നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റികളിലേക്കുള്ള മുഴുവന്‍ അംഗങ്ങളെയും തിരഞ്ഞെടുത്തു
ധനകാര്യം, വികസനം, പൊതുമരാമത്ത് കമ്മിറ്റികള്‍ യുഡിഎഫിന്; ആരോഗ്യം, ക്ഷേമകാര്യം, വിദ്യാഭ്യാസ കലാകായിക കാര്യ കമ്മിറ്റികള്‍ എല്‍ഡിഎഫിന്;
ഇടത്-വലത് ധാരണയെന്ന് ബിജെപി ; ആരോപണം നിഷേധിച്ച് എല്‍ഡിഎഫ്, യുഡിഎഫ് നേതൃത്വങ്ങൾ….
ഇരിങ്ങാലക്കുട: നഗരസഭയില്‍ വികസനം, പൊതുമരാമത്ത്, ആരോഗ്യകാര്യം എന്നീ സ്റ്റാന്റിംഗ് കമ്മിറ്റികളിലേക്കുള്ള മുഴുവന്‍ അംഗങ്ങളെയും തിരഞ്ഞെടുത്തു. ധനകാര്യ കമ്മിറ്റിയിലെ രണ്ട് ഒഴിവുകളിലേക്കും ക്ഷേമകാര്യം, വിദ്യാഭ്യാസം- കലാകായികം എന്നീ സ്റ്റാന്റിംഗ് കമ്മിറ്റികളിലെ ഓരോ ഒഴിവുകളിലേക്കുള്ള അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ഇന്ന് മൂന്നു മണിക്ക് നടക്കും. അംഗങ്ങളുടെ തിരഞ്ഞെടുപ്പില്‍ യു. ഡി. എഫ്.-എല്‍. ഡി. എഫ്. ധാരണയെന്നാരോപിച്ച് ബി. ജെ. പി. അംഗങ്ങള്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു, ആരോപണം അടിസ്ഥാനരഹിതമെന്ന് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരിയും, എല്‍. ഡി. എഫ്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അഡ്വ കെ. ആര്. വിജയയും. വരണാധികാരി ജയശ്രീയുടെ നേത്യത്വത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ധനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി, വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി, ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി, പൊതുമരാമത്ത് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി എന്നിവയില്‍ ഒഴിവുള്ളതില്‍ കൂടുതല്‍ അംഗങ്ങള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാതിരുന്നതിനാല്‍ പത്രിക സമര്‍പ്പിച്ചവര്‍ തിരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരി ജയശ്രീ പ്രഖ്യാപിച്ചു. തുടര്‍ന്ന് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റിയിലേക്ക്് കൂടുതല്‍ അംഗങ്ങള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിനാല്‍ വോട്ടെടുപ്പ് നടത്തുകയായിരുന്നു. എന്നാല്‍ യു. ഡി. എഫ്-എല്‍. ഡി. എഫ്. ധാരണയിലാണ് സ്റ്റാന്‍ഡിങ്ങ് കമ്മറ്റിയംഗങ്ങളെ തിരഞ്ഞെടുത്തതെന്നും, കൂടുതലായുളള ബി. ജെ. പി. അംഗങ്ങളെ ഒഴിവുള്ള മറ്റ് സ്റ്റാന്‍ഡിങ്ങ് കമ്മറ്റികളിലേക്ക് നാമനിര്‍ദ്ദേശം ചെയ്യണമെന്നും ബി. ജെ. പി. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബന് നിര്‍ദ്ദേശിച്ചു. അതേ സമയം വോട്ടെടുപ്പ്് പ്രഖ്യാപിച്ചതിനാല്‍ മാറ്റാന്‍ കഴിയില്ലെന്ന് വരണാധികാരി ജയശ്രീ അറിയിച്ചതോടെ വോട്ടെടുപ്പ് ബഹിഷ്കരിക്കുകയാണന്നറിയിച്ച് ബി. ജെ. പി. അംഗങ്ങള്‍ യോഗം ബഹിഷ്കരിക്കുയായിരുന്നു. സ്റ്റാന്‍ഡിങ്ങ് കമ്മറ്റിയംഗങ്ങളുടെ തിരഞ്ഞെടുപ്പില്‍ യു. ഡി. എഫും, എല്‍. ഡി. എഫും പരസ്പര ധാരണയില്‍ ഒറ്റകക്ഷിയായാണ് മത്സരിച്ചതെന്ന് ബി. ജെ. പി. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബന് ആരോപിച്ചു. ഒരു സ്റ്റാന്റിംഗ് കമ്മറ്റിയിലും ബി. ജെ. പി. ക്ക് ഭൂരിപക്ഷം കിട്ടാതിരിക്കാനാണ് ഇരു വിഭാഗവും ചേര്‍ന്ന് അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയതെന്നും സന്തോഷ് ബോബന് കുറ്റപ്പെടുത്തി. അതേ സമയം ആരോപണം അടിസ്ഥാന രഹിതമാണന്ന് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി പറഞ്ഞു. പരമാവുധി സമിതികളില്‍ യു. ഡി. എഫ്. അംഗങ്ങളെ നിയോഗിക്കുവാനാണ് ശ്രമിച്ചത്. വോട്ടെടുപ്പ് നടന്ന വിദ്യാഭ്യാസ് സ്റ്റാന്‍ഡിങ്ങ് കമ്മറ്റിയില്‍ യു. ഡി. എഫ്. അംഗങ്ങളുടെ വോട്ട് യു. ഡി. എഫിനു തന്നെയാണ് ലഭിച്ചിട്ടുള്ളതെന്നും സോണിയ ഗിരി ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പില്‍ പരസ്പര ധാരണയുണ്ടായെന്ന ആരോപണം എല്‍. ഡി. എഫ്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അഡ്വ കെ. ആര്. വിജയ നിഷേധിച്ചു. എല്‍. ഡി. എഫിന്റെ പതിനാറംഗങ്ങളെയും പരമാവധി സ്റ്റാന്‍ഡിങ്ങ് കമ്മറ്റികളില്‍ ഉള്‍പ്പെടുത്തുവാനാണ് ശ്രമിച്ചത്. നഗരസഭയില്‍ പ്രതിപക്ഷത്തിരിക്കുമ്പോഴും എല്‍. ഡി. എഫ് നഗരത്തിന്റെ വികസനത്തിനായാണ് നിലകൊള്ളുന്നതെന്നും അഡ്വ കെ. ആര്. വിജയ ചൂണ്ടിക്കാട്ടി.