മഴയ്ക്ക് നേരിയ ശമനം, കര്ഷകരുടെ കണ്ണീര് തോരുന്നില്ല, വിളഞ്ഞ പാടങ്ങള് കൊയ്യാനാകാതെ കര്ഷകര്
മുരിയാട് മൂരിക്കോള് പടവില് 45 ഏക്കറും എടക്കുളംപടിയൂര് പാടശേഖരത്ത് 30 ഹെക്ടറും വെള്ളത്തിനടിയില്
അടിയന്തര നഷ്ടപരിഹാരത്തിന് നടപടി സ്വീകരിക്കുംനിയുക്ത എംഎല്എ പ്രഫ. ആര്. ബിന്ദു
എടക്കുളം: തുടര്ച്ചയായി പെയ്യുന്ന മഴയില് വെള്ളം കയറിയതോടെ വിളഞ്ഞ പാടങ്ങള് കൊയ്യാനാകാതെ പ്രതിസന്ധിയില്. പടിയൂര്പൂമംഗലം കോള് മേഖയില് 30 ഹെക്ടറിലേറെ നെല്കൃഷിയാണ് വിളവെടുക്കാനാകാതെ നശിക്കുന്നത്. പൂമംഗലം മേഖലയില് 20 ഹെക്ടറും പടിയൂര് മേഖലയില് പത്ത് ഹെക്ടറും വിസ്തൃതിയുള്ള പാടശേഖരങ്ങളാണ് ഇനി കൊയ്യാനുള്ളത്. പശ്ചാത്തല സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ഈ പാടശേഖരങ്ങളില് വളരെ വൈകിയാണ് കര്ഷകര്ക്ക് കൃഷിയിറക്കാനായത്. കെട്ടുചിറ സ്ലൂയിസിന്റെ കേടുപാടുകളും ബണ്ടുകളുടെ ഉയരക്കുറവും മൂലം 250 ഹെക്ടറോളം വരുന്ന പാടശേഖരങ്ങള് 30 വര്ഷത്തിലേറെയായി തരിശായി കിടക്കുകയാണ്. അരിപ്പാലം ചിറയില് താല്ക്കാലികമായി നിര്മിച്ച തടയണ ഇപ്പോഴും നീരൊഴുക്കിന് തടസം ആയതിനാല് അടിയന്തരമായി പൊളിച്ചുനീക്കണമെന്ന് കര്ഷകര് ആവശ്യപ്പെട്ടു. ഈ മേഖലയില് വിവിധ പദ്ധതികള് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒന്നും തന്നെ നടപ്പാക്കിയിട്ടില്ല. നാമമാത്ര ചെറുകിട കൃഷിക്കാരാണ് ഇവിടെയുള്ളത്. വിവിധ ധനകാര്യ സ്ഥാപനങ്ങളില് നിന്ന് വലിയ തുക വായ്പയെടുത്താണ് കൃഷി ഇറക്കിയിട്ടുള്ളത്. തുടര്ച്ചയായി കൃഷി നാശം നേരിടുന്ന കര്ഷകര്ക്ക് അടിസ്ഥാന സൗകര്യങ്ങള് ഒരുക്കി കൃഷിയിറക്കാനുള്ള പദ്ധതികള് നടപ്പാക്കണമെന്ന് കര്ഷകര് ആവശ്യപ്പെട്ടു. മുരിയാട് കായലിലെ പുല്ലൂര്ആനുരുളി മുരിയാട് കോള്പ്പടവിലെ 45 ഏക്കര് പാടശേഖരമാണ് നശിച്ചത്. 90 ഏക്കറോളം വരുന്ന പാടശേഖരത്തില് പകുതി കൊയ്ത്ത് കഴിഞ്ഞപ്പോഴാണ് മഴ വന്നത്. പാടത്ത് വെള്ളം കയറിയതിനാല് കൊയ്ത്തുയന്ത്രം ഇറക്കാന് കഴിയുന്നില്ല. അറുപതോളം പേരാണ് ഇവിടെ കൃഷിയിറക്കിയിരിക്കുന്നത്. പമ്പുസെറ്റ് ഉപയോഗിച്ച് കെഎല്ഡിസി കനാലിലേക്ക് വെള്ളം അടിച്ചു വറ്റിക്കാന് ശ്രമം നടത്തുന്നുണ്ടെങ്കിലും തുടര്ച്ചയായി പെയ്യുന്ന മഴ തിരിച്ചടിയാകുകയാണ്. പല പാടങ്ങളിലും നെല്ല് ഒടിഞ്ഞുവീണുതുടങ്ങി. കൊയ്ത്തുയന്ത്രം എത്താന് വൈകിയതാണ് കൊയ്ത്ത് വൈകാന് കാരണമെന്ന് കര്ഷകര് പറഞ്ഞു. മഴയെ തുടര്ന്ന് വെള്ളം കയറിയ പ്രദേശങ്ങള് നിയുക്ത എംഎല്എ പ്രഫ. ആര്. ബിന്ദു സന്ദര്ശിച്ചു. പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി, മുന് ബ്ലോക്ക് പ്രസിഡന്റ് കെ.സി. പ്രേമരാജന്, കര്ഷകസംഘടന സെക്രട്ടറി കെ.വി. ജിനരാജദാസന് എന്നിവര് ഒപ്പമുണ്ടായിരുന്നു. കര്ഷകര്ക്ക് നഷ്ടപരിഹാരം ലഭിക്കാന് നടപടികള് സ്വീകരിക്കാമെന്ന് നിയുക്ത എംഎല്എ ഉറപ്പു നല്കി.