വാള് വീശി നാടുവിട്ട കുപ്രസിദ്ധ ഗുണ്ടയെ മുംബൈയില്‍ നിന്ന് പൊക്കി റൂറല്‍ പോലീസ്
ഇരിങ്ങാലക്കുട: തൃശൂര്‍ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയെ മുംബൈയിലെ ഒളിസങ്കേതത്തില്‍ നിന്ന് പോലീസ് പിടികൂടി. കാട്ടൂര്‍ സ്വദേശി നന്ദനത്തുപറമ്പില്‍ ഹരീഷിനെയാണ് (47) തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസിന്റെ സംഘം സാഹസികമായി പിടികൂടിയത്. തിങ്കളാഴ്ച പുലര്‍ച്ചെ ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ബഹുനില ഫ്ളാറ്റിലേക്ക് അഞ്ചംഗ പോലീസ് ഇരച്ചുകയറി ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. മുപ്പത്തെട്ടോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പിടിയിലായ ഹരീഷ്. കഴിഞ്ഞ വര്‍ഷം ഇയാള്‍ പഴുവില്‍ സ്വദേശിയെ തല്ലിയ കേസിലും, പോലീസിനു നേരേ വാളു വീശിയ കേസിലും ഒളിവില്‍ പോയിരുന്നു. അന്ന് കരണാടകയിലെ കോളാറില്‍ നിന്ന് ഏറെ ശ്രമകരമായാണ് ഇയാളെ പിടികൂടിയത്. ജയിലില്‍ നിന്ന് ജാമ്യത്തില്‍ ഇറങ്ങിയ ശേഷം പാലാരിവട്ടം സ്വദേശിയെ ദേഹോപദ്രവം ഏല്‍പ്പിച്ച കേസില്‍ പ്രതിയായി. ആ കേസിലും ഇയാള്‍ പിടികിട്ടാപുള്ളിയാണ്. അതിനു ശേഷം ഇക്കഴിഞ്ഞ ജൂണില്‍ രഹസ്യമായി അന്തിക്കാട് എത്തിയ ഹരീഷ് വഴിയരികില്‍ നില്‍ക്കുകയായിരുന്ന താന്ന്യം സ്വദേശിയെ പ്രകോപനമില്ലാതെ വടിവാള്‍ കൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചു. നാടിനു ഭീഷണിയായ ഇയാള്‍ പോലീസിനും നിരന്തരം തലവേദനയാണ്. ഇയാള്‍ക്കെതിരെ കാപ്പ ചുമത്തിയാണ് ഇപ്പോള്‍ അറസ്റ്റു ചെയ്തിട്ടുള്ളത്. കാട്ടൂര്‍ സ്റ്റേഷനില്‍ ഇരുപത്തിനാലു ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഹരീഷ് വലപ്പാട് ആറും ചേര്‍പ്പ് രണ്ടും കേസുകളില്‍ പ്രതിയാണ്. അന്തിക്കാട്, കളമശേരി, കൊടകര, വാടാനപ്പിള്ളി, ഒല്ലൂര്‍, മതിലകം, പാലാരിവട്ടം തുടങ്ങി ഒന്‍പത് സ്റ്റേഷനില്‍ വിവിധ കേസുകളില്‍ പ്രതിയാണ്. അന്തിക്കാട് ഇന്‍സ്പെക്ടര്‍ പി.കെ. ദാസ്, കാട്ടൂര്‍ ഇന്‍സ്പെക്ടര്‍ മഹേഷ് കുമാര്‍, എസ്ഐ അരിസ്റ്റോട്ടില്‍, സ്റ്റീഫന്‍, എഎസ്ഐ മാരായ പി. ജയകൃഷ്ണന്, മുഹമ്മദ് അഷറഫ്, സീനിയര്‍ സിപിഒമാരായ ഇ.എസ്. ജീവന്, സോണി സേവ്യര്‍, സിപിഒമാരായ ശബരി കൃഷ്ണന്, കെ.എസ്. ഉമേഷ്, എം.വി. മാനുവല്‍, ഷറഫുദ്ദീന് എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.