വ്യവസായത്താല്‍ അഭിവൃദ്ധി നേടി കര്‍മശ്രേഷ്ഠനായ സാമൂഹികസേവകന്‍- കാട്ടിക്കുളം ഭരതന്

ദീപിക സംഘടിപ്പ ദിശ 2024 ചടങ്ങില്‍ വച്ച് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ കാട്ടികുളം ഭരതനെ അനുമോദിക്കുന്നു.
ഇരിങ്ങാലക്കുട: ഫ്രാന്സിലെവ്യവസായം കൊണ്ട് നാടിനെ സമ്പന്നമാക്കിയ കര്മ്മശ്രേഷ്ടനായ സാമൂഹികാസേവകനാണ് ഇന്നലെ വിടപറഞ്ഞ കാട്ടിക്കുളം ഭരതന്. ഇരിങ്ങാലക്കുട പൊറത്തിശേരി കാട്ടിക്കുളം കുമാരന്റേയും കല്യാണിയുടേയും മകനായ കാട്ടിക്കുളം ഭരതന്, താണിശേരി എല്‍പി സ്കൂളിലും നാഷണല്‍, ബോയ്സ് സ്കൂളുകളിലുമായി പഠനം പൂര്‍ത്തിയാക്കിയ ശേഷം അവിചാരിതമായാണ് ബോംബെയിലും ഫ്രഞ്ചു കോളനിയായിരുന്ന പോണ്ടിച്ചേരിയിലും ജോലി തേടിയെത്തുന്നത്. കുറച്ചുകാലം പോണ്ടിച്ചേരിയിലെ സ്റ്റുഡിയോയില്‍ ജോലി ചെയ്യുമ്പോഴാണ് ഫ്രാന്‍സിലേക്ക് ഒരു സുഹൃത്തിന്റെ സഹായത്തോടെ വിമാനം കയറുന്നത്. പാരിസില്‍ ഒരു തുണിവ്യാപാര സ്ഥാപനത്തിലാണ് ഭരതന് ജോലി കിട്ടിയത്.
നിരവധി യാതനകളിലൂടെയായിരുന്നു ഫ്രാന്‍സിലെ ആദ്യകാലജീവിതം. പക്ഷേ, ക്ഷമയും കഠിനാദ്ധ്വാനവും സമര്ഷണവും കൈമുതലാക്കിയ അദ്ദേഹം പതിയെ പാരീസിന്റെ ആവശ്യങ്ങളും സൗന്ദര്യമോഹങ്ങളും തിരിച്ചറിഞ്ഞു. സ്ത്രീകളുടെതുമാത്രമായുള്ള തുണിത്തരങ്ങള ങ്ങളുടെ മൊത്തവിതരണക്കാരനായി അദ്ദേഹം ഫ്രാന്‍സിന്റെ വ്യാപാരമേഖലയിലേക്ക് പതിയെ കടന്നുവന്നു. പിന്നീട് ഭരതന് സ്വന്തമായി ബിസിനസ് ആരംഭിച്ചു. അതോടെ ഏതാനും നാളുകള്‍ കൊണ്ട് ടെക്സറ്റൈല്‍സ് രംഗത്ത് ഫ്രാന്‍സിലെ ഒരു വലിയ സ്ഥാപനമാക്കുവാന് ഭരതന് കഴിഞ്ഞു.
