മുരിയാട് പഞ്ചായത്തില്‍ ഹരിതകര്‍മ്മസേനക്ക് ഇനി മുതല്‍ ഇലക്ട്രിക് വാഹനവും
ഇരിങ്ങാലക്കുട: ഗ്രീന്‍ മുരിയാട് ക്ലീന്‍ മുരിയാട് പദ്ധതിയുടെ ഭാഗമായി മാലിന്യ ശേഖരണത്തിനുള്ള ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ മുരിയാട് ഗ്രാമപഞ്ചായത്ത്. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ഹരിത കര്‍മ്മസേന പ്ലാസ്റ്റിക്കിനൊപ്പം ചെരുപ്പ്, ബാഗ് തുടങ്ങിയ ഇനങ്ങള്‍ കൂടി ശേഖരിച്ച് തുടങ്ങും. വീടുകളിലും സ്ഥാപനങ്ങളിലും യൂസര്‍ ഫീ നിര്‍ബന്ധമാക്കും. പ്ലാസ്റ്റിക് കത്തിക്കുന്നവര്‍ക്കും മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവര്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കും. ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് ഓട്ടോറിക്ഷ സജമാക്കിയിട്ടുണ്ട്. ഇലക്ട്രിക് ഓട്ടോറിക്ഷയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സരിതാ സുരേഷ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ.പി. പ്രശാന്ത്, കെ.യു. വിജയന് ഭരണസമിതി അംഗം തോമാസ് തൊകലത്ത്, പഞ്ചായത്തംഗങ്ങള്‍, സെക്രട്ടറി റെജി പോള്‍ വിഒമാരായ തനൂജ, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ സുനിതാ രവി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാല് ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് ഇലക്ട്രിക് വാഹനം പഞ്ചായത്ത് സ്വന്തമാക്കിയിട്ടുള്ളത്. പഞ്ചായത്തിലെ പതിനേഴ് വാര്‍ഡുകളിലെയും മാലിന്യ ശേഖരണത്തിനായി വാഹനം ലഭ്യമാക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.