കെയര്‍ അറ്റ് ഹോം പദ്ധതിക്കും എസ്എച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സ് കോഴ്സുകള്‍ക്കും തുടക്കമായി
പുല്ലൂര്‍: സേക്രഡ് ഹാര്‍ട്ട് മിഷന് ആശുപത്രി ഫൗണ്ടര്‍ ഡയറക്ടറായിരുന്ന മോണ്‍. പോള്‍ ചിറ്റിലപ്പിള്ളിയുടെ 40-ാം ചരമവാര്‍ഷികം ആചരിച്ചു. ചരമവാര്‍ഷികത്തോടനുബന്ധിച്ചുള്ള ദിവ്യബലിയ്ക്കു ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് ആശുപത്രി ഓഡിറ്റോറിയത്തില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനം ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്തു. കോണ്ഗ്രിഗേഷന് ഓഫ് സമരിറ്റന്‍ സിസ്റ്റേഴ്സ് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ആനി തോമസിയ സിഎസ്എസ് അധ്യക്ഷത വഹിച്ചു. അനുസ്മരണ ചടങ്ങിനോടനുബന്ധിച്ചു ഓപ്പറേഷന് തിയറ്റര്‍ കോംപ്ലക്സിന്റെ ഉദ്ഘാടനം ആശുപത്രിയിലെ സീനിയര്‍ സൈക്യാട്രിസ്റ്റ് ഡോ. എം.വി. വാറുണ്ണിയും സീനിയര്‍ അനെസ്തേറ്റിസ്റ്റ് ഡോ. പി.എസ്. മോഹനനും ചേര്‍ന്നു നിര്‍വഹിച്ചു. എസ്എച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സ് കോഴ്സിന്റെ പ്രഖ്യാപനം മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു. ആശുപത്രി ആരംഭിച്ച പുതിയ കോഴ്സില്‍ ലബോറട്ടറി, ഫാര്‍മസി, ഡയാലിസിസ്, എക്സ് റേ, ഫ്രന്റ് ഓഫീസ് മാനേജ്മന്റ് ഡിപ്ലോമ കോഴ്സുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതായി മാനേജ്മന്റ് അറിയിച്ചു. ‘കെയര്‍ അറ്റ് ഹോം’ പദ്ധതിയുടെ പ്രഖ്യാപനം കോണ്ഗ്രിഗേഷന് ഓഫ് സമരിറ്റന്‍ സിസ്റ്റേഴ്സ് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ആനി തോമസിയ സിഎസ്എസ് നിര്‍വഹിച്ചു. വീട്ടിലെത്തുന്ന ആതുരസേവനം എന്ന ആശയവുമായി ‘ഫാര്‍മസി അറ്റ് ഹോം’, ‘ലാബ് അറ്റ് ഹോം’, ‘മെഡിക്കല്‍ സര്‍വീസ് അറ്റ് ഹോം’, ‘ആംബുലന്‍സ് അറ്റ് ഹോം’ തുടങ്ങിയ ആശുപത്രി സേവനങ്ങള്‍ അര്‍ഹരായവര്‍ക്കു എത്തിക്കുന്ന വിപുലമായ പദ്ധതിയാണു ‘കെയര്‍ അറ്റ് ഹോം’. ഇരിങ്ങാലക്കുടയുടെ പ്രാന്തപ്രദേശങ്ങളില്‍ വീടുകളില്‍ കിടപ്പു രോഗികളായി കഴിയുന്നവര്‍ക്കുള്ള പദ്ധതിയാണു ഇത് ആവിഷ്കരിച്ചിരിക്കുന്നത്. ഇരിങ്ങാലക്കുട രൂപത വൈസ് ചാന്‍സലര്‍ റവ. ഡോ. കിരണ്‍ തട്ട്ല, ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ഫ്ളോറി, മെഡിക്കല്‍ സൂപ്രണ്ട് ഡോ. സിസ്റ്റര്‍ റീറ്റ, ആശുപത്രി മുന്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ മേരി മെലാനി, സീനിയര്‍ സൈക്കിയാട്രിസ്റ്റ് ഡോ. എം.വി. വാറുണ്ണി, ആശുപത്രി മാനേജര്‍ ഓപ്പറേഷന്‍സ് ആന്‍ജോ ജോസ് എന്നിവര്‍ പ്രസംഗിച്ചു.