അംഗത്വഫീസില്ല, വായനയ്ക്ക് അതിരുകളുമില്ല; വായന എന്ന വീട്ടിലുണ്ട് പുസ്തകങ്ങളുടെ വസന്തം
റഷീദ് കാറളം തന്റെ വീടിനോടു ചേര്‍ന്നുള്ള വീട്ടിലെ ലൈബ്രറിയില്‍.
ഇരിങ്ങാലക്കുട: അതിഥികളെ സ്വീകരിക്കാന്‍ മാത്രമല്ല, അറിവിന്റെയും സ്വപ്നങ്ങളുടെയും അക്ഷരവെളിച്ചത്തിലേക്ക് ജനങ്ങളെ കൂട്ടിക്കൊണ്ടുപോകാനും ഒരു വീടിന്റെ വാതിലുകള്‍ എപ്പോഴും തുറന്നിരിക്കാം എന്ന് തെളിയിക്കുകയാണ് കാറളം സ്കൂളിന് സമീപമുള്ള വായന എന്ന വീട്. പുസ്തകങ്ങളിലൂടെ മനുഷ്യരെ കൂട്ടിയിണക്കുന്ന അപൂര്‍വമായൊരു ഇടമാണ് വായന എന്ന പേരുള്ള ഈ വീട്. എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനും ശാസ്ത്രപ്രചാരകനുമായ റഷീദ് കാറളം തന്റെ സ്വകാര്യ പുസ്തകശേഖരം സമൂഹത്തിന് തുറന്നുകൊടുത്താണ് ഈ വേറിട്ട സംരംഭത്തിന് തുടക്കമിട്ടത്. നമ്മള് മാത്രം വായിച്ചാല്‍ പോരല്ലോ, ചുറ്റുമുള്ള സമൂഹവും വായിക്കണ്ടേ എന്ന ചിന്തയാണ് വീട്ടില്‍ ഒരു പൊതുലൈബ്രറി ഒരുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

പുതിയ വീട് നിര്‍മിക്കാനുള്ള പദ്ധതി തയാറാക്കിയപ്പോള്‍ത്തന്നെ ഒരു മുറി ലൈബ്രറിക്കായി മാറ്റിവെക്കാന്‍ റഷീദ് തീരുമാനിച്ചു. അങ്ങനെ 2024 ജൂണില്‍ ജന്മം കൊണ്ടതാണ് വീട്ടിലെ ലൈബ്രറി. ഇന്ന് രണ്ടായിരത്തിലധികം പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ വായനശാല പ്രദേശത്തെ വായനാപ്രേമികളുടെ സജീവകേന്ദ്രമായി മാറിയിരിക്കുകയാണ്. ഈ ലൈബ്രറിയുടെ ഏറ്റവും വലിയ പ്രത്യേകത അംഗത്വഫീസില്ല എന്നതാണ്. പുസ്തകങ്ങളെ സ്നേഹിക്കുന്ന ആര്‍ക്കും ഇവിടെ അംഗമാകാം. പുസ്തകം എടുത്ത് വായിക്കുക, പതിനഞ്ച് ദിവസത്തിനകം തിരികെ നല്‍കുക അത്ര മാത്രമാണ് നിബന്ധന. ക്രമമായി നമ്പര്‍ നല്കി കാറ്റലോഗ് ചെയ്ത പുസ്തകങ്ങള്‍ ഷെല്ഫുകളില് മനോഹരമായി ക്രമീകരിച്ചിരിക്കുന്നു. രജിസ്റ്റര്‍ പരിശോധിച്ച് ഇഷ്ടപ്പെട്ട പുസ്തകം എളുപ്പത്തില്‍ കണ്ടെത്താം.
