മുകുന്ദപുരം താലൂക്കില്‍ നാലിടങ്ങള്‍ മണ്ണിടിച്ചില്‍ ഭീഷണിയില്‍, 66 കുടുംബങ്ങള്‍ക്ക് മാറി താമസിക്കുവാന്‍ നിർദേശം നല്കി

ഇരിങ്ങാലക്കുട: കാലവര്‍ഷം കണക്കിലെടുത്ത് മുകുന്ദപുരം താലൂക്കില്‍ നാല് സ്ഥലങ്ങളില്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ, 66 കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ നടപടി തുടങ്ങി. ഇരിങ്ങാലക്കുട നഗരസഭയില്‍ പൊറത്തിശേരി മാടായിക്കോണം വില്ലേജില്‍ വാതില്‍മാടം കോളനി, വെള്ളാങ്കല്ലൂര്‍ പഞ്ചായത്തില്‍ തെക്കുംകര വില്ലേജില്‍ മുസാഫരിക്കുന്ന്, കാറളം പഞ്ചായത്തില്‍ കോഴിക്കുന്ന്, പുത്തന്‍ചിറ വില്ലേജില്‍ പുത്തന്‍ചിറ കുംഭാര സമാജം റോഡ് എന്നിവിടങ്ങളിലാണ് മണ്ണിടിച്ചില്‍ ഭീഷണിയുള്ളതായി റിപ്പോര്‍ട്ടുള്ളത്. 2018 19 വര്‍ഷത്തെ പ്രളയത്തിന്റെയും മണ്ണിടിച്ചിലിന്റെയും പശ്ചാത്തലത്തിലായിരുന്നു പരിശോധന.
മണ്ണു സംരക്ഷണ വകുപ്പ്, മൈനിംഗ് ആന്‍ഡ് ജിയോളജി, ഗ്രൗണ്ട് വാട്ടര്‍, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങിയവയാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. കാലവര്‍ഷം ആരംഭിക്കും മുമ്പ് വെള്ളപ്പൊക്കം, കടല്‍ക്ഷോഭം, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ഈ പ്രദേശങ്ങളിലെ 63 കുടുംബങ്ങളോട് മാറി താമസിക്കുവാന്‍ കഴിഞ്ഞ ദിവസം നോട്ടീസ് നല്കി. മുസാഫരിക്കുന്നിലാണ് ഏറ്റവും കൂടുതല്‍ കുടുംബങ്ങളുള്ളത്. 23 കുടുംബങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം വില്ലേജ് ഓഫീസര്‍ മുഖേന മാറിതാമസിക്കുവാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
സത്താര്‍ പനംപറമ്പില്‍, ഷംസുദ്ദീന് വലിയകത്ത്, മുഹമ്മദ് കുഴിക്കണ്ടത്തില്‍, സൈനബ കുംബളത്തുവീട്, നസീറ അറക്കപറമ്പില്‍, ആത്തിക്ക വെളുത്തേരി, ലുബീന കല്ലുവിള തേക്കേവീട്ടില്‍, ജാസ്മി പുഞ്ചപറമ്പില്‍, കൊച്ചാമി ഇടപ്പുള്ളി, ശോഭന ചെന്നറ, ഷമീറ ജാഫര്‍ കോക്കാത്തിലത്ത്, റംല ഹംസ ചീനിക്കാപുറത്ത്, അംബിക ശശി മൂത്തോളില്, മനോഹരന് വേലപറമ്പില്‍, അയ്യപ്പന് മാണാന്, സജ്ന തേപ്പറമ്പില്‍, ഐഷാബി തെരുവില്‍, എം.വി. പ്രീതി കോഴിപറമ്പില്‍, ലൈല അറക്കല്‍, സാജിത ആലിയംവീട്ടില്, ഷക്കീല വാഴപറമ്പില്‍, ബിന്ദു സജീവന് പണ്ണാര്ത്തില്, വി.പി. മനീഷ് വേലപ്പറമ്പില് എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
പൊറത്തിശേരി വാതില്‍മാടം കോളനിയില്‍ ഏഴു കുടുംബങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഗിരീഷ് പേടിയ്ക്കാട്ടുപറമ്പില്, കാളിക്കുട്ടി ചേനങ്ങത്ത്, സുഹറ ബീവി അറക്കല്‍, കൗല്യ പാട്ടത്താഴത്ത്, കുട്ടന് മുരിങ്ങത്ത്, ഭവാനി നൊച്ചിവളപ്പില്, പാര്കുത്ത് കല്യാണി എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. കാറളം കോഴിക്കുന്നില്‍ വിമല അയ്യപ്പന് മുല്ലയ്ക്കല്, ബാബു പുള്ളത്ത്, കൊച്ചക്കന് കാരിക്കുടം, ഔസേപ്പ് ആലപ്പാടന്‍, ദിവാകരന് ഒറവുങ്ങല്‍, അമ്മിണി മനംപിലായ്ക്കല്, രമേശ് മഠത്തിവീട്ടില്‍, രാധാകൃഷ്ണന് വെള്ളാഞ്ചേരി, ശിവരാമന് താണിയത്ത് എന്നീ ഒമ്പത് കുടുംബങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്.
പുത്തന്‍ചിറ കുംഭാര സമാജം റോഡില്‍ 22 കുടുംബങ്ങള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.
വെള്ളപ്പൊക്ക ഭീഷണി, ഏഴ് കുടുംബങ്ങളോട് മാറി താമസിക്കുവാന്‍ നിര്‍ദേശം
കരുവന്നൂര്‍ പുഴക്കു സമീപം താമസിക്കുന്ന ഏഴു കുടുംബങ്ങളോട് മാറി താമസിക്കുവാന്‍ ആവശ്യപ്പെട്ട് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കരുവന്നൂര്‍ പുഴയില്‍ ക്രമാതീതമായി വെള്ളം ഉയര്‍ന്നാല്‍ ഇവരുടെ വീടുകളിലേക്കു വെള്ളം കയറുവാന്‍ സാധ്യതയുണ്ട്. അശോകന് വെള്ളാനി, വേലായുധന് പന്തളത്തു, മണി ചക്കാമ്പി, ബാബു മുങ്കത്ത്, ബീന കല്ലിങ്ങപ്പുറം, രാധിക ശിവരാത്രി വീട്, സുകുമാരി അഴിച്ചങ്ങാട്ടില് എന്നിവര്‍ക്കാണ് മാറി താമസിക്കുവാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ള്. നോട്ടീസ് ലഭിച്ചവരെ മാറ്റി താമസിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ വില്ലേജ് അധികൃതരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സ്വീകരിക്കും.