ഏകചാരി കടന്നല് ഇനമായ എപ്സിലോണ്‍ മാനസിക്കം ദക്ഷിണേന്ത്യയില്‍ ആദ്യമായി രേഖപ്പെടുത്തി
ദക്ഷിണേന്ത്യയില്‍ ആദ്യമായി രേഖപ്പെടുത്തിയ ഏകചാരി കടന്നല് ഇനമായ എപ്സിലോണ്‍ മാനസിക്കം.
ഇരിങ്ങാലക്കുട: കേരളത്തിന്റെ ജൈവവൈവിധ്യത്തിന് മുതല്‍ക്കൂട്ടായി ഒരു ഏകചാരി കടന്നല് ഇനത്തെ കൂടി ക്രൈസ്റ്റ് കോളജിലെ ഷഡ്പദ എന്റമോളജി ഗവേഷണശാലയിലെ ഗവേഷകര്‍ കണ്ടെത്തി. ദക്ഷിണേന്ത്യയില്‍ നിന്നുതന്നെ ഈ ഏകചാരി കടന്നല് ഇനത്തെ ശാസ്ത്രീയമായി രേഖപ്പെടുത്തുന്നത് ഇതാദ്യമായാണ്. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിലും കീടനിയന്ത്രണത്തിലും സുപ്രധാന പങ്കുവഹിക്കുന്ന വെസ്പിഡ് വിഭാഗത്തില്‍പ്പെട്ട കടന്നലുകളില്‍ കൂട്ടമായി ജീവിക്കുന്ന സാമൂഹിക കടന്നലുകളും ഒറ്റയ്ക്ക് ജീവിക്കുന്ന ഏകചാരി കടന്നലുകളും ഉള്‍പ്പെടുന്നു. തനിയെ ജീവിക്കുന്ന ഏകചാരി കടന്നലുകള്‍ സ്വന്തമായി കൂടുണ്ടാക്കുന്നവയും മറ്റു കീടങ്ങളെ വേട്ടയാടി അവയുടെ ലാര്‍വകള്‍ക്ക് ആഹാരമായി നല്‍കുന്നതിലൂടെ ജൈവകീടനിയന്ത്രണത്തില് പ്രഗത്ഭരും ഭക്ഷ്യശൃംഖലയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നവരുമാണ്.
വെസ്പിഡേ കുടുംബത്തിലെ കടന്നലുകളെപ്പറ്റി തൃശൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ ഗവേഷണപഠനത്തിലാണ് ഇവയെ കണ്ടെത്തിയത്. തൃശൂര്‍ വടക്കേക്കാട്, ഹാമേലിയ പാറ്റെന്സ് (വിടരാപ്പൂവ്) എന്ന സസ്യത്തിന്റെ പൂക്കള്‍ സന്ദര്‍ശിച്ചുകൊണ്ടിരുന്ന പെണ്കടന്നലിനെ അടിസ്ഥാനമാക്കിയാണ് എപ്സിലോണ്‍ മാനസിക്കം എന്ന ഏകചാരി കടന്നല് ഇനത്തെ കേരളത്തില്‍ നിന്നും ദക്ഷിണേന്ത്യയില്‍ നിന്നും ആദ്യമായി ശാസ്ത്രീയമായി രേഖപ്പെടുത്തിയത്. ഏകചാരി വെസ്പിഡ് കടന്നലുകള്‍ കോളനി രൂപീകരിക്കാതെ ഓരോ പെണ്കടന്നലും സ്വതന്ത്രമായി കൂടുണ്ടാക്കി മുട്ടയിടുകയും കുഞ്ഞുങ്ങള്‍ക്കായി ആഹാരം ശേഖരിക്കുകയും ചെയ്യുന്നവയാണ്. മണ്ണിനടിയിലെ ചെറിയ അറകളിലും തുരങ്കങ്ങളിലും മണ്ണിന്റെ ഉപരിതലത്തിലും മരത്തടികളിലും ഉണങ്ങിയ സസ്യഭാഗങ്ങളിലുമൊക്കെയാണ് ഇവ സാധാരണയായി കൂടുകള്‍ നിര്‍മ്മിക്കുന്നത്.
ഈ വിഭാഗത്തിലെ ചില ഇനങ്ങള്‍ ചെളി ഉപയോഗിച്ച് ചെറിയ അറകളോ കുടങ്ങളോ പോലുള്ള കൂടുകള്‍ നിര്‍മ്മിക്കുന്നതില്‍ പ്രാവീണ്യം കാണിക്കുന്നതിനാല്‍ ഇവയെ പോട്ടര്‍ കടന്നലുകള്‍ എന്നും വിളിക്കുന്നു. ഗവേഷകസംഘത്തില്‍ ക്രൈസ്റ്റ് കോളജിലെ ഷഡ്പദ എന്റമോളജി ഗവേഷണശാലയിലെ ഡോക്ടറല്‍ ഗവേഷകനായ എ.വി. വിഷ്ണു, എംഎസ്സി വിദ്യാര്‍ഥിനിയായ എം.കെ. ഹന്ന, കോഴിക്കോട് സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പശ്ചിമഘട്ട പ്രാദേശിക കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ഡോ.പി. ഗിരീഷ് കുമാര്‍, വേഷണശാലയുടെ ഡയറക്ടറും അസിസ്റ്റന്റ് പ്രഫസറുമായ ഡോ.സി. ബിജോയ്, കെകെടിഎം ഗവണ്മെന്റ് കോളജ് പുല്ലൂറ്റിലെ സുവോളജി വിഭാഗം മേധാവിയും പ്രഫസറുമായ ഡോ. ഇ.എം. ഷാജി എന്നിവര്‍ ഉള്‍പ്പെടുന്നു. കേരള സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായത്തോടെയാണ് പ്രസ്തുത പഠനം നടത്തിയത്.

പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സൗജന്യ അസ്ഥിരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്തു
അമ്മന്നൂര്‍ ഗുരുകുലത്തിലെ മാധവനാട്യഭൂമിയില്‍ മായാശിരസ് കൂടിയാട്ടം അരങ്ങേറി
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
പ്രഥമ രുദ്രപ്രഭ പുരസ്കാരം കലാനിലയം ഗോപിക്കും കലാമണ്ഡലം ശിവദാസനും
എന്റെ പാടം എന്റെ പുസ്തകം പദ്ധതിക്ക് തുടക്കം