മുഖ്യധാര സിനിമ സമൂഹത്തിലെ അധികാരഘടനകളെ ആവര്ത്തിച്ച് ഉറപ്പിക്കാന് ശ്രമിക്കുന്നവയാണ്- ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: മലയാളത്തിലെ മുഖ്യധാര സിനിമ പലപ്പോഴും സമൂഹത്തിലെ അധികാരഘടനകളെ ആവര്ത്തിച്ച് ഉറപ്പിക്കാന് ശ്രമിക്കുന്നവയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു. ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില് നഗരസഭ, തൃശൂര് രാജ്യാന്തര ചലച്ചിത്രോത്സവം, ഫെഡറേഷന് ഓഫ് ഫിലിം സൊസൈറ്റീസ് എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന മൂന്നാമത് ഇരിങ്ങാലക്കുട അന്തര്ദേശീയ ചലച്ചിത്രമേളയുടെ ഉദ്ഘാടനം മാസ് മൂവീസില് വെച്ച് നിര്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പ്രാന്തവത്കരിക്കപ്പെടുന്നവരുടെ അനുഭവങ്ങള് ആവിഷ്ക്കരിക്കാന് മുമ്പ് മലയാളസിനിമ ശ്രദ്ധ ചെലുത്തിയിരുന്നു. എന്നാല് ഇന്നു ജീവിതവുമായി പുലബന്ധമില്ലാത്ത പ്രമേയങ്ങള്ക്കാണു സ്വീകാര്യത ലഭിക്കുന്നതെന്നും ഇതു ലജ്ജാകരണമാണെന്നും മന്ത്രി പറഞ്ഞു. സൊസൈറ്റി രക്ഷാധികാരി പി.കെ. ഭരതന്മാസ്റ്റര് അധ്യക്ഷത വഹിച്ചു. മേളയുടെ ഭാഗമായി പുറത്തിറക്കുന്ന ഫെസ്റ്റിവല് ഗൈഡ് മന്ത്രി പ്രകാശനം ചെയ്തു. ക്രൈസ്റ്റ് കോളജിലെ ഫിലിം ക്ലബ് മെമ്പര് ആന് സിന്ഡ്രല്ല ഏറ്റുവാങ്ങി. ഉദ്ഘാടന ചിത്രമായ ‘ദി പോര്ട്രേയ്റ്റസ്’ ന്റെ സംവിധായകന് ഡോ. ബിജു ദാമോദരന്, കേരള ഷോര്ട്ട് ഫിലിം ലീഗിന്റെ അവാര്ഡ് നേടിയ ‘ദി ലോ’ യുടെ നിര്മാതാവ് ഷാജു വാലപ്പന് എന്നിവരെ ചടങ്ങില് ആദരിച്ചു. ഡോ. ബിജു ദാമോദരന് മുഖ്യപ്രഭാഷണം നടത്തി. നടി സിജി പ്രദീപ്, മാസ് മൂവീസ് പ്രൊപ്രൈറ്ററും നിര്മാതാവുമായ റാഫേല് പി. തോമസ്, സൊസൈറ്റി പ്രസിഡന്റ് വി.ആര്. സുകുമാരന്, വൈസ് പ്രസിഡന്റ് മനീഷ് വര്ഗീസ് എന്നിവര് പ്രസംഗിച്ചു.