സുധന് കൊലക്കേസ് ; വരന്തപ്പിള്ളി സ്വദേശിയായ പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി
ഇരിങ്ങാലക്കുട: പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്ന സുധന് എന്നയാളെ മുന്‍ വൈരാഗ്യത്താല്‍ ചെങ്ങല്ലൂര്‍ കള്ളു ഷാപ്പില് വച്ച് കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതി വരന്തരപ്പിള്ളി കരയാംപാടം കീടായി വീട്ടില്‍ രവീന്ദ്രന് മകന് രതീഷ് എന്ന കീടായി രതീഷ് (42) നെ കുറ്റക്കാരനെന്ന് ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ.എസ്. രാജീവ് കണ്ടെത്തി. 2020 ആഗസ്റ്റ് നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ അച്ഛനായ കീടായി രവീന്ദ്രനെ 1992 ല്‍ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്ന മഞ്ചേരി വീട്ടില്‍ രാഘവന് മകന് സുധനെ കോടതി വെറുതെ വിടുകയാണ് ഉണ്ടായത്. കേസില്‍
സുധനെ കോടതി വെറുതെ വിട്ട ദിവസം വൈകിട്ട് 5.45 മണിയോടെ ചെങ്ങാല്ലൂര്‍ കള്ളു ഷാപ്പില് വച്ച് തന്റെ അച്ഛനെ കൊന്നയാള്‍ എന്ന വൈരാഗ്യത്താല്‍ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ മാരകായുധമായ കത്തി കൈവശം വച്ച് സുധനെ അസഭ്യം പറഞ്ഞ് ഷര്‍ട്ടില്‍ പിടിച്ച് നിറുത്തി കുത്തി പരിക്കേല്പിക്കുകയായിരുന്നു. പരിക്കിന്റെ കാഠിന്യത്താല്‍ സുധന് സംഭവ സ്ഥലത്ത് വെച്ച് മരണമടഞ്ഞു. സംഭവത്തിന് ശേഷം വരന്തരപ്പിള്ളി ഭാഗത്തേക്ക് രക്ഷപ്പെട്ട പ്രതിയെ കുത്താന്‍ ഉപയോഗിച്ച ആയുധം സഹിതം പോലീസ് കസ്റ്റഡിയിലെടുക്കുകയാണുണ്ടായത്. കോടതിയില്‍ നിന്നും ജാമ്യത്തിലിറങ്ങിയ പ്രതി പിന്നീട് കേസിലെ ദൃക്സാക്ഷികളെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ജാമ്യം റദ്ദ് ചെയ്യുകയും വിചാരണ നടത്തുകയുമായിരുന്നു. ശിക്ഷ വിധിക്കുന്നതിനായി കേസ് മാര്‍ച്ച് 17 ലേക്ക് മാറ്റു വച്ചു. പുതുക്കാട് ഇന്‍സ്പെക്ടര്‍ ആയിരുന്ന ടി എന്‍ ഉണ്ണികൃഷ്ണന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ പ്രോസിക്യൂഷന് ഭാഗത്തു നിന്നും 23 സാക്ഷികളെ വിസ്തരിക്കുകയും 46 രേഖകളും ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. കേസില്‍ പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ജെ. ജോബി, അഡ്വക്കെറ്റുമാരായ ജിഷ ജോബി, എബിന് ഗോപുരന്‍ യാക്കൂബ് സുല്‍ഫിക്കര്‍ മുസഫര്‍ അഹമ്മദ് എന്നിവര്‍ ഹാജരായി.