കിണറ്റില്‍ രാസ മാലിന്യം കലരുന്നതായി പരാതി; പ്രദേശവാസികള്‍ ആശങ്കയില്‍
കാട്ടൂര്‍: കാട്ടൂര്‍ പൊഞ്ഞനത്തെ ചെറുകിട വ്യവസായ കേന്ദ്രത്തിനു സമീപം കിണറ്റില്‍ രാസ മാലിന്യം കലരുന്നതായി പരാതി. വ്യവസായ കേന്ദ്രത്തില്‍ ആസിഡ് അടക്കമുള്ള പദാര്‍ഥങ്ങള്‍ കൈകാര്യം ചെയ്യുന്നതുമൂലമാണ് മാലിന്യം കിണറ്റില്‍ കലരുന്നതെന്ന് നാട്ടുക്കാര്. ഇതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്. കാട്ടൂര്‍ സ്വദേശിയായ തെക്കേക്കര വിന്‍സെന്റിന്റെ വീട്ടിലെ കിണറ്റിലാണ് മഴ ആരംഭിച്ചതോടെ നിറ വ്യത്യാസം കണ്ടുതുടങ്ങിയത്. ഏകദേശം അമ്പതിലധികം വര്‍ഷം പഴക്കമുള്ള കിണറാണ് കുടിവെള്ളത്തിനും മറ്റുമായി വിന്‍സെന്റും കുടുംബവും ഉപയോഗിക്കുന്നത്.
വെള്ളത്തിന് രുചി വ്യത്യാസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇദ്ദേഹം സ്വകാര്യാ ലാബില്‍ ജലം പരിശോധിച്ചിരുന്നു. ഈ പരിശോധനയില്‍ ജലത്തില്‍ വേണ്ടതിന്റെ ഇരട്ടിയോളം അയേണിന്റെ സാന്നിധ്യം വര്‍ധിച്ചതായും പിഎച്ച് അളവ് വളരെ കുറഞ്ഞിരിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടത്. ഈ കിണറ്റിലെ വെള്ളെ ഉപയോഗിച്ചതിനെ തുടര്‍ന്ന് ചൊറിച്ചില്‍ അനുഭവപ്പെട്ടതായും വീട്ടുക്കാര് പറഞ്ഞു. സ്വകാര്യ ലാബിലെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ കിണറ്റിലെ വെള്ളം ഉപയോഗിക്കരുതെന്ന് നിര്‍ദേശിച്ചിരുന്നു. കാക്കനാടുള്ള സര്‍ക്കാര്‍ ലാബിലും വെള്ലം പരിശോധനക്ക് നല്‍കിയിട്ടുണ്ട്. വെള്ളം ഉപയോഗശൂന്യമായതിനെത്തുടര്‍ന്ന് മറ്റു വീടുകളിലെ ജലത്തെ ആശ്രയിച്ചാണ് വിന്‍സെന്റും കുടുംബവും കഴിയുന്നത്.
സമീപത്തെ വ്യവസായ സ്ഥാപനങ്ങള്‍ രാസവസ്തുക്കള്‍ ആനാവശ്യമായി കൈക്കാര്യം ചെയ്യുന്നത് മൂലമാണ് കിണര്‍ ഉപയോഗശൂന്യമായതെന്ന് വിന്‍സെന്റ് പറഞ്ഞു. ഇത് സംബന്ധിച്ച് കാട്ടൂര്‍ പഞ്ചായത്തിലും മലിനീകരണ നിയന്ത്രണ ഹോര്ഡിനും ആരോഗ്യ വകുപ്പിനും പരാതി നല്‍കിയിട്ടുണ്ട്. കിണറുകളില്‍ രാസമാലിന്യം കലരുന്നതായി ശ്രദ്ധയില്‍പ്പെട്ടതായും കാട്ടൂര്‍ പഞ്ചായത്തിലെ ആരോഗ്യ വിഭാഗത്തിന് ഇത് സംബന്ധിച്ച് പരാതി നല്‍കിയതായും പഞ്ചായത്ത് അംഗം മോളി പിയൂസ് പറഞ്ഞു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന് പരാതി നല്‍കിയിട്ടുണ്ട്. കിണറില്‍ രാസമാലിന്യം കലരുന്നതില്‍ സമീപവാസികള്‍ ആശങ്കയിലാണെന്നും അവര്‍ പറഞ്ഞു. പരാതികള്‍ നല്‍കിയിട്ടും പഞ്ചായത്തധികൃതര്‍ വേണ്ടത്ര രീതിയില്‍ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.