മണ്ഡലത്തില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു
സര്‍ഗശേഷിയെ മരവിപ്പിക്കാനുള്ള ഗൂഢവും ആസൂത്രിതവുമായ ശ്രമങ്ങളെ കൂട്ടായി പ്രതിരോധിക്കാന്‍ വിദ്യാര്‍ഥി സമൂഹം തയാറാകണമെന്ന് മന്ത്രി ഡോ.ആര്. ബിന്ദു.
ഇരിങ്ങാലക്കുട: വിദ്യാര്‍ഥികളുടെ സര്‍ഗശേഷിയെയും പ്രജ്ഞയെയും മയക്കാനും മരവിപ്പിക്കാനും നടക്കുന്ന ഗൂഢമായ ശ്രമങ്ങളെ കൂട്ടായി പ്രതിരോധിക്കാന്‍ വിദ്യാര്‍ഥി സമൂഹം തയാറാകണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്. ബിന്ദു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ ക്രൈസ്റ്റ് കോളജില്‍ നടന്ന ഡ്രഗ് ഫ്രീ ഇന്ത്യ കാമ്പയിന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പുത്തന്‍ സാങ്കേതിക വിദ്യയോടൊപ്പം സഞ്ചരിച്ചില്ലെങ്കില്‍ പുറന്തള്ളപ്പെടുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോംഗ്രെ അധ്യക്ഷത വഹിച്ചു.
ചലച്ചിത്രതാരം ടോവിനോ തോമസ്, ഒളിമ്പ്യന്‍ ലിജോ ഡേവിഡ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.കെ. ഷൈജു ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ലഹരി വിരുദ്ധ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് വാഹനറാലി നടത്തി. വാഹന റാലിയുടെ ഫഌഗ് ഓഫ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. ചടങ്ങില്‍ ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ. ഫാ. ജോളി ആന്‍ഡ്രൂസ്, മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, വൈസ് പ്രിന്‍സിപ്പല്‍ ഷീബ വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.