ലയണ്‍സ് ക്ലബിന്റെ കാരുണ്യസ്പര്‍ശം പദ്ധതിയുടെ മൂന്നാംഘട്ടം ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള കാരുണ്യസ്പര്‍ശം പദ്ധതിയുടെ മൂന്നാംഘട്ടം നഗരസഭ വൈസ് ചെയര്മാന് പി.ടി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് ബിജോയ് പോള്‍ അധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ അഡ്വ. ടി.ജെ. തോമസ്, ഡിസ്ട്രിക്ട് ചെയര്മാന് ടോണി ആനോക്കാരന്‍, നഗരസഭാ കൗണ്‍സിലര്‍ ഒ.എസ്. അവിനാശ്, സോണ്‍ ചെയര്മാന് ഷാജന് ചക്കാലക്കല്‍, ലയണ്‍സ് ക്ലബ് സെക്രട്ടറി അഡ്വ. ജോണ്‍ നിധിന് തോമസ്, ട്രഷറര്‍ ജോണ്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു. കാരുണ്യസ്പര്‍ശം പദ്ധതിയുടെ ആദ്യഘട്ടത്തില്‍ കരള്‍മാറ്റ ശസ്ത്രകിയക്കു 50,000 രൂപയും രണ്ടാം ഘട്ടത്തില്‍ മജ്ജയില്‍ കാന്‍സര്‍ ബാധിച്ച ആദിദേവ് എന്ന രണ്ടര വയസുക്കാരനു ഒരു മാസത്തെ ചികിത്സാ സഹായമായി 25,000 രൂപയും നല്‍കിയിരുന്നു. കാരുണ്യസ്പര്‍ശം പദ്ധതിയുടെ മൂന്നാംഘട്ടത്തില്‍ വിവിധങ്ങളായ രോഗങ്ങളാല്‍ വലയുന്ന നിര്‍ധനരായ രോഗികള്‍ക്കു ചികിത്സാ സഹായവും ഇരിങ്ങാലക്കുട ഗേള്‍സ് സ്കൂളിലെ വിദ്യാര്‍ഥിനിക്കു പഠനസഹായത്തിനായി മൊബൈല്‍ ഫോണും വിതരണം ചെയ്തു. കൂടാതെ നൂറോളം ഡയാലിസിസ് കൂപ്പണുകളും വിതരണം ചെയ്തു.