നിറഞ്ഞുതുളുമ്പി ചവിട്ടുനാടകവേദി; തകര്‍ത്ത് കളിച്ചു ജാന്‍സി റാണി, വേദിയില്‍ നിറഞ്ഞു വിശുദ്ധനായ ഗീവര്ഗീസിന്റ കഥയും കാറല്‍ മാന്‍ ചരിതവും
ഹൈസ്കൂള്‍ വിഭാഗത്തില്‍ ചെമ്പൂക്കാവ് ഹോളി ഫാമിലിയും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തല്‍ എടതിരിഞ്ഞി എച്ച്ഡിപിയും ജേതാക്കള്‍
ഇരിങ്ങാലക്കുട: വര്‍ണവും ചടുലചുവടുകളുമായി ചവിട്ടുനാടകമത്സരം മികവിലേക്കുയര്‍ന്നതോടെ വേദി നിറഞ്ഞുതുളുമ്പി. ചെന്തമിഴ് ഭാഷയില്‍ എഴുതപ്പെട്ട കേരളത്തിലെ ക്രൈസ്തവ കലാരൂപമായ ചവിട്ടു നാടകം കാറല്‍ മാന്‍ ചരിതവും, വിശുദ്ധനായ ഗീവര്ഗീസിന്റ കഥയും ജാന്‍സി റാണിയുടെ പോരാട്ടങ്ങളും പറഞ്ഞു ചടുല താളങ്ങളുമായി വേദിയില്‍ അരങ്ങേറിയപ്പോള്‍ കാണികളില്‍ നിന്നും കരഘോഷങ്ങള്‍ ഉയര്‍ന്നു. ജാന്‍സി റാണിയുടെ കഥ പറഞ്ഞു ആടിത്തിമിര്‍ത്ത ചവിട്ടുനാടകത്തിന്റെ ഭാഗങ്ങളില്‍ റാണിയുടെ നൃത്ത മികവും ആവിഷ്കാരവും ശ്രദ്ധേയമായി. റാണിയും സൈന്യവും ബ്രിട്ടീഷുകാരും മുത്തശിക്കഥയില് എന്ന പോലെ തന്മയത്വത്തോടെ വേദിയില്‍ നിറഞ്ഞാടി. ഭരതംഭയെ വിളിച്ചു റാണി ലക്ഷ്മിഭായി വിട പറയുമ്പോള്‍ സദസില്‍ കയ്യടി ഉയര്‍ന്നു. ഹൈസ്കൂള്‍ വിഭാഗത്തില്‍ എടതിരിഞ്ഞി എച്ച്ഡിപി സ്കൂളിലെ ടി.ജെ. മീരയാണ് ജാന്‍സി റാണി ആയി അരങ്ങു തകര്‍ത്തത്. പരിശീലന കുറവ് മൂലം ചുവടുകള്‍ ഉറച്ചിട്ടില്ലെന്നും വ്യത്യസ്തമായ പ്രമേയങ്ങള്‍ അവതരിപ്പിക്കപ്പെട്ടത് നിലവാരം ഉയര്‍ത്തിയെന്നും വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. ഹൈസ്കൂള്‍ വിഭാഗത്തില്‍ ചെമ്പൂക്കാവ് ഹോളിഫാമിലി സ്കൂള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കോട്ടയം സ്വദേശി ബ്രിട്ടോയാണ് പരിശീലകന്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ എടതിരിഞ്ഞി എച്ച്ഡിപി സമാജം സ്കൂള്‍ മാത്രമാണ് പങ്കെടുത്തത്. പറവൂര്‍ സ്വദേശി അലക്സ് തോറ്റൂക്കാരനാണ് പരിശീലകന്.