ഫ്രാന്‍സിലെ വസ്ത്രവ്യാപാരരംഗത്ത് തന്റേതായ ഇടം കണ്ടെത്തി പണം സമ്പാദിച്ച ഭരതന്റെ മനസില്‍ ആധുനിക വസ്ത്ര ഡിസൈനുകള്‍ രൂപം കൊള്ളുമ്പോഴും നാട്ടിലെത്തിയാല്‍ അദ്ദേഹം ധരിച്ചി കയരുന്നത് ഖദര്‍ ആയിരുന്നു. എത്ര കണ്ട് പണം സമ്പാദിക്കുമ്പോഴും ജീവിതത്തിന്റെ ലാളിത്യം മുറുകെ പിടിച്ച് ഖദര്‍ ധരിച്ച് യാതൊരു രാഷ്ട്രിയപ്രസ്ഥാനങ്ങളോടും വിധേയപ്പെടാത്ത വ്യക്തിത്വം. ഉന്നത ബിരുദങ്ങളോ സ്ഥാനമാനങ്ങളോ നേടാതെ സ്വന്തം പരിശ്രമത്തിലൂടെ വിജയത്തിന്റെ പടവുകള്‍ ഒന്നൊന്നായി ചവിട്ടികയറിയ അദ്ദേഹം ഒരു മാതൃകാപുരുഷനാകുന്നത് ജീവിതത്തിന്റെ ലാളിത്യം കൊണ്ടു തന്നെയായിരുന്നു.
സ്കൂളുകളുടെ മാനേജര്‍
നാല് എയ്ഡഡ് വിദ്യാലയങ്ങള്‍ സ്വന്തമായുണ്ട്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, എഎല്‍പി സ്കൂള്‍ കാറളം, ജനത യുപിഎസ് പന്തല്ലൂര്‍, എഎല്‍പിഎസ് പോങ്കോത്ര എന്നീ വിദ്യാലയങ്ങളുടെ മാനേജര്‍ സ്ഥാനം വഹിക്കാന്‍ പ്രായവും ശാരീരിക അസ്വസ്ഥതകളും അദ്ദേഹത്തിനൊരു തടസമല്ല. കാറളം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിജയോത്സം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്ത വേളയിലാണ് മാനേജര്‍ കാട്ടിക്കുളം ഭരതന് ഭൂരഹിതര്‍ക്ക് സൗജന്യമായി നല്കിയ ഭൂമിയുടെ രേഖകള്‍ വിതരണം ചെയ്തത്. തന്റെ പേരിലുള്ള 40 സെന്റ് സ്ഥലം എട്ട് പേര്‍ക്ക് വീടു വയ്ക്കുന്നതിനായി കിഴുത്താണിയില്‍ സൗജന്യമായി അദ്ദേഹം വിട്ടു കൊടുത്തിരുന്നു.
ഭരണാധികാരികളും കലാകാരന്മാരുമായി സൗഹൃദം
മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണന്, മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്, വി.എസ്. അച്യുതാനന്ദന്, ഉമ്മന്‍ചാണ്ടി തുടങ്ങി രാഷ്ട്രീയ സാംസ്കാരിക കലാരംഗത്തെ പഴയതലമുറകളിലെയും പ്രമുഖരുമായുള്ള സൗഹൃദബന്ധവും വളരെ വലുതാണ്. ഏകദേശം നാല്പതിറ്റാണ്ടോളം പാരിസില്‍ താമസിച്ചവെങ്കിലും കാട്ടിക്കുളത്തിന്റെ സൗഹൃദവും സ്നേഹ ബന്ധങ്ങളും ഇഴചേര്‍ന്ന വേരുകള്‍ കേരളം മുഴുവന്‍ പടര്‍ന്നുകിടക്കുന്നുണ്ട്.
മികച്ച സംഘാടകന്‍
ഉത്സവമായാലും സ്കൂള്‍ യുവജനോത്സവമായാലും സന്നദ്ധസേവന പ്രവര്‍ത്തനങ്ങളായാലും സാമൂഹ്യക്ഷേമ പദ്ധതികളായാലും ഒരു പ്രസ്ഥാനം പോലെ മുഖ്യസംഘാടകനായി ഭരതന് എന്ന ഇരിങ്ങാലക്കുടയുടെ സ്വന്തം ഭരതേട്ടന് നിലകൊണ്ടിരുന്നു. നാടിന്റെ പുരോഗതിയെ ലക്ഷ്യമാക്കിയുള്ള എല്ലാപ്രവര്ത്തനങ്ങളക്കും അകമഴിഞ്ഞു സഹകരിക്കുകയും പങ്കാളിത്തം വഹിക്കുകയും ചെയ്തു. ഇരിങ്ങാലക്കുട ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയം പ്രസിഡന്റ്, കേരള എയിഡഡ് സ്കൂള്‍ മാനേജേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ഇരിങ്ങാലക്കുട ലോക്കല്‍ അസോസിയേഷന് പ്രസിഡന്റ് ശ്രീനാരായണ ക്ലബ് പേടണ്‍, ശാന്തിനികതന്‍ സ്കൂള്‍ സ്ഥാപക വൈസ് ചെയര്മാന് അങ്ങനെ നിരവധി സ്ഥാനമാനങ്ങളും പദവികളും അദ്ദേഹം വഹിച്ചു.
