നിയോജകമണ്ഡലത്തിലെ വികസന പ്രവര്‍ത്തികള്‍ക്കായി 5.62 കോടി രൂപയുടെ ഭരണാനുമതി
ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തികള്‍ക്കായി 5.62 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രഫ. കെ.യു. അരുണന് എംഎല്‍എ അറിയിച്ചു. പൊതുമരാമത്ത് വകുപ്പില്‍ നിന്നും മൂന്നുകോടി രൂപയുടെയും നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍ നിന്നു 2.37 കോടി രൂപയുടെയും എംഎല്‍എ പ്രത്യേക വികസന ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപയുടെയും ഭരണാനുമതികളാണു ലഭിച്ചിട്ടുള്ളത്. ആളൂര്‍ പിഎച്ച്സിയുടെ ഒന്നാം നിലയുടെയും രണ്ടാം നിലയുടെയും നിര്‍മാണത്തിനായി മൂന്നു കോടി രൂപയാണു പൊതുമരാമത്ത് വകുപ്പില്‍ നിന്നു അനുവദിച്ചിട്ടുള്ളത്. നിയോജകമണ്ഡലതല ആസ്തി വികസന പദ്ധതിയില്‍ നിന്നും നടവരമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കെട്ടിട നിര്‍മാണത്തിനായി 1.32 കോടിയുടെയും കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ഹോമിയോ ആശുപത്രി കെട്ടിട നിര്‍മാണത്തിനായി 25 ലക്ഷം രൂപയുടെയും, ഇരിങ്ങാലക്കുട നഗരസഭയിലെ കെഎസ്ഇബി നമ്പര്‍ രണ്ടാം സെക്ഷന്‍ കെട്ടിട നിര്‍മാണത്തിനായി 40 ലക്ഷം രൂപയുടെയും മുരിയാട് ഗ്രാമപഞ്ചായത്തിലെ 91-ാം നമ്പര്‍ അങ്കണവാടി കെട്ടിട നിര്‍മാണത്തിനായി 15 ലക്ഷം രൂപയുടെയും കാറളം ഗ്രാമപഞ്ചായത്തിലെ പുല്ലത്തറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഒന്നാംനില നിര്‍മാണത്തിനായി 25 ലക്ഷം രൂപയുടെയുമാണു അനുമതി ലഭിച്ചിട്ടുള്ളത്. കല്ലേറ്റുംകര എന്ഐപിഎംആറിലെ വിദ്യാര്‍ഥികളുടെ യാത്രാ സൗകര്യത്തിനു വേണ്ടി പ്രത്യേക വാഹനം വാങ്ങിക്കുന്നതിനായി എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപയുടെ അനുമതിയുമാണു ലഭിച്ചിട്ടുള്ളത്. പ്രസ്തുത പ്രവര്‍ത്തികളില്‍ ആളൂര്‍ പിഎച്ച്സിയുടെ നിര്‍വഹണം പൊതുമരാമത്ത് കെട്ടിട വിഭാഗം വഴിയും നടവരമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കെട്ടിട നിര്‍മാണം കൈറ്റ് പ്രൊജക്ട് മാനേജര്‍ വഴിയും കാട്ടൂര്‍ ഹോമിയോ ആശുപത്രി, കെഎസ്ഇബി നമ്പര്‍ രണ്ടാം സെക്ഷന്‍ കെട്ടിടം, പുല്ലൂര്‍ 91-ാം നമ്പര്‍ അങ്കണവാടി കെട്ടിടം, പുല്ലത്തറ കുടുംബാരോഗ്യ കേന്ദ്രം ഒന്നാം നില നിര്‍മാണം എന്നിവയുടെ നിര്‍വഹണം എല്‍എസ്ജിഡി എക്സിക്യുട്ടീവ് എന്‍ജിനീയര്‍ വഴിയും കല്ലേറ്റുംകര എന്ഐപിഎംആറിലെ വാഹനം എക്സിക്യുട്ടീവ് ഡയറക്ടര്‍ വഴിയുമായിരിക്കുമെന്നും ഈ പ്രവര്‍ത്തികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കുന്നതിനുള്ള നിര്‍ദേശം ബന്ധപ്പെട്ടവര്‍ക്കു നല്‍കിയിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.