരം എന്ന കണക്കിന് 1500 മരതൈകളാണ് വച്ചുപിടിപ്പിച്ചത്. 2014 ലെ ലോകകപ്പില്‍ അദ്ദേഹം വീണ്ടും മാറി ഒന്നു ചിന്തിച്ചു. അന്യം നിന്നുപോകുന്ന മാവുകളെ സംരക്ഷിക്കുക അതായിരുന്നു ലക്ഷ്യം. ബ്രസീലില്‍ നടന്ന 20 ാമത് ഫുട്ബോള്‍ ലോകകപ്പിന്റെ ഭാഗമായി നടപ്പിലാക്കിയ ഒരു ഗോള്‍ ഒരു മരം പദ്ധതി വഴി നാടന്‍ മാവിന്റെ 480 തൈകളാണ് വച്ചു പിടിപ്പിച്ചത്. ഒരു ലക്ഷത്തി പതിനായിരം രൂപയോളം ചിലവാക്കി 220 മാവിന് തൈകള്‍ക്ക് പലരുടെയും സഹകരണത്തോടെ ഇരുമ്പ്കൂട് കൊടുത്ത് സംരക്ഷിക്കുന്നു.
2015ല്‍ ഫുട്ബോള്‍ ലോകകപ്പ് ഉണ്ടായിരുന്നില്ല എങ്കിലും പദ്ധതി നിര്‍ത്താതെ അതിന്റെ പേര് മാറ്റി സ്വന്തം മാവ് എന്റെ സ്വന്തം നാട്ടുമാവ് എന്നാക്കി. പലതരത്തിലുളള അന്യംനിന്നുപോകുന്ന നാടന്‍മാവിന്റെ വിത്തുകള്‍ ശേഖരിച്ച് ചട്ടിയില്‍ പാകിമുളപ്പിച്ച് സൗജന്യമായി 150 മാവിന്റെ തൈകളാണ് നാട്ടില്‍ വിതരണം ചെയ്തത്. 2018 റഷ്യന്‍ ഫുട്ബോള്‍ ലോകകപ്പ് മത്സരത്തില്‍ ഒരു ഗോളിന് ഒരു നാട്ടിന്മാവ് പദ്ധതി പ്രകാരം 169 ഗോളുകള്‍ക്കായി 1641 ല്‍ പരം മാവിന്‍തൈകള്‍ സൗജന്യമായി വിതരണം ചെയ്തു. 2022 ലെ ഖത്തര്‍ ഫിഫ ഫുട്ബോള്‍ വേള്‍ഡ് കപ്പ് മത്സരവുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ ഒരു ഗോളിന് ഒരു പ്ലാവിന് തൈ പദ്ധതി മുഖാന്തിരം 172 ഗോളുകള്‍ പിറന്നപ്പോള്‍ 250 വിയറ്റ്നാം പ്ലാവിന്റെ തൈകളാണ് ജനങ്ങള്‍ക്ക് വിതരണം ചെയ്തത്. മാവച്ചന്‍, പ്ലാവച്ചന്, മാവും പ്ലാവും കൂടി മാപ്പിളച്ചന് എന്ന് നാട്ടുകാര്‍ വിളിക്കുന്ന ഫാ. ജോയ് ഇതിനോടകംതന്നെ ഇരുപത്തെണ്ണ്ായിരത്തില്പരം (28,345) മരങ്ങള്‍ വച്ചുപിടിപ്പിച്ചിട്ടുണ്ട്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഫുട്ബോള്‍ ലഹരി തലയില്‍; മുടി വെട്ടലിലും കട്ട സപ്പോര്‍ട്ടുമായി അരിപ്പാലത്തെ മണി
കാലവര്‍ഷം കനക്കും മുമ്പ് ജാഗ്രത; മുകുന്ദപുരം താലൂക്കില്‍ മണ്ണിടിച്ചില്‍ ഭീഷണി; 32 കുടുംബങ്ങള്‍ക്ക് മാറി താമസിക്കാന്‍ നോട്ടീസ്
അത്യാഹിതത്തിലേക്കുള്ള വഴി തന്നെ അത്യാഹിതം; ചെളിക്കുഴിയില്‍ കുടുങ്ങി ആംബുലന്‍സ്
ഇരിങ്ങാലക്കുട പ്രതീക്ഷാഭവന്‍ സ്പെഷ്യല്‍ സ്കൂളില്‍ നിര്‍മിച്ച റാമ്പിന്റെ ഉദ്ഘാടനം നടത്തി
സ്കൂള്‍ കുട്ടികള്‍ക്ക് തണലേകി ക്രൈസ്റ്റിലെ തവനീഷിന്റെ തണല്‍ പദ്ധതി
എംഎല്‍എ എക്സലന്‍സി പുരസ്കാര സമര്‍പ്പണം ആരംഭിച്ചു