മരുന്നിനൊപ്പം വിഷമില്ലാത്ത ഭക്ഷണവും
പൊറത്തിശേരി പ്രാഥമികാരോഗ്യകേന്ദ്രം വളപ്പിലെ പച്ചക്കറിത്തോട്ടത്തില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഫാരിസും ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്‍.ആര്. രതീഷും ജീവനക്കാരും.

കാടുപിടിച്ച പൊറത്തിശേരി ആശുപത്രി വളപ്പില്‍ 100 വാഴയും 500 കപ്പയും 60 ഇനം ഔഷധസസ്യങ്ങളും
പൊറത്തിശേരി: ആശുപത്രിയിലെത്തുന്നവര്‍ക്ക് മരുന്നിനൊപ്പം ആരോഗ്യത്തിന്റെ മറ്റൊരു സന്ദേശവും പകരുകയാണ് പൊറത്തിശേരി പ്രാഥമികാരോഗ്യകേന്ദ്രം. കാടുകയറി ഉപയോഗശൂന്യമായി കിടന്നിരുന്ന ആശുപത്രി വളപ്പിലെ 64 സെന്റ് സ്ഥലത്ത് ഡോക്ടറും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന് ഒരുക്കിയ ജൈവകൃഷിയാണ് ശ്രദ്ധേയമാകുന്നത്. ചികിത്സയ്ക്കൊപ്പം വിഷരഹിത ഭക്ഷണത്തിന്റെയും പ്രകൃതിയുടെയും പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്ന ഈ കൃഷിയിടം ആരോഗ്യകേന്ദ്രത്തിന്റെ വേറിട്ട മാതൃകയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ഡിസംബറിലാണ് ആശുപത്രി വളപ്പിലെ കാടുകയറിയ സ്ഥലം കൃഷിയോഗ്യമാക്കണമെന്ന ആശയം ജീവനക്കാര്‍ക്കിടയില്‍ രൂപപ്പെട്ടത്. മെഡിക്കല്‍ ഓഫീസര്‍ ഡോ. ഫാരിസിന്റെയും ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്‍.ആര്. രതീഷിന്റെയും നേതൃത്വത്തില്‍ ജീവനക്കാര്‍ ജോലിസമയത്തിനുശേഷം മണ്ണിലേക്കിറങ്ങി.
കൂട്ടായ അധ്വാനത്തിലൂടെ കാടുപിടിച്ചുകിടന്ന ഭൂമി ദിവസങ്ങള്‍ക്കുള്ളില്‍ പച്ചപ്പിന്റെ ഇടമായി മാറുകയായിരുന്നു. ഇന്ന് ഇവിടെ 30 ഇനങ്ങളിലായി 100 വാഴകളും 500 കപ്പച്ചെടികളും വളരുന്നു. ഇതിന് പുറമെ 60 ഇനം അപൂര്‍വ ഔഷധസസ്യങ്ങള്‍ക്കൊപ്പം പച്ചമുളക്, ചേമ്പ്, കൂര്‍ക്ക, വെണ്ട, തക്കാളി, കുക്കുമ്പര്‍, ചെണ്ടുമല്ലി, പയര്‍ തുടങ്ങിയ പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് എന്‍എസ്എസ് വിഭാഗത്തിന്റെ സഹകരണത്തോടെ ഔഷധസസ്യത്തോട്ടവും ഒരുക്കിയിട്ടുണ്ട്. ജീവിതശൈലീരോഗങ്ങളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആശുപത്രിയില്‍ ഫിറ്റ്നസ് സെന്റര്‍ ആരംഭിച്ചതിന് പിന്നാലെയാണ് കൃഷിയെന്ന ആശയവും ജീവനക്കാര്‍ക്കിടയില്‍ സജീവമായത്.
ആദ്യം ജീവനക്കാരുടെ കൂട്ടായ്മയില്‍ ചെറിയ തോതില്‍ ആരംഭിച്ച കൃഷി പിന്നീട് 64 സെന്റിലേക്കും വ്യാപിക്കുകയായിരുന്നു. രാസവളങ്ങളും രാസമാലിന്യങ്ങളും ഒഴിവാക്കി പൂര്‍ണമായും ജൈവരീതിയിലാണ് കൃഷി. ഇവിടെ വിളയുന്ന പച്ചക്കറികളും മറ്റ് കാര്‍ഷിക ഉല്പന്നങ്ങളും ആശുപത്രിയിലെ പാലിയേറ്റീവ് വിഭാഗത്തിന് നല്‍കാനാണ് ലക്ഷ്യമിടുന്നത്. രോഗികള്‍ക്ക് മരുന്നിനൊപ്പം സുരക്ഷിതവും വിഷരഹിതവുമായ ഭക്ഷണവും ഒരുക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ സംരംഭം, ആരോഗ്യപരിപാലനം ആശുപത്രിയുടെ ചുവരുകള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങുന്നതല്ലെന്ന സന്ദേശം കൂടിയാണ് നല്‍കുന്നത്. കാടപിടിച്ച ഭൂമിയെ കൃഷിയിടമാക്കി മാറ്റിയ ജീവനക്കാരുടെ കൂട്ടായ്മയും അധ്വാനവും ഇന്ന് ആശുപത്രി വളപ്പില്‍ ആരോഗ്യത്തിന്റെ പച്ചപ്പ് തീര്‍ക്കുകയാണ്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുടയിലെ കോടതികള്‍ ഇനി പുതിയ കോര്‍ട്ട് കോംപ്ലക്സില്‍
ഇരിക്കണമെങ്കില്‍ 15 രൂപ, നില്ക്കാന് അഞ്ച് രൂപ; സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് അലിഖിത നിരക്ക്
റോള്‍ ബോള്‍ ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാവായ ജോസിലിന്‍ അനുമോദനം
കയറില്‍ കരുത്തും കൂട്ടായ്മയില്‍ വിജയവും; പഴൂക്കര സെന്റ് ജോസഫ് ഇടവകയ്ക്ക് വടംവലി കിരീടം
ഐടിയു ബാങ്കിലെ പ്രതിസന്ധി; അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി
ഗണിതശാസ്ത്രത്തില്‍ പിഎച്ച്ഡി നേടി