പടിയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചുമതലയേറ്റു
പടിയൂര്‍: പടിയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍ഡിഎഫ് ധാരണ പ്രകാരം സിപിഐയിലെ കെ.എം. പ്രേമവത്സന്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. കെസിഇസി മുന്‍ സംസ്ഥാന കമ്മിറ്റി അംഗം, സിപിഐ മുന്‍ ലോക്കല്‍ അസിസ്റ്റന്റ് സെക്രട്ടറി, എടതിരിഞ്ഞി സര്‍വീസ് സഹകരണ ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറിയായി വിരമിച്ചു. ജനയുഗം പത്രത്തിന്റെ ഏജന്റുമാണ്. തുടര്‍ന്ന് നടന്ന സ്വീകരണത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ കെ.വി. രാമകൃഷ്ണന്, സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ.സി. ബിജു, ലോക്കല്‍ സെക്രട്ടറി വി.ആര്. രമേഷ് മണ്ഡലം കമ്മിറ്റി അംഗങ്ങളായ ടി.വി. വിബിന് ബാബു ചിങ്ങാരത്ത് എന്നിവര്‍ ഹാരമണിഞ്ഞു സ്വീകരിച്ചു.
14 അംഗങ്ങള്‍ ഉള്ള പഞ്ചായത്ത് കമ്മിറ്റിയില്‍ എട്ട് പേര് എല്‍ഡിഎഫും നാല് ബിജെപിയും രണ്ട് അംഗങ്ങള്‍ കോണ്‍ഗ്രസുമാണ്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച പ്രേമവത്സന്‍ എട്ടും ബിജെപിയിലെ ബിജോക്ക് നാലു വോട്ടും ലഭിച്ചു. കോണ്‍ഗ്രസ് അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു.