പുളിക്കലച്ചിറ പാലം: നാലമ്പല ക്ഷേത്രദര്‍ശനം പ്രതിസന്ധിയില്‍, മന്ത്രി ഇടപെടണമെന്ന് ബിജെപി

നിര്‍മാണം നിര്‍ത്തി വച്ച പുളിക്കലച്ചിറ പാലം ബിജെപി നേതാക്കള്‍ സന്ദര്‍ശിക്കുന്നു.
ഇരിങ്ങാലക്കുട: നാലമ്പലത്തിലെ ഒരു പ്രധാന ക്ഷേത്രമായ പൂമംഗലം പഞ്ചായത്തിലെ പായമ്മല്‍ ശത്രുഘ്ന ക്ഷേത്രത്തിലേക്ക് പോകുന്ന റോഡ് നാലമ്പല ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ വാഹനങ്ങളുടെ അനിയന്ത്രിതമായ തിരക്ക് നിയന്ത്രിക്കാന്‍ വണ്‍വേ ആക്കുകയാണ് പതിവ്. ഇത് പൂമംഗലം പടിയൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുളിക്കലച്ചിറ പാലം നിര്‍മ്മിക്കുന്നതിനിടയില്‍ കോണ്‍ക്രീറ്റിംഗിലെ അപാകതയും ഉദ്യോഗസ്ഥരുടേയും കോണ്ട്രാക്ടറുടേയും കെടുകാര്യസ്ഥതയും കൊണ്ട് നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തി വെച്ചിരിക്കുകയാണ്. ബദല്‍ റോഡ് നിര്‍മ്മാണം മഴക്കാലത്ത് മുങ്ങി പോകുന്ന അവസ്ഥയിലാണ്.
ഭക്തര്‍ക്ക് അപകട ഭീഷണിയുമാണ് ഇവിടം സംസ്ഥാന തലത്തിലുള്ള ഉന്നത ഉദ്യോഗ സംഘം സ്ഥലം സന്ദര്‍ശിച്ച് ബദല്‍ റോഡ് ശാസ്ത്രീയമായി ഉടന്‍ നിര്‍മ്മിക്കേണ്ടതാണെന്ന് ബിജെപി ആവശ്യപ്പെട്ടു. ആയിരക്കണക്കിന് ബസ്സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് സുരക്ഷിതമായി കടന്നുപോകുവാനുള്ള സംവിധാനം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി തൃശൂര്‍ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആര് ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ജില്ല ജന.സെക്രട്ടറി കെ.പി ഉണ്ണികൃഷ്ണന്, മണ്ഡലം പ്രസിഡന്റ് ആര്‍ച്ച അനീഷ്,ജന. സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, ബിജെപി പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കോലാന്ത്ര, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ബിജോയ് കളരിക്കല്‍,പ്രഭാത് വെള്ളാപ്പിള്ളി, ശ്രീജിത്ത് മണ്ണായില്‍, നിഷ പ്രനീഷ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
പുളിക്കലച്ചിറ പാലം ബദല്ഗതാഗത സംവിധാനം കുറ്റമറ്റതാക്കണം -കോണ്‍ഗ്രസ്
പടിയൂര്‍: പുളിക്കലച്ചിറ പാലം പണി നിര്‍ത്തിവെച്ചതുമൂലം ഉണ്ടാകുന്ന യാത്രാദുരിതത്തിന് പരിഹാരമായി കുറ്റമറ്റരീതിയില്‍ ബദല്‍ സംവിധാനം ഒരുക്കണമെന്ന് സ്ഥലം സന്ദര്‍ശിച്ച കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. ആയിരക്കണക്കിന് ഭക്തര്‍ പായമ്മല്‍ ക്ഷേത്രത്തിലേക്ക് ഇതുവഴിയാണ് പോകുന്നത്. ചെറിയ ഗതാഗത തടസം പോലും നീണ്ട ഗതാഗതക്കുരുക്കിന് ഇടയാക്കാറുണ്ട്. അതിനാല്‍ ബദല്‍ സംവിധാനം റോഡിന്റെ ഉയരം പരമാവധി കൂട്ടിയും വളവു നിവര്‍ത്തിയും വെള്ളം ഒഴുകിപ്പോകുന്നതിന് പരമാവധി പൈപ്പുകള്‍ സ്ഥാപിച്ചും വേണം ചെയ്യാനെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. കാട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാറ്റോ കുരിയന്‍, ബ്ലോക്ക് മണ്ഡലം ഭാരവാഹികളായ എ.ഐ. സിദ്ധാര്ഥന, കെ.കെ. ഷൗക്കത്തലി, എം.സി. നീലാംബരന്‍, എ.എം. പ്രകാശന്, സി.കെ. ജമാല്‍ എന്നിവരാണ് സ്ഥലം സന്ദര്‍ശിച്ചത്.