കേരളീയകലകളില്‍ മത്സരാര്‍ഥികള്‍ കുറയുന്നു, കഥകളിക്കും കൂത്തിനും മത്സരിക്കാനാളില്ല
ഇരിങ്ങാലക്കുട: ഉണ്ണായിവാര്യരും അമ്മന്നൂര്‍ മാധാവചാക്യാരും ഉള്‍പ്പെടെയുള്ള പ്രതിഭാധനന്മാരുണ്ടായ നാട്ടില്‍ ക്ഷേത്രകലകളില്‍ പങ്കെടുക്കാന്‍ പുതിയ തലമുറ വിമുഖത കാട്ടുന്നത് നിരാശാജനകം. ചാക്യാര്‍കൂത്തിന്റെ ഈറ്റില്ലമായ ഇരിങ്ങാലക്കുടയിലെ കലോത്സവത്തില്‍ രംഗത്തുണ്ടായത് ആകെ രണ്ടുപേര്‍ മാത്രം. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഓരോ പേര് വീതമാണ് അരങ്ങിലെത്തിയത്. അമ്മന്നൂര്‍ മാധവ ചാക്യാരുടെയും ജന്മസ്ഥലവും ക്ഷേത്രകലകളുടെ ഈറ്റില്ലവുമാണ് ഇരിങ്ങാലക്കുട. വര്‍ഷങ്ങളോളം അഭ്യസിച്ച് മെയ്വഴക്കം വരുത്തി ആചാരാനുഷ്ഠാനങ്ങളോടെ അവതരിപ്പിക്കുന്ന ചാക്യാര്‍കൂത്ത് കലയിലേക്ക് പുതിയ തലമുറ തിരിയുന്നില്ല. ചാക്യാര്‍കൂത്ത് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ നാലു പേര് മത്സരത്തിന് പേര് തന്നിരുന്നുവെങ്കിലും മൂന്നും പേരും എത്തിയില്ല. ചാവക്കാട് ഉപജില്ലയിലെ ഗുരുവായൂര്‍ ശ്രീകൃഷ്ണ എച്ച്എസ്എസിലെ പി.ആര്. ഗണേഷ് മാത്രമാണ് മത്സരരംഗത്തുണ്ടായത്. ചാക്യാര്‍കൂത്ത് ഹൈസ്കൂള്‍ വിഭാഗത്തിലും ഒരാള്‍ മാത്രമാണ് മത്സരത്തിനുണ്ടായിരുന്നത്. ചാലക്കുടി കാര്‍മല്‍ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഗോവര്ധനന് മാത്രം. ഇരുവരുടെയും ഉപജില്ലകളില്‍ മത്സരിക്കുവാന്‍ മറ്റാരും ഉണ്ടായിരുന്നില്ല. കഥകളി ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മത്സരിച്ചത് ഓരോരുത്തരാണ്. മത്സരങ്ങളുടെ സമയക്രമത്തിലുണ്ടായ മാറ്റമാണ് പെണ്‍കുട്ടികളെ അകറ്റിയത്. മത്സരം ഒഴിവാക്കി അവര്‍ക്ക് സംസ്ഥാനതലത്തിലേക്ക് അര്‍ഹത നല്കി. ആണ്‍കുട്ടികള്‍ വേഷംകെട്ടി സജ്ജരായതിനാല് അരങ്ങില്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കുകയായിരുന്നു. കഥകളി കലാകാരന്മാരുടെ മക്കളാണ് മത്സരിച്ച രണ്ടുപേരും. ഹൈസ്കൂള്‍ വിഭാഗത്തില്‍ മത്സരിച്ച യദുകൃഷ്ണന് അടുത്തിടെ അന്തരിച്ച കലാലയം ഗോപിനാഥന്റെ മകനാണ്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മത്സരിച്ച യദുകൃഷ്ണന് കലാമണ്ഡലം ഷണ്മുഖദാസിന്റെ മകനാണ്. ക്ഷേത്രകല എന്നതിലുപരി ഒരു സംസ്കാരത്തിന്റെ ഭാഗം കൂടിയായ ചാക്യാര്‍കൂത്ത് ജനമനസുകളിലേക്ക് എത്തിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വിധിനിര്ണയിച്ചവരും വിലയിരുത്തി.