ക്രൈസ്റ്റിന്റെ കാരുണ്യത്തിന് ജില്ലാ പഞ്ചായത്തിന്റെ ആദരം
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷിനു ജില്ലാ പഞ്ചായത്തിന്റെ ആദരം. തൃശൂര്‍ ജില്ലയെ വയോജന സൗഹൃദ ജില്ലയായി മാറ്റുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിലും മുരിയാട് ഗ്രാമപഞ്ചായത്തിലും വയോജന സര്‍വേ നടത്തിയതു തവനിഷ് ആയിരുന്നു. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഇരിങ്ങാലക്കുടയില്‍ സജീവ സാന്നിധ്യമായിരുന്നു തവനിഷ്. ഇതു രണ്ടും പരിഗണിച്ചാണു ആദരവ് നല്‍കിയത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ. ഉദയപ്രകാശ് പ്രശസ്തിപത്രം ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജോളി ആന്‍ഡ്രൂസ് സിഎംഐയ്ക്കു കൈമാറി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി.ജി. ശങ്കരനാരായണന്, ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി, ക്രൈസ്റ്റ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, സ്റ്റാഫ് അഡൈ്വസര്‍ ഡോ. അനില്‍കുമാര്‍, തവനിഷ് സ്റ്റാഫ് കോര്‍ഡിനേറ്റേഴ്സായ പ്രഫ. മുവിഷ് മുരളി, പ്രഫ. റീജ യൂജിന്‍, തവനിഷ് സ്റ്റുഡന്റ് സെക്രട്ടറി ശ്യാം കൃഷ്ണ, വൈസ് പ്രസിഡന്റ് ഹാഫിസ് എന്നിവര്‍ പങ്കെടുത്തു.