ലോകകപ്പ് : കരുവന്നൂരില്‍ ഇഷ്ടടീമുകളുടെ കൂറ്റന്‍ കട്ടൗട്ടറുകളുമായി ഫുട്ബോള്‍ പ്രേമികള്‍
കരുവന്നൂര്‍: ലോകകപ്പ് മല്‍സരങ്ങള്‍ ഖത്തറിലാണെങ്കിലും ഫുട്ബോള്‍ ലഹരി ഭൂഖണ്ഡങ്ങള്‍ പിന്നിട്ട് ഇവിടെയുമെത്തി. കരുവന്നൂരില്‍ ഫുട്ബോള്‍ പ്രേമികളുടെ ലോകകപ്പ് മല്‍സര ആവേശം വാനോളമായി. ഇടവഴികളില്‍ ഇഷ്ട ടീമിന്റെ ഫല്ക്സ് ഉയര്‍ത്താന്‍ ആരാധകരുടെ മല്‍സരമാണ്. ഇഷ്ട ടീമിന്റെ തോരണം തൂക്കിയും പതാക ഉയര്‍ത്തിയും ആവോശഭരിതരാണു യുവാക്കള്‍. ഫുട്ബോള്‍ പ്രേമികള്‍ 50 അടി ഉയരത്തില്‍ കൂറ്റന്‍ കട്ടൗട്ട് കരുവന്നൂര്‍ പുത്തന്‍തോട് കനാലിനു സമീപം ഉയര്‍ത്തി.
അര്‍ജന്റീന ആരാധകരാണ് മെസിയുടെ കൂറ്റന്‍ കട്ടൗട്ട് ആഘോഷമായി ഇന്നലെ ഉയര്‍ത്തിയത്. തേലപ്പിള്ളിയില്‍ നിന്നും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയാണ് മെസിയുടെ 50 അടിയുള്ള കട്ടൗട്ട് പുത്തന്‍തോടുള്ള കനാലിനു സമീപമെത്തിച്ചത്. പ്രായമായവും കുട്ടികളും മെസിയുടെ കട്ടൗട്ട് ഉയര്‍ത്തുന്ന ആവേശത്തില്‍ പങ്കുചേരുവാന്‍ എത്തിയിരുന്നു. പുത്തന്‍തോട് സെന്ററില്‍ ബ്രസീല്‍ ആരാധകര്‍ പടുകൂറ്റന്‍ ബോര്‍ഡും ഉയര്‍ത്തിയിട്ടുണ്ട്. ലോക കാല്പന്തുകളിയുടെ ആദ്യ വിസില്‍ ഖത്തറില്‍ മുഴങ്ങുബോള്‍ ഉയരുന്ന ആരവങ്ങളുടെ പ്രതിധ്വനി കരുവന്നൂരിലും അലയടിക്കും. ഇവിടെ പന്തലിട്ട് വലിയ സ്ക്രീനില്‍ കളി കാണുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. തൊട്ടടുത്ത ബംഗ്ലാവ് പരിസരവും നെയ്മറുടെ കട്ടൗട്ടും ബോര്‍ഡുകളും അര്‍ജന്റീന ബോര്‍ഡുകളും കൊടിതോരണങ്ങളും നിറഞ്ഞുകഴിഞ്ഞു.