മൂന്നു കൊലപാതക ശ്രമം: നാലു പ്രതികള്‍ പിടിയില്‍
ഇരിങ്ങാലക്കുട: മൂന്നു കൊലപാതക ശ്രമങ്ങളില്‍ പ്രതികളായ നാലു പേര് പിടിയില്‍. ഇടുക്കി കഞ്ഞിക്കുഴി പ്ലാമൂട്ടില്‍ വീട്ടില്‍ ആനന്ദ് (23), കരൂപ്പടന്ന കടലായി സ്വദേശി വെള്ളാങ്കല്ലൂക്കാരന് വീട്ടില്‍ പ്രാഞ്ചി എന്ന വിഷ്ണു (20), കൊടുങ്ങല്ലൂര്‍ അഞ്ചപ്പാലം സ്വദേശി അടിമപ്പറമ്പില്‍ വീട്ടില്‍ കീടാണു എന്ന ഷിഫാസ് (18), പുത്തന്‍ചിറ വെള്ളൂര്‍ സ്വദേശി അരീപ്പുറത്ത് വീട്ടില്‍ ഇമ്പി എന്ന അഫ്സല് (22) എന്നിവരെയാണു തൃശൂര്‍ റൂറല്‍ എസ്പി ആര്. വിശ്വനാഥിന്റെ നിര്‍ദേശാനുസരണം ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്‍ഗീസിന്റെ പ്രത്യേക അന്വേഷണ സംഘം സിഐ എം.ജെ. ജിജോയുടെ നേതൃത്വത്തില്‍ പിടികൂടിയത്. മയക്കുമരുന്ന് കേസടക്കം നിരവധി കേസുകളുളള മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ സംഘം മൂന്നു കൊലപാതക ശ്രമക്കേസുകളാണു അവസാനമായി ഉണ്ടാക്കിയിട്ടുള്ളത്. സ്ഥിരമായി ഒരിടത്ത് താമസിക്കാതെ അഢംബര ബൈക്കുകളില്‍ കറങ്ങി നടക്കുന്ന ഇവര്‍ ഒരു വര്‍ഷത്തോളമായി ഒളിവിലായിരുന്നു. വെള്ളിക്കുളങ്ങര മോനടിയില്‍ ഇവര്‍ കാട്ടുപ്രദേശത്തെ ഒരു വീട്ടില്‍ ഉണ്ടെന്നു റൂറല്‍ എസ്പി വിശ്വനാഥിനു വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണസംഘം അതിസാഹസികമായി പിടികൂടുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘത്തില്‍ എസ്ഐ പി.ജി. അനൂപ്, എഎസ്ഐ ശിവദാസന്‍, സിപിഒമാരായ അനൂപ് ലാലന്, വൈശാഖ് മംഗലന്‍, ഷാനവാസ്, രാജേഷ്, സുധീഷ് എന്നിവരാണു ഉണ്ടായിരുന്നത്.