നാടും ജനപ്രതിനിധികളും കൈകോര്‍ത്തു. കേരളത്തിലെ ആദ്യ സ്മാര്‍ട്ട് അങ്കണവാടി ഊരകത്ത്
ശിലാസ്ഥാപനം നാളെ
ഇരിങ്ങാലക്കുട: വനിതാ ശിശു വികസന വകുപ്പിനു വേണ്ടി സംസ്ഥാന നിര്‍മിതി കേന്ദ്രം രൂപകല്പന ചെയ്ത സ്മാര്‍ട്ട് അങ്കണവാടികളില്‍ ആദ്യത്തേതിനു ഒക്ടോബർ 5 ന് മുരിയാട് പഞ്ചായത്തിലെ ഊരകത്തു ശിലാസ്ഥാപനം. ഉച്ചതിരിഞ്ഞു രണ്ടിനു ടി.എന്‍. പ്രതാപന് എംപി ശിലാസ്ഥാപനം നിര്‍വഹിക്കും. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരിത സുരേഷ് അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനോജ്കുമാര്‍ മുഖ്യാതിഥിയായിരിക്കും. ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി, പഞ്ചായത്തംഗങ്ങളായ എം.കെ. കോരുക്കുട്ടി, ടെസി ജോഷി എന്നിവര്‍ പ്രസംഗിക്കും. ഇരിങ്ങാലക്കുട ബ്ലോക്കിലെ 99-ാം നമ്പര്‍ അങ്കണവാടിയാണു സ്മാര്‍ട്ട് അങ്കണവാടിയായി നിര്‍മിക്കുന്നത്. അങ്കണവാടിക്കായി സ്ഥലം വിട്ടു നല്കി താര മഹിളാ സമാജം അംഗങ്ങള്‍ മാതൃകയായി. കഴിഞ്ഞ 43 വര്‍ഷമായി തങ്ങളുടെ കൈവശമുണ്ടായിരുന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന ഏഴര സെന്റ് സ്ഥലമാണു നാട്ടിലെ കുഞ്ഞുങ്ങളുടെ ഭാവിക്കായി ഇവര്‍ സൗജന്യമായി നല്‍കിയത്. ഈ അങ്കണവാടി തുടക്കം മുതലേ താര മഹിളാസമാജത്തിന്റെ കെട്ടിടത്തിലാണു സൗജന്യമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. മഹിളാസമാജത്തിനു നേരത്തെ സ്ഥലം സംഭാവനയായി നല്കിയ തൊമ്മാന ദേവസി അന്തോണിയുടെ കുടുംബം ഇതോടു ചേര്‍ന്നു രണ്ടര സെന്റ് സ്ഥലം കൂടി സൗജന്യമായി നല്‍കിയതോടെ അങ്കണവാടിക്കു ആകെ 10 സെന്റ് സ്ഥലം സ്വന്തമായി. ഇതിന്റെ രേഖകള്‍ മഹിളാസമാജത്തിന്റെ പ്രഥമ പ്രസിഡന്റും സ്ഥലയുടമയുമായ ലീല അന്തോണിയും ഇപ്പോഴത്തെ പ്രസിഡന്റ് സോഫിയ ഇട്ട്യേരയും ചേര്‍ന്നു ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളിക്കു കൈമാറി. സമാജം സെക്രട്ടറി ജിനി ജോസ്, ഭാരവാഹികളായ വില്‍സണ്‍ പോട്ടക്കാരന്‍, ടെസി ബേബി, സെലീന ജോസ് എന്നിവര്‍ സന്നിഹിതരായി. കെട്ടിട നിര്‍മാണത്തിനാവശ്യമായ 35.30 ലക്ഷം രൂപ ടി.എന്‍. പ്രതാപന് എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നുമാണു അനുവദിച്ചിട്ടുള്ളത്. അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ 14.70 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്തും വകയിരുത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലും നൂറു ശതമാനം നികുതി നല്‍കിയതിനു 10, 11 വാര്‍ഡുകള്‍ക്കു ലഭിച്ച അവാര്‍ഡ് തുകയായ പത്തു ലക്ഷം രൂപ ഉപയോഗിച്ചു അങ്കണവാടിയോടു ചേര്‍ന്ന് മിനി ചില്‍ഡ്രന്‍സ് പാര്‍ക്കും നിര്‍മിക്കും. തൃശൂര്‍ നിര്‍മിതി കേന്ദ്രത്തിനാണു നിര്‍മാണ ചുമതല.