ഇരിങ്ങാലക്കുട, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്- ലളിത ബാലന് പ്രസിഡന്റ്, മോഹനന് വലിയാട്ടില് വൈസ് പ്രസിഡന്റ്
ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി ലളിത ബാലനെയും വൈസ് പ്രസിഡന്റായി മോഹനനെയും തെരഞ്ഞെടുത്തു. മുരിയാട് പഞ്ചായത്തിലെ കപ്പാറ ഡിവിഷനില് നിന്നാണ് ലളിത ബാലന് ബ്ലോക്ക് പഞ്ചായത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്മാരായ കെ.എസ്. രമേഷ് ലളിത ബാലനെ നിര്ദേശിക്കുകയും വി.എ. ബഷീര് പിന്താങ്ങുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വരണാധികാരി ജില്ലാ ലേബര് ഓഫീസര് പി.ആര്. രജീഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റായി കാറളം ഡിവിഷനില് നിന്നും വിജയിച്ച മോഹനന് വലിയാട്ടില് നെ തെരഞ്ഞെടുത്തു. 2005 മുതല് 2010 വരെയുള്ള കാലഘട്ടത്തില് ലളിത ബാലന് ബ്ലോക്ക് പഞ്ചായത്ത് മെമ്പറായും പ്രവര്ത്തിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുടയെ സ്ത്രീ സൗഹൃദ ബ്ലോക്ക് പഞ്ചായത്താക്കി മാറ്റുമെന്നും സ്ത്രീകളുടെയും കുട്ടികളുടെയും ആവശ്യങ്ങള് നിറവേറ്റുകയും അവരുടെ ഉന്നമനത്തിനായി പ്രവര്ത്തിക്കുകയും അവരെ സ്വയംപര്യാപ്തരാക്കുകയുമാണു ലക്ഷ്യമെന്നും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടശേഷം ലളിതാ ബാലന് പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തിനു കീഴില് കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില് ചെറുകിട കുടിവെള്ള പദ്ധതികള് കൊണ്ടുവരും. കൂടാതെ നാടിന്റെ അടിസ്ഥാന വികസനത്തിനും, കാര്ഷികം, വനിതാ ശിശു വികസനം, വിദ്യാഭ്യാസം, ആരോഗ്യം, ഭവന നിര്മാണം തുടങ്ങിയ എല്ലാ മേഖലകളിലും തുല്യ പ്രാധാന്യത്തോടെ സമഗ്രമായ വികസന പ്രവര്ത്തനങ്ങള് കൊണ്ടുവരും. ത്രിതല പഞ്ചായത്തുകളെയും സംയോജിപ്പിച്ചുള്ള വികസന പദ്ധതികള് നടപ്പിലാക്കാനാണ് ലളിതാ ബാലന്റെ നേതൃത്വത്തില് അധികാരമേല്ക്കുന്ന ഭരണസമതി ലക്ഷ്യമിടുന്നത്.
വെള്ളാങ്കല്ലൂര് ബ്ലോക്ക് പഞ്ചായത്ത്- വിജയലക്ഷ്മി വിനയചന്ദ്രന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സുധ ദിലീപ്
ഇരിങ്ങാലക്കുട: വെള്ളാങ്കല്ലൂര് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി വിജയലക്ഷ്മി വിനയചന്ദ്രനെയും വൈസ് പ്രസിഡന്റായി സുജന ബാബുവിനെയും തെരഞ്ഞെടുത്തു. മുന് വെള്ളാങ്കല്ലൂര് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്കുമാര്, പഞ്ചായത്തംഗം ഉണ്ണികൃഷ്ണന് കുറ്റിപ്പറമ്പില് എന്നിവര് പിന്താങ്ങി. 2015 മുതല് കല്ലംകുന്ന് ഡിവിഷനിലെ മെമ്പറായിരുന്നു വിജയലക്ഷ്മി. ഈ വര്ഷവും അതേ ഡിവിഷനില് നിന്നാണു വിജയിച്ചത്. ബ്ലോക്ക് പഞ്ചായത്ത് ഹാളില് നടന്ന സത്യപ്രതിജ്ഞാ ചടങ്ങില് വരണാധികാരിയായ പട്ടികജാതി വികസന ഓഫീസര് സന്ധ്യ സത്യവാചകം ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്ത സുധ ദിലീപ് എടതിരിഞ്ഞി ഡിവിഷനില് നിന്നാണു വിജയിച്ചത്.
ഇരിങ്ങാലക്കുട ബ്ലോക്കിലും കാറളത്തും എതിരില്ലാതെ
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിലും കാറളം ഗ്രാമപഞ്ചായത്തിലും പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാര് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബ്ലോക്ക് പഞ്ചായത്തിലും കാറളത്തും യുഡിഎഫിനും ഓരോ അംഗമാണ് ഉള്ളത്. കാറളത്ത് എന്ഡിഎയ്ക്ക് രണ്ടംഗങ്ങളുണ്ടെങ്കിലും വോട്ടെടുപ്പില് പങ്കെടുത്തില്ല. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി സിപിഎം അംഗം ലളിത ബാലനേയും വൈസ് പ്രസിഡന്റായി മോഹനന് വലിയാട്ടിലിനെയും തെരഞ്ഞെടുത്തു. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സീമ പ്രേംരാജും വൈസ് പ്രസിഡന്റായി ടി.എസ്. ശശികുമാറും തെരഞ്ഞെടുക്കപ്പെട്ടു. കാട്ടൂര് പഞ്ചായത്തില് യുഡിഎഫിലെ അംബുജം രാജനെ നാലിനെതിരെ ഒമ്പതു വോട്ടുകള്ക്കു തോല്പ്പിച്ച് സിപിഎമ്മിലെ ഷീജ പവിത്രന് പ്രസിഡന്റായി. പഞ്ചായത്തിലെ ഏക ബിജെപി അംഗം വിട്ടുനിന്നു. യുഡിഎഫിലെ സ്വപ്ന അരുണ് ജോയിയെ നാലിനെതിരെ ഒമ്പതു വോട്ടുകള്ക്കു സി.സി. സന്ദീപ് പരാജയപ്പെടുത്തി വൈസ് പ്രസിഡന്റായി. പടിയൂര് പഞ്ചായത്തില് എന്ഡിഎ അംഗം നിഷ പ്രനീഷിനെ നാലിനെതിരെ എട്ടു വോട്ടുകള്ക്കു പരാജയപ്പെടുത്തി സിപിഐയിലെ ലത സഹദേവന് പ്രസിഡന്റായി. എന്ഡിഎ അംഗം ശ്രീജിത്ത് മണ്ണായിലിനെ നാലിനെതിരെ എട്ടു വോട്ടുകള്ക്കു പരാജയപ്പെടുത്തി കെ.വി. സുകുമാരന് വൈസ് പ്രസിഡന്റായി. പൂമംഗലം പഞ്ചായത്തില് യുഡിഎഫ് അംഗം കത്രീന ജോര്ജിനെ നാലിനെതിരെ ഏഴു വോട്ടുകള്ക്കു തോല്പ്പിച്ച് കെ.എസ്. തമ്പി പ്രസിഡന്റായി. യുഡിഎഫ് അംഗം ജൂലി ജോയിയെ തോല്പ്പിച്ച് കവിത സുരേഷ് വൈസ് പ്രസിഡന്റായി.