പെര്‍മിറ്റ് വ്യവസ്ഥകള്‍ ലംഘിച്ച സ്വകാര്യ ബസ്സിനെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പിലെ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ്

പെര്‍മിറ്റ് വ്യവസ്ഥകള്‍ ലംഘിച്ച സ്വകാര്യ ബസിനെതിരെ മോട്ടോര്‍ വാഹന വകുപ്പിലെ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് നടപടി സ്വീകരിക്കുന്നു.
ഇരിങ്ങാലക്കുട: പെര്‍മിറ്റ് വ്യവസ്ഥകള്‍ ലംഘിച്ച സ്വകാര്യ ബസ്സിനെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പിലെ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ്. ഇരിങ്ങാലക്കുട കൊടുങ്ങല്ലൂര്‍ തൃപ്രയാര്‍ പുല്ലുര് ആനുരുളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന കിഴുത്താണി കുഞ്ഞിലിക്കാട്ടില്‍ മുരളിയുടെ ഉടമസ്ഥതയിലുള്ള ഹരിരാമ ബസിനെതിരെയാണ് പരാതികളുടെ അടിസ്ഥാനത്തില്‍ നടപടി എടുത്തത്. പുലര്‍ച്ചെ അഞ്ച് മണിക്ക് ഇരിങ്ങാലക്കടയില്‍ നിന്നും കൊടുങ്ങല്ലൂരിലേക്കും തിരിച്ച് വന്ന് പുല്ലൂര്‍ ആനുരുളിയിലേക്കും 8.15 ഓടെ തൃപ്രയാറിലേക്കും സര്‍വീസ് നടത്തേണ്ട വണ്ടി ആദ്യത്തെ രണ്ട് ട്രിപ്പുകള്‍ മുടക്കുന്നതായി എന്‍ഫോഴ്സ്മെന്റ് വിഭാഗം കണ്ടെത്തി.
വണ്ടി കിടന്നിരുന്ന ഉടമസ്ഥന്റെ വീട്ടില്‍ എത്തിയാണ് നടപടി സ്വീകരിച്ചത്. വണ്ടിക്ക് 10000 രൂപയും ട്രിപ്പ് ഷീറ്റ് ഇല്ലാത്തതിന്റെ പേരിലും ലൈസന്‍സ് പുതുക്കാത്തതിന്റെ പേരിലും കണ്ടക്ടര്‍ക്ക് 1000 രൂപയും പിഴ ചുമത്തിയിട്ടുണ്ട്. കണ്ടക്ടര്‍ യൂണിഫോമിലും ആയിരുന്നില്ല. ആദ്യ രണ്ട് ട്രിപ്പുകള്‍ ലാഭകരമല്ലെന്ന ന്യായമാണ് ബസ് ജീവനക്കാര്‍ പറഞ്ഞതെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും പെര്‍മിറ്റ് വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. എംവിഐ പി.വി. ബിജു, എഎംവിഐ കെ. വിപിന്‍ എന്നിവര്‍ നടപടികള്‍ക്ക് നേതൃത്വം നല്കി.