കേരള പഞ്ചഗുസ്തിയുടെ പ്രസിഡന്റായി പത്ത് വര്‍ഷത്തിലേറെക്കാലം അദ്ദേഹം സജീവമായിരുന്നു. ശ്രീനാരായണിയ, സാംസ്കാരിക, രാഷ്ട്രീയാലകളിലെ നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രീനാരായണ വേള്‍ഡ് കൗണ്‍സില്‍ അവാര്‍ഡിനായി അദ്ദേഹത്തിന്റെ പേര് തെരഞ്ഞെടുത്തത് ഏകകണ്ഠമായാണ്. കൗണ്‍സിലിന്റെ നേതൃത്വത്തില്‍ 2000 ല്‍ അമേരിക്കയിലും 2001 ല്‍ സിംഗപ്പൂരിലും 2003 കൊച്ചിയിലും നടന്ന ശ്രീനാരായണ വേള്‍ഡ് കണ്‍വന്‍ഷനില്‍ അദ്ദേഹം കുടുംബസമേതം പങ്കെടുത്തിരുന്നു. കൗണ്‍സിലിന്റെ ഇന്റര്‍നാഷണല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്നു ഭരതന്. കൊച്ചിയില്‍ നടന്ന കണ്‍വന്‍ഷന്റെ സംഘാടകരില്‍ ്രമുഖനുമായിരുന്നു. ഇരിങ്ങാലക്കുടയിലെ സാമൂഹ്യക്ഷേമപദ്ധതികളിലും, വിദ്യാഭ്യാസമേഖലയിലും ഒഴിച്ചു നിറുത്തനാവാത്ത സാന്നിദ്ധ്യമായി കാട്ടിക്കുളം ഭരതന് മാറുകയായിരുന്നു.
കുടുംബം
ഇരിങ്ങാലക്കുട കാട്ടൂര്‍ ഇടക്കാട്ടുപറമ്പില്‍ ഗോപാലന്റെയും പാറുക്കുട്ടിയുടെയും മകള്‍ സുധയാണ് ഭരതന്റെ പത്നി. മൂത്തമകള്‍ ലിന്റ തൃപ്പൂണിത്തുറയിലെ സികെകെഎം ഫാര്‍മസിയുടെയും ആന്സിഎം വെല്‍നസ് സെന്ററിന്റെയും സിഇഒ ആയി പ്രവര്‍ത്തിക്കുന്നു. തൃപ്പൂണിത്തുറയിലെ ആര്സിഎംഐ ഹോസ്പിറ്റലിന്റെ മെഡിക്കല്‍ ഡയറക്ടറായ മരുമകന് ഡോ. രാകേഷ് ചന്ദ്രന് പ്രശസ്ത നേത്രചികിത്സാ വിദഗ്ധനാണ്. രണ്ടാമത്തെ മകള്‍ ലക്കി ലണ്ടനിലെ യൂണിവേഴ്സിറ്റിയിലെ ഉദ്യോഗസ്ഥയാണ്. ഭര്‍ത്താവ് അമിത് കാര്ത്തികേയന് ഡയറക്ടര്‍ എസ്ജികെഎല് ലണ്ടനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ്. ഇളയമകന് ലാല്‍ മാലിയില്‍ ഓട്ടോമൊബൈല്‍ മേഖല കേന്ദ്രീകരിച്ചുള്ള ബിസിനസിലാണ്. ഭാര്യ ഡോ. ശ്യംഗ എംബിബിഎസ് ബിരുദധാരിയാണ്.