കോന്തിപുലം താത്കാലിക തടയണ: പൊളിച്ചത് പകുതിമാത്രം
നീരൊഴുക്കിനെ ബാധിക്കുമെന്ന് കര്‍ഷകര്‍
മാപ്രാണം: കെഎല്‍ഡിസി കനാലില്‍ കോന്തിപുലം പാലത്തിനു താഴെ നിര്‍മിച്ച താത്കാലിക തടയണയുടെ പകുതിഭാഗം മാത്രം പൊളിച്ചുനീക്കിയതിനെതിരേ കര്‍ഷകര്‍. തടയണ പൂര്‍ണമായും പൊളിക്കാത്തതിനാല്‍ ഈ ഭാഗത്ത് ചണ്ടിയും മാലിന്യങ്ങളും തടഞ്ഞ് നീരൊഴുക്ക് തടസപ്പെടുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ലക്ഷങ്ങള്‍ ചെലവഴിച്ച് ഇറിഗേഷന്‍ വകുപ്പ് നിര്‍മിച്ച താത്കാലിക തടയണയുടെ പകുതിഭാഗമാണ് കഴിഞ്ഞ മാസം പൊളിച്ചുനീക്കിയത്. വേനല്‍മഴ ശക്തിയായാല്‍ തടയണയില്‍ തടഞ്ഞ് പ്രദേശത്ത് വെള്ളം ഉയരാതിരിക്കാനാണ് പകുതി പൊളിച്ചത്. എന്നാല്‍, കാലവര്‍ഷം തുടങ്ങിയിട്ടും ശേഷിക്കുന്ന ഭാഗത്തെ തടയണ പൊളിച്ചുനീക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. മഴ സജീവമായതോടെ പാടത്തും കനാലിലും വെള്ളം നിറഞ്ഞസ്ഥിതിയിലാണ്.
മുരിയാട് കായല്‍ മേഖലയില്‍ വരുന്ന ഇരിങ്ങാലക്കുട നഗരസഭ, മുരിയാട്, പറപ്പൂക്കര, വേളൂക്കര, ആളൂര്‍ എന്നിവടങ്ങളിലായുള്ള 5000 ഏക്കര്‍ കോള്‍പ്പാടങ്ങളിലെ കൃഷിക്ക് ജലസേചനത്തിന് വെള്ളം സംഭരിക്കാനാണ് കോന്തിപുലം പാലത്തിനു സമീപം എല്ലാവര്‍ഷവും ബണ്ട് കെട്ടുന്നത്. ഡിസംബര്‍ അവസാനത്തോടെ കെട്ടുന്ന തടയണ കൊയ്ത്തുകഴിഞ്ഞ് ജൂണ്‍ ആദ്യവാരത്തോടെ പൊളിച്ചുനീക്കുകയാണ് പതിവ്. എന്നാല്‍, മേയ് അവസാനത്തോടെ ശക്തമായ വേനല്‍മഴ എത്തിയതോടെ ബണ്ട് പൊളിച്ചുനീക്കുന്നതിന് തടസമായി.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ബണ്ട് പൂര്‍ണമായും പൊളിച്ചുനീക്കുന്നത് പ്രായോഗികമല്ലെന്നാണ് അധികൃതര്‍ പറയുന്നത്. അതേസമയം കോന്തിപുലത്ത് താത്കാലിക ബണ്ട് സംവിധാനം മാറ്റി സ്ഥിരം റെഗുലേറ്റര്‍ സംവിധാനം ഒരുക്കേണ്ട സമയം അതിക്രമിച്ചതായി കര്‍ഷകര്‍ പറഞ്ഞു. സ്ഥിരം റെഗുലേറ്റര്‍ വന്നാല്‍ വെള്ളത്തിന്റെ കയറ്റിറക്കത്തിനനുസരിച്ച് നിയന്ത്രിക്കാന്‍ സാധിക്കും. മഴക്കാലത്ത് ഷട്ടറുകള്‍ ഉയര്‍ത്തിവെച്ചാല്‍ പ്രദേശത്ത് വെള്ളക്കെട്ട് ഒഴിവാക്കാമെന്നും കൃഷിക്കാവശ്യാനുസരണം വെള്ളം സംഭരിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും കര്‍ഷകര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപനമല്ലാതെ തുടര്‍നടപടികളുണ്ടാകാത്തതില്‍ കര്‍ഷകര്‍ക്ക് പ്രതിഷേധമുണ്ട്.