കൂടല്‍മാണിക്യം ക്ഷേത്രത്തിലെ അന്നദാനം പണ്ടേ പ്രശസ്തം, പ്രസാദ ഊട്ടിന് ആയിരങ്ങള്‍

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തെക്കേ ഊട്ടുപുരയില്‍ പ്രസാദഊട്ട് കഴിക്കാമെത്തിയവരുടെ തിരക്ക്.
ഇരിങ്ങാലക്കുട: ഉത്സവത്തിനെത്തുന്ന എല്ലാവര്ക്കും ഭക്ഷണം കൊടുക്കുന്ന സമ്പ്രദായം കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ മഹത്വമാണ്. കടുത്ത ചൂടിനെ നേരിട്ടും മണിക്കൂറുകള്‍ വരിനിന്നാണ് അന്നദാനത്തില്‍ പങ്കാളികളാകുന്നത്. ഭക്ഷണം എന്നതില്‍ ഉപരിയായി വഴിപാട് എന്ന കാഴ്ചപ്പാടിലേക്ക് വളര്‍ന്നു കഴിഞ്ഞതായി ദേവസ്വം അധികൃതര്‍ പറയുന്നു. ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തിലും തെക്കേ ഊട്ടുപുരയിലുമായി പത്ത് ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തിനിടക്ക് എട്ട് ദിവസങ്ങളിലായി അറുപതിനായിരത്തോളം പേര്‍ക്കാണ് ദേവസ്വം നാലുനേരങ്ങളിലായി സൗജന്യ ഭക്ഷണം നല്‍കുന്നത്.
ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് അനുസരിച്ച് എത്തുന്ന ഉദ്യോഗസ്ഥര്‍, പോലീസ്, കലാകാരന്മാര്, ആനക്കാര്, മേളക്കാര്, ഉത്സവ വളണ്ടിയര്‍മാര്‍, ആഘോഷകമ്മിറ്റി ഭാരവാഹികള്‍ എന്നിവരെല്ലാം അന്നദാനത്തില്‍ പങ്കാളികളാകുന്നുണ്ട്. ഭക്തജനങ്ങള്‍ക്ക് തെക്കേ ഊട്ടുപുരയിലും മേളക്കാര്‍ക്കും വളണ്ടിയര്‍മാര്‍ക്കും കലാകാരന്മാര്ക്കും ഭാരവാഹികള്‍ക്കും മറ്റും കലാനിലയം ഹാളിലുമാണ് അന്നദാനം. രാവിലെ പ്രഭാതഭക്ഷണം, ഉച്ചക്ക് പ്രസാദഊട്ട്, ഉച്ചതിരിഞ്ഞ് ചായയും കടിയും രാത്രി ഭക്ഷണം എന്നിങ്ങനെയാണ് നല്‍കുന്നത്. കൂടല്‍മാണിക്യം ക്ഷേത്രംപോലെ തന്നെ ഊട്ടുപുരയും പണ്ടേ പ്രസിദ്ധമാണ്.
അന്നദാനത്തേക്കാള്‍ പ്രശസ്തമാണു പണ്ട് ഉത്സവകാലത്ത് ഇലയില്‍ വിളമ്പുന്ന പുളിങ്കറിക്കും. പുളിങ്കറി കൂട്ടി ചോറുണ്ടതിന്റെ ആസ്വാദ്യത പ്രസിദ്ധ കവി വൈലോപ്പിള്ളി ശ്രീധരമേനോന് ബാലചന്ദ്രന് ചുള്ളിക്കാടുമായി പങ്കുവെക്കുന്നുണ്ട്. കൂടല്‍മാണിക്യം ഊട്ടുപുര ഭക്ഷണം രുചിപ്പ് മധുരമൂറുന്ന വാക്കുകള്‍ കുഞ്ഞുണ്ണിമാഷ്, തട്ടേക്കാട് തുടങ്ങിയ പ്രശസ്ത എഴുത്തുകാരും പറഞ്ഞിട്ടുണ്ട്. കൊടിപ്പുറത്ത് വിളക്ക് ദിവസം മുതല്‍ പള്ളിവേട്ട ദിവസം വരെയാണ് അന്നദാനം. കൊടിപ്പുറത്ത് വിളക്ക്, വലിയ വിളക്ക്, പള്ളിവേട്ട എന്നിങ്ങനെ മൂന്ന് ദിവസങ്ങളില്‍ പ്രസാദഊട്ടിനൊപ്പം പായസം നല്‍കുന്നുണ്ട്. ഓരോ ദിവസവും ഏഴായിരത്തിലേറെ പേര്‍ക്ക് അന്നദാനം നല്‍കുന്നുണ്ട്.
