നൂറ് തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാനുളള പദ്ധതിയുമായി മുരിയാട് ഗ്രാമപഞ്ചായത്ത്
മുരിയാട്: സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍ സംരംഭകത്വ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി മുരിയാട് ഗ്രാമപഞ്ചായത്തില്‍ 100 പുതിയ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാനുളള തയാറെടുപ്പുകള്‍ ആരംഭിച്ചു. പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് നടന്ന സംരംഭകത്വ ശില്പശാലയില് 150 ഓളം പേര് സംരംഭകങ്ങള്‍ തുടങ്ങാനുളള താല്പര്യവുമായി പങ്കെടുത്തു. വിവിധ തരത്തിലുളള തൊഴില്‍ സാധ്യതകള്‍, അതിനു വേണ്ടതായ സാമ്പത്തിക സ്രോതസുകള്‍, സാങ്കേതിക സഹായം, ലൈസന്‍സുകള്‍, സബ്സിഡികള്‍, വിപണനതന്ത്രങ്ങള്‍, ധനകാര്യ മാനേജ്മെന്റ് എന്നീ കാര്യങ്ങളെ സംബന്ധിച്ചായിരുന്നു ശില്പശാലയില് ചര്‍ച്ച ചെയ്തത്. ശില്പശാല പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സരിത സുരേഷ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ ചെയര്മാന് രതി ഗോപി, ആരോഗ്യ വിദ്യാഭ്യാസ ചെയര്മാന് കെ.യു. വിജയന്, പഞ്ചായത്തംഗങ്ങളായ തോമസ് തൊകലത്ത്, സുനില്‍കുമാര്‍, നിജി, വൃന്ദകുമാരി, ജിനി, ശ്രിജിത്ത്, നിഖിത, മനീഷ, റോസ്മി, മണി നിത, സെക്രട്ടറി പി. പ്രജീഷ് എന്നിവര്‍ പ്രസംഗിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ പി.എസ്. പ്രദീപ് ക്ലാസുകള്‍ നയിച്ചു. സൗത്ത് ഇന്ത്യന്‍ ഓവര്‍ ബാങ്ക് മാനേജര്‍ ഏയ്ഞ്ചല, മുരിയാട് സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി അനിയന്, ഇന്ത്യന്‍ ഓവര്‍ ബാങ്ക് മാനേജര്‍ അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ഭരണസമിതി അംഗം സേവിയര്‍ ആളൂക്കാരന്‍ സ്വാഗതവും വ്യവസായ വാണിജ്യ വകുപ്പ് പ്രതിനിധി കെ.ആര്. ഹണി രാജ് നന്ദിയും പറഞ്ഞു.