ഉപതെരഞ്ഞെടുപ്പ്; തുറവന്‍കാട് വാര്‍ഡ് പിടിച്ചെടുക്കാന്‍ മുന്നണികള്‍; വികസനവും മുടിച്ചിറ നവീകരണവും പ്രചരണ വിഷയങ്ങള്‍..
ഇരിങ്ങാലക്കുട: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മുരിയാട് പഞ്ചായത്തിലെ 13-ാം നമ്പര്‍ തുറവന്‍കാട് വാര്‍ഡ് പിടിച്ചെടുക്കാന്‍ മുന്നണികള്‍. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ ഷീല ജയരാജിന്റെ അപകടമരണത്തോടെയാണു ഈ വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കാലങ്ങളായി ഇടതുപക്ഷമാണ് ഈ വാര്‍ഡില്‍ വിജയിച്ചുപോരുന്നത്. എന്നാല്‍ അതില്‍ മാറ്റുണ്ടാകുമെന്ന വിലയിരുത്തലാണ് യുഡിഎഫ്, ബിജെപി മുന്നണികള്ക്കുള്ളതത്. നിലനിര്‍ത്താന്‍ എല്‍ഡിഎഫും തിരിച്ചുപിടിക്കാന്‍ പിടിക്കാന്‍ കോണ്‍ഗ്രസും നിലമെച്ചപ്പെടുത്താന്‍ ബിജെപിയും സജീവമായി രംഗത്തുണ്ട്. വാര്‍ഡ് നിലനിറുത്താന്‍ ഷീല ജയരാജിന്റെ മരുമകളും എംസിഎ ബിരുദധാരിയുമായ റോസ്മി ജയേഷിനെയാണ് എല്‍ഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. പഞ്ചായത്തില്‍ നടപ്പിലാക്കി വരുന്ന വികസന പ്രവര്‍ത്തനങ്ങളും അവസാന ഘട്ടത്തിലേക്കു കടക്കുന്ന മുടിച്ചിറ നവീകരണ പ്രവര്‍ത്തനങ്ങളുമെല്ലാം അനുകൂലഘടകങ്ങളാണെന്നും വാര്‍ഡില്‍ വിജയം ആവര്‍ത്തിക്കുമെന്നും എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ ഉറപ്പിച്ചു പറയുന്നുണ്ട്. സാമൂഹ്യ പ്രവര്‍ത്തകയായ ഷിജി ജോര്‍ജിനെയാണു വാര്‍ഡ് പിടിച്ചെടുക്കാന്‍ യുഡിഎഫ് അവതരിപ്പിക്കുന്നത്. പഞ്ചായത്തിന്റെ വികസന പരാജയവും മുടിച്ചിറ നവീകരണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതും പദ്ധതി ഫണ്ട് നഷ്ടപ്പെടുത്തിയതുമെല്ലാം ഉയര്ത്തിക്കാണിച്ചാണു യുഡിഎഫ് വോട്ടര്‍മാരെ സമീപിക്കുന്നത്. ഇത്തവണ വാര്‍ഡ് പിടിച്ചെടുക്കുമെന്ന ആത്മവിശ്വാസത്തിലാണു യുഡിഎഫ് വൃത്തങ്ങള്‍. തുറവന്‍കാട് വാര്‍ഡിനു വേണ്ടിയുള്ള പോരാട്ടത്തിനു തീവ്രത പകരാന്‍ ബിജെപിയും സജീവമായി രംഗത്തുണ്ട്. ബികോം ബിരുദധാരിയായ ദേവിക സിബിയെയാണു വാര്‍ഡിന്റെ ചരിത്രം മാറ്റിയെഴുതാന്‍ ബിജെപി അവതരിപ്പിച്ചിട്ടുള്ളത്. ഇടതുപക്ഷം കാലങ്ങളായി ഭരണം കയ്യാളുന്ന വാര്‍ഡിനു യാതൊരു മാറ്റങ്ങള്‍ ഉണ്ടായിട്ടില്ലെന്നും കല്ലേരിക്കടവ് പദ്ധതി യാഥാര്‍ഥ്യമായിട്ടില്ലെന്നും മുടിച്ചിറ നവീകരണം അനിശ്ചിതമായി നീളുകയാണെന്നും കേന്ദ്രപദ്ധതികള്‍ ഒന്നുംതന്നെ വോട്ടര്‍മാരിലേക്ക് എത്തുന്നില്ലെന്നും ബിജെപി ചൂണ്ടിക്കാണിക്കുന്നു. 1479 വോട്ടര്‍മാരാണു വാര്‍ഡിലുള്ളത്. 104 വോട്ടിനാണു കഴിഞ്ഞ തവണ എല്‍ഡിഎഫ് വിജയിച്ചത്. 17 അംഗ ഭരണസമിതിയില്‍ നിലവില്‍ എല്‍ഡിഎഫിന് 10 ഉം യുഡിഎഫിന് ആറും അംഗങ്ങളാണുള്ളത്. 17 നു തുറവന്‍കാട് ഊക്കന്‍ മെമ്മോറിയല്‍ എല്‍പി സ്കൂളിലാണു തെരഞ്ഞെടുപ്പ് നടക്കുന്നത്.