ഭക്തജനങ്ങള്‍ക്ക് 11.30 മുതല്‍ രണ്ടുവരെയാണ് അന്നദാനമെങ്കിലും ക്യൂവിലുള്ള മുഴുവന്‍ പേര്‍ക്കും ഭക്ഷണം നല്‍കുന്നുണ്ട്. ഭൂപരിഷ്കരണ നിയമം വരുന്നതിന് മുമ്പ് പതിനായിരക്കണക്കിന് നെല്ലാണ് ക്ഷേത്രത്തിന് പാട്ടം കിട്ടിയിരുന്നത്. അന്ന് ഉണക്കല്ലരി നിവേദ്യമായിരുന്നുഉത്സവക്കാലത്ത് ഉച്ചഭക്ഷണത്തിന് നല്‍കിയിരുന്നത്. പ്രഭാതഭക്ഷണത്തിന് അന്ന് നേദ്യച്ചോറാണ് നല്‍കുക. ഊരകം സ്വദേശിയും പ്രമുഖ പാചകക്കാരനുമായ ഉണ്ണികൃഷണന്നായരാണ് ഇക്കുറി പാചകത്തിന്റെ ചുമതല ഏറ്റെടുത്തിരിക്കുന്നത്. ആദ്യമായാണ് ഉണ്ണികൃഷണന് നായര്‍ കൂടല്‍മാണിക്യം ഉത്സവത്തിന്റെ പാചകം ഏറ്റെടുക്കുന്നത്. പത്ത് ദിവസങ്ങളിലായി നടക്കുന്ന അന്നദാനത്തിന് 35 ലക്ഷത്തോളം രൂപയാണ് ചിലവ്.

ഏഴാ ഉത്സവം, കൂടല്‍മാണിക്യത്തില്‍ ഇന്ന്
(സ്പെഷ്യല്‍ പന്തലില്‍)
ഉച്ചതിരിഞ്ഞ് ഒരുമണി മുതല്‍ 4.45 വരെ തിരുവാതിരക്കളി, 4.50 മുതല്‍ 5.10 വരെ എടക്കുളം സ്വാതി സ്റ്റാന്‍ലിയുടെ നൃത്തനൃത്യങ്ങള്‍, 5.15 മുതല്‍ 5.40 വരെ തൃശൂര്‍ അപര്‍ണ മോഹന്റെ ഭരതനാട്യം, 5.45 മുതല്‍ 6.10 വരെ നടവരമ്പ് മാണിക്യം കലാക്ഷേത്രയുടെ നൃത്തനൃത്യങ്ങള്‍, 6.15 മുതല്‍ 7.35 വരെ ശ്രീദേവി, ദേവിക, കാര്‍ത്തിക ഷാജി എന്നിവരുടെ ഭരതനാട്യം, 7.40 മുതല്‍ 8.35 വരെ ബാംഗ്ലൂര്‍ അര്‍ക്ക കലാ കുടീര ഭാനുപ്രിയ രാഗേഷിന്റെ ഭരതനാട്യം, 8.40 മുതല്‍ 10 വരെ കൊച്ചി ആര്‍ദ്ര രവിയുടെ ഭരതനാട്യം.
(സംഗമം വേദിയില്‍)
രാവിലെ 8.30മുതല്‍ ശീവേലിക്കും രാത്രി 9.30 മുതല്‍ വിളക്കിനും കിഴക്കൂട്ട് അനിയന്മാരാര് പ്രമാണം വഹിക്കും. ഉച്ചതിരിഞ്ഞ് ഒരുമണി മുതല്‍ 2.55 വരെ തിരുവാതിരക്കളി, 2.40 മുതല്‍ 3.25 വരെ എറണാകുളം മുരളിക ഡോ. ബിനു ഉപേന്ദ്രന്റെ അഷ്ടപദി, 3.30 മുതല്‍ 4.10 വരെ ചേലൂര്‍ യാമു സൂരജും സംഘവും അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍, 4.15 മുതല്‍ 4.55 വരെ ചെന്നൈ ശരണ്‍ മോഹനും രേഷ്മ ശരണ്‍ എന്നിവരുടെ ഭരതനാട്യകച്ചേരി, അഞ്ച് മുതല്‍ 5.55 വരെ അമ്പലപ്പുഴ വിജയകുമാറിന്റ സോപാനസംഗീതം, ആറ് ുതല്‍ 6.55 വരെ ചെന്നൈ കലൈമാമണി രശ്മി മേനോന്റെ മോഹിനിയാട്ടം, ഏഴ് മുതല്‍ 7.55 വരെ ബംഗ്ലൂര് നവിയ നടരാജന്റെ ഭരതനാട്യം, എട്ട് മുതല്‍ 10 വരെ തൃപ്പുണ്ണിത്തുറ ടി.എച്ച്. സുബ്രഹ്മണ്യത്തിന്റെ വയലിന് കച്ചേരി, രാത്രി 12ന് സര്‍വതോഭദ്രം കലാകേന്ദ്രത്തിന്റെ കഥകളി സന്താനഗോപാലം, നരകാസുരവധം.