ഒരു വീട്ടുമുറിക്കുള്ളിലേക്ക് കടക്കുമ്പോള്‍ തന്നെ അക്ഷരങ്ങളുടെ വിശാല ലോകത്തേക്കാണ് പ്രവേശിക്കുന്നതെന്ന തോന്നലാണ് സന്ദര്‍ശകര്‍ക്ക് ലഭിക്കുന്നത്. രാവിലെ ആറുമുതല്‍ രാത്രി പത്തുവരെ തുറന്നുകിടക്കുന്ന ഈ അറിവിന്റെ ഇടത്തില്‍ ഭാര്യ റസിയയാണ് ലൈബ്രേറിയന്‍. സമീപ പ്രദേശങ്ങളില്‍നിന്നുള്ള നിരവധി വായനക്കാര്‍ ഇവിടെ സ്ഥിരമായി എത്തുന്നു. വിദ്യാര്‍ഥികളും സ്ത്രീകളുമാണ് അംഗങ്ങളില്‍ കൂടുതലും. ഒരു വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ ലൈബ്രറി മറ്റൊരു ശ്രദ്ധേയ സംരംഭത്തിനും തുടക്കമിട്ടു. മികച്ച ചെറുകഥയ്ക്കും നോവലിനുമായി വീട്ടിലെ ലൈബ്രറി സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചു. വായനക്കാരെ മാത്രമല്ല, എഴുത്തുകാരെയും പ്രോത്സാഹിപ്പക്കണമെന്ന ലക്ഷ്യത്തോടെയാണ് ഈ പുരസ്കാരം ഏര്‍പ്പെടുത്തിയത്.
പുസ്തകങ്ങള്‍ അലമാരയില്‍ പൂട്ടിവെക്കാനുള്ളതല്ല, സമൂഹവുമായി പങ്കുവെക്കേണ്ട സമ്പത്താണെന്ന വിശ്വാസമാണ് റഷീദിനെ നയിക്കുന്നത്. വീട് എന്നത് കുടുംബത്തിനുള്ള സ്വകാര്യ ഇടം മാത്രമല്ല, അറിവും സംവാദവും പങ്കിടുന്ന ഒരു സാമൂഹിക വേദിയാകണമെന്നും അദ്ദേഹം കരുതുന്നു. ആ വിശ്വാസത്തിന്റെ ജീവനുള്ള ഉദാഹരണമാണ് കാറളത്തിലെ ഈ വീട്ടിലെ ലൈബ്രറി. രുദാലിമാര്‍ വരട്ടെ, സൈഡ് കര്ട്ടന് ഉള്‍പ്പടെ നാല് പുസ്തകങ്ങളുടെ രചയിതാവായ റഷീദ് കാറളം, തന്റെ എഴുത്തുപോലെ തന്നെ വായനയും സമൂഹവുമായി പങ്കുവെക്കുകയാണ് ഈ അപൂര്‍വ സംരംഭത്തിലൂടെ. പുസ്തക ചര്‍ച്ചയും വേണം എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 21 ന് പുസ്തക ചര്‍ച്ചക്ക് തുടക്കം കുറിക്കും.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

200 കുട്ടികള്‍ക്ക് 200 മണ്‍ചട്ടികള്‍; പ്രതീക്ഷാഭവനില്‍ കൃഷിസമൃദ്ധിയൊരുക്കി ക്രൈസ്റ്റ് നഗര്‍ റസിഡന്റ്സ് അസോസിയേഷന്
കൂടല്‍മാണിക്യം ക്ഷേത്രം ആനയൂട്ട് നടത്തി
വിജയാ അവാര്‍ഡ് 2026 ഹൃദ്യ ഹരിദാസിന്
നീതിയുടെ പ്രകാശം ലഭിക്കുവാന്‍ കോടതികള്‍ സഹായകരമാകണം: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
തുറവന്‍കാട് 14 ാം വാര്‍ഡില്‍ ജനകീയ പങ്കാളിത്തത്തോടെ ഓണം ഘോഷയാത്ര സംഘടിപ്പിച്ചു
കാറളത്ത് ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി