ഖത്തറിലെ ലോക കപ്പില്‍ ഗോള്‍ പിറക്കുന്നു, താരങ്ങളുടെ പേരില്‍ ഇരിങ്ങാലക്കുടയില്‍ പ്ലാവിന് തൈ നടുന്നു
ഇരിങ്ങാലക്കുട: ഖത്തറിലെ ലോക കപ്പില്‍ ഗോള്‍ അടിച്ചാല്‍ ഇരിങ്ങാലക്കുടയില്‍ നാട്ടുമാവിന് തൈ നടുന്നു. ലോകകപ്പിന്റെ ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് നടപ്പിലാക്കുന്ന പദ്ധതിയാണ് ഒരു ഗോളിന് ഒരു പ്ലാവിന് തൈ പദ്ധതി. കേരള സംസ്ഥാന ഫലമായ ചക്കയെ പ്രോത്സാഹിപ്പിക്കുകയും ഇന്നത്തെ ആധുനിക കാലഘട്ടത്തിന്റെ പച്ചപ്പിന്റെ പ്രാധാന്യം സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിനുമുള്ള പരിശ്രമമാണ് ഇതിലൂടെ നടക്കുന്നത്. സൗത്ത് ആഫ്രിക്കയില്‍ വച്ച് നടന്ന 2010 ലെ ഫുഡ്ബോള്‍ ലോകകപ്പിന് ഓരു ഗോളിന് ഒരു മരം പദ്ധതിയും ബ്രസീലില്‍ വച്ച് നടന്ന 2014 ലെ ലോകകപ്പിന് ഒരു ഗോളിന് ഒരു നാട്ടുമാവിന് തൈ പദ്ധതിയും റഷ്യയില്‍ വച്ച് നടന്ന 2018ലെ ലെ ലോകകപ്പിന് ഒരു ഗോളിന് ഒരു നാട്ടുമാവിന് തൈ പദ്ധതിയും ഓരുഗോളിന് പ്ലാവിന് തൈ പദ്ധതിയും നടപ്പിലാക്കിയിരുന്നു. ഖത്തറില്‍ വച്ച് നടക്കുന്ന 2022ലെ ലോകകപ്പിന് ഒരു ഗോളിന് ഒരു പ്ലാവിന് തൈ എന്ന പദ്ധതിയുമായാണ് ക്രൈസ്റ്റ് കോളജ്, കോളജിലെ തവനീഷ്, എന്‍എസ്എസ് യൂണിറ്റുകള്‍ സിഎസ്എ, ബൈയോ ഡൈവേഴ്സിറ്റി ക്ലബ്, ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ്, ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂള്‍ എന്നിവയുമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഖത്തറില്‍ താരങ്ങള്‍ എത്ര ഗോളുകള്‍ അടിച്ചാലും കേരളത്തില്‍ അവരുടെ പേരില്‍ പ്ലാവ് ഉണ്ടാകും. അതുപോലെ ഫുട്ബോള്‍ കളിക്കൂ മയക്കുമരുന്ന് അകറ്റൂ എന്ന സന്ദേശവും ഇതിലൂടെ നല്‍കുന്നുണ്ട്.