കരുവന്നൂര്‍ ബാങ്കില്‍ വായ്പ കുടിശിക
നഗരസഭയുടെ ലൈഫ് പിഎംഎവൈ പദ്ധതിയില്‍ നിന്ന് പുറത്താകുമെന്ന ആശങ്കയില്‍
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്കില്‍ വായ്പ കുടിശികയുള്ള ഇരുപതോളം പൊറത്തിശേരി സ്വദേശികള്‍ നഗരസഭയുടെ ലൈഫ് പിഎംഎവൈ പദ്ധതിയില്‍ നിന്ന് പുറത്താകുമെന്ന ആശങ്കയില്‍. പദ്ധതിയുടെ അര്‍ഹത പട്ടികയില്‍ ഉള്‍പ്പെടണമെങ്കില്‍ നഗരസഭയും ഗുണഭോക്താവും കരുവന്നൂര്‍ ബാങ്കുമായി ത്രികക്ഷി കരാറില്‍ ഒപ്പിടണമെന്ന് നഗരസഭ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വായ്പ കുടിശികയുളളത് കൊണ്ട് കരാറില്‍ ഒപ്പിടാന്‍ കഴിയുകയില്ലെന്ന് ബാങ്ക് വ്യക്തമാക്കിയതോടെയാണ് ഗുണഭോക്താക്കള്‍ ആശങ്കയിലായിരിക്കുന്നത്. ബാങ്കില്‍ നിന്ന് അഞ്ച് ലക്ഷത്തില്‍ താഴെ രൂപ ലോണെടുത്തിട്ടുള്ള കൂലിപ്പണിക്കാരാണ് അധികവും. കോവിഡ് പ്രതിസന്ധി മൂലം തിരിച്ചടവുകള്‍ മുടങ്ങുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ വായ്പ കുടിശികയുടെ പേരില്‍ ഇവരുടെ പേരില്‍ ജപ്തി നടപടികള്‍ സ്വീകരിക്കുന്ന സാഹചര്യത്തില്‍ കരാറില്‍ ഒപ്പിടാന്‍ നിയമപരമായി തടസമുണ്ടെന്നും അധികം പേരും വായ്പ തിരിച്ചടക്കാന്‍ തയ്യാറാകുന്നില്ലെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. വിഷയത്തില്‍ ഇടപെടണമെന്നും വീടുകള്‍ നഷ്ടമാകുന്ന സാഹചര്യമാണ് ഉള്ളതെന്നും കാണിച്ച് വായ്പ എടുത്തവര്‍ സഹകരണ വകുപ്പ് മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. അടിയന്തര നടപടി ആവശ്യപ്പെട്ട് കൗണ്‍സിലര്‍ ടി.കെ. ഷാജുട്ടന്‍ മുഖ്യമന്ത്രിക്കും നിവേദനം നല്‍കിയിട്ടുണ്